രൂപകല്‍പ്പനാ സൗന്ദര്യം വെളിപ്പെടുത്തി ഇലക്ട്രിക് ക്വിഡ്

രൂപകല്‍പ്പനാ സൗന്ദര്യം വെളിപ്പെടുത്തി ഇലക്ട്രിക് ക്വിഡ്

റെനോയുടെ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് ക്വിഡ് നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി : റെനോ ക്വിഡ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഡിസൈന്‍ ചിത്രങ്ങള്‍ ചോര്‍ന്നു. വരാനിരിക്കുന്ന ഇലക്ട്രിക് ക്വിഡ് ഏതുവിധത്തിലും രൂപത്തിലുമായിരിക്കുമെന്ന് വെളിപ്പെടുത്തുന്നതാണ് റെന്‍ഡറിംഗ് ചിത്രങ്ങള്‍. 2018 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച റെനോയുടെ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് ക്വിഡ് നിര്‍മ്മിക്കുന്നത്. പെട്രോള്‍ ക്വിഡിനേക്കാള്‍ വളരെയധികം സ്‌റ്റൈലിംഗ് മാറ്റങ്ങളോടെയായിരിക്കും ഇലക്ട്രിക് ക്വിഡ് വിപണിയിലെത്തുന്നത്.

പരിസ്ഥിതി സൗഹൃദ ഹാച്ച്ബാക്ക് ചൈനയില്‍ പരീക്ഷിക്കുന്നതായി ദിവസങ്ങള്‍ക്കുമുമ്പ് കണ്ടെത്തിയിരുന്നു. പുതിയ ഗ്രില്‍, ബംപര്‍ ഡിസൈന്‍ എന്നിവ ഇലക്ട്രിക് ക്വിഡിന് പുതുമ നല്‍കും. ഹെഡ്‌ലാംപുകള്‍ എല്‍ഇഡിയാണെന്ന് തോന്നുന്നു. പിന്‍വശത്താണെങ്കില്‍ പരിഷ്‌കരിച്ച ടെയ്ല്‍ലാംപുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബംപര്‍ എന്നിവ കാണാം. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഡോംഗ്‌ഫെംഗ് മോട്ടോര്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് റെനോ ക്വിഡിനായി ഇലക്ട്രിക് പവര്‍ട്രെയ്ന്‍ വികസിപ്പിക്കുന്നത്.

റെനോ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് കാര്‍ 250 കിലോമീറ്റര്‍ റേഞ്ച് തരുമെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇലക്ട്രിക് ക്വിഡ് പുറത്തിറങ്ങുമ്പോള്‍ ഡ്രൈവിംഗ് റേഞ്ച് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. റെനോ ക്വിഡ് ഇവി ആദ്യം അവതരിപ്പിക്കുന്നത് ചൈനീസ് വിപണിയിലായിരിക്കും. 2022 ലായിരിക്കും റെനോ ക്വിഡ് ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. മധ്യ ചൈനയിലെ ഷിയാനിലുള്ള ഡോംഗ്‌ഫെംഗിന്റെ നിര്‍മ്മാണ ശാലയില്‍ റെനോ ക്വിഡ് ഇവി നിര്‍മ്മിക്കും. പ്രതിവര്‍ഷം 1.20 ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് ഈ ഫാക്റ്ററി.

Categories: Auto