എഫ്ഡിഐ ഒഴുക്ക് കുറഞ്ഞു; രേഖപ്പെടുത്തിയത് 7% വാര്‍ഷിക ഇടിവ്

എഫ്ഡിഐ ഒഴുക്ക് കുറഞ്ഞു; രേഖപ്പെടുത്തിയത് 7% വാര്‍ഷിക ഇടിവ്
  • നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 33.49 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലേക്കെത്തിയത്
  • 2017-2018 ഏപ്രില്‍-ഡിസംബറില്‍ 35.94 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ രേഖപ്പെടുത്തിയിരുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) ഒഴുക്ക് കുറയുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തിനിടെ 33.49 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്കെത്തിയത്. ഏഴ് ശതമാനം വാര്‍ഷിക ഇടിവാണ് ഇക്കാലയളവില്‍ എഫ്ഡിഐയില്‍ രേഖപ്പെടുത്തിയതെന്നും വാണിജ്യ മന്ത്രാലയം പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബറില്‍ (2017-2018) 35.94 ബില്യണ്‍ ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപമാണ് രാജ്യത്തേക്കെത്തിയത്. വിദേശ നിക്ഷേപത്തിലുണ്ടായ കുറവ് ഇന്ത്യയുടെ ബിഒപി പ്രവര്‍ത്തനങ്ങളില്‍ സമ്മര്‍ദം ചെലുത്താനും രൂപയുടെ മൂല്യത്തെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ഒന്‍പത് മാസത്തിനിടെ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനയത് കെമിക്കല്‍ മേഖലയ്ക്കാണ്. 6.05 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇക്കാലയളവില്‍ വിദേശ നിക്ഷേപകര്‍ മേഖലയിലേക്ക് ഒഴുക്കിയത്.

സേവന മേഖലയ്ക്ക് 5.91 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാനായി. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ വിഭാഗത്തിലേക്ക് 4.75 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഏപ്രില്‍-ഡിസംബറില്‍ ഒഴുക്കിയത്. ടെലികോം മേഖലയ്ക്ക് 2.29 ബില്യണ്‍ ഡോളറിന്റെയും വ്യാപാര രംഗത്തിന് 2.33 ബില്യണ്‍ ഡോളറിന്റെയും ഓട്ടോമൊബീല്‍ വ്യവസായ മേഖലയ്ക്ക് 1.81 ബില്യണ്‍ ഡോളറിന്റെയും നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഏപ്രില്‍-ഡിസംബറിലെ ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപ സ്രോതസ്സ് സിംഗപ്പൂരാണ്. 12.97 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സിംഗപ്പൂരില്‍ നിന്നും രാജ്യത്തേക്കൊഴുകിയത്. ഇക്കാലയളവില്‍ മൗറീഷ്യസില്‍ നിന്നുള്ള നിക്ഷേപകര്‍ രാജ്യത്ത് ആറ് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി. നെതര്‍ലന്‍ഡ്‌സില്‍ നിന്ന് 2.95 ബില്യണ്‍ ഡോളറിന്റെയും ജപ്പാനില്‍ നിന്ന് 2.21 ബില്യണ്‍ ഡോളറിന്റെയും നിക്ഷേപമാണ് ഇന്ത്യയുടെ വിവിധ മേഖലകളിലേക്ക് എത്തിയത്. യുഎസ് 2.34 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഏപ്രില്‍-ഡിസംബറില്‍ നടത്തിയപ്പോള്‍ യുകെ 1.05 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇക്കാലയളവില്‍ രാജ്യത്തേക്കൊഴുക്കിയത്.

Categories: Business & Economy
Tags: FDI