ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്താന്‍ പദ്ധതിയില്ല

ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്താന്‍ പദ്ധതിയില്ല

എമ്മാര്‍ സര്‍ക്കുലറെന്ന പേരില്‍ ഓണ്‍ലൈനായി പ്രചരിക്കുന്നത് വ്യാജ റിപ്പോര്‍ട്ട്

ദുബായ്: ഡിജിറ്റല്‍ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായിലെ ഏറ്റവും വലിയ കെട്ടിട നിര്‍മ്മാതാക്കളായ എമ്മാര്‍ പ്രോപ്പര്‍ട്ടീസ്. ഡിജിറ്റല്‍ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ സ്വീകരിക്കില്ലെന്ന് എമ്മാര്‍ വക്താവ് വ്യക്തമാക്കി. യുഎഇ ദിര്‍ഹം, യുഎസ് ഡോളര്‍ എന്നിങ്ങനെ സര്‍ക്കാര്‍ പുറത്തിറക്കുന്ന കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും കമ്പനി വക്താവ് അറിയിച്ചു.

സ്വിറ്റ്‌സര്‍ലന്റിലെ ഇടപാടുകാര്‍ മുഖേന ബിറ്റ്‌കോയിന്‍, എത്തിറിയം തുടങ്ങിയ ഡിജിറ്റല്‍ കറന്‍സികള്‍ സ്വീകരിക്കുമെന്ന ഉള്ളടക്കത്തിലുള്ള സര്‍ക്കുലര്‍ ഓണ്‍ലൈനായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എമ്മാര്‍ രംഗത്ത് വന്നിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കായി എമ്മാര്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ എന്ന നിലയിലാണ് റിപ്പോര്‍ട്ടുകളായും ബ്ലോഗുകളായും വാര്‍ത്ത പ്രചരിക്കുന്നത്.

2017 ഡിസംബറില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗ് ഗ്രൂപ്പിന്റെ ഭാഗമായ മാഗ് ലൈഫ്‌സ്റ്റെല്‍ ഡെവലപ്‌മെന്റ് ‘വണ്‍ഗ്രാം’ മുഖേനയുള്ള ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ അനുവദിച്ചിരുന്നു. ആദ്യത്തെ ശരിയ അംഗീകൃത ക്രിപ്‌റ്റോ കറന്‍സിയാണ് വണ്‍ഗ്രാം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ സ്വത്തുവകകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരമായാണ് മാഗ് ലൈഫ്‌സ്റ്റൈല്‍ ഈ നീക്കത്തെ വിശദീകരിച്ചത്.

സെപ്റ്റംബറില്‍ അബുദബി ആസ്ഥാനമായുള്ള ഇംകാന്‍ പ്രോപ്പര്‍ട്ടീസ് ക്രിപ്‌റ്റോ കറന്‍സി മുഖേനയുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെ കുറിച്ച് ആലോചിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ പണമിടപാട് പദ്ധതികളുടെ ഭാഗമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുമെന്നാണ് കമ്പനി സിഇഒ ആയ വാലിദ് ഇല്‍ ഹിന്ദി പറഞ്ഞത്.

Categories: Arabia