ഡിജിറ്റല്‍ ബിസിനസുകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്

ഡിജിറ്റല്‍ ബിസിനസുകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്

നിലവില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 200 മില്യണ്‍ ഡോളറാണ്

ന്യൂഡെല്‍ഹി: 2025ഓടെ ഇന്ത്യയെ ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിന് പ്രവര്‍ത്തന ചെലവ് കുറച്ച് ഡിജിറ്റല്‍ ബിസിനസിലുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ഇന്നൊവേഷന്‍ വര്‍ധിപ്പിക്കുകയും വേണമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം മകിന്‍സെ&കമ്പനിയുമായി ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുംബൈയില്‍ നടന്ന നാസ്‌കോം ടെക്‌നോളജി ലീഡര്‍ഷിപ്പ് ഉച്ചക്കോടിയിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

നിലവില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 200 മില്യണ്‍ ഡോളറാണ്. പതിവ് ബിസിനസ് രീതിയില്‍ നിന്നും ഡിജിറ്റല്‍ പാതയിലേക്കുള്ള മാറ്റം അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 500-650 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ത്താന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുപുറമെ തുറന്ന എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ്) സംവിധാനത്തിന് സൗകര്യമൊരുക്കുന്നതും സര്‍ക്കാര്‍ നടപടികളിലൂടെ ഡിജിറ്റല്‍ ഇന്നൊവേറ്റര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതും എഐ പോലുള്ള നൂതന സാങ്കേതികവിദ്യകളിലുള്ള ഇന്നൊവേഷനുകളും ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിക്കുമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.

2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ വലിയ രീതിയിലുള്ള ഡിജിറ്റല്‍ സ്വീകാര്യതയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളും മൊബീല്‍ വ്യാപനവും ഡിജിറ്റല്‍ സ്വീകാര്യത വര്‍ധിക്കാന്‍ കാരണമായി. ഇക്കാലയളവില്‍ 1.22 ബില്യണ്‍ ആളുകളാണ് ആധാറില്‍ എന്റോള്‍ ചെയ്തത്. 870 മില്യണ്‍ ആധാര്‍ നമ്പറുകള്‍ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടു. പ്രതിദിനം 98 മില്യണ്‍ ഇ-ഗവണ്‍മെന്റ് ഇടപാടുകളാണ് 2013-2018 കാലയളവില്‍ രാജ്യത്ത് നടന്നത്. ഇതിനുമുന്‍പ് പ്രതിദിനം ഇത്തരം 6.5 മില്യണ്‍ ഇടപാടുകള്‍ നടന്ന സ്ഥാനത്താണിതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

വിവരസാങ്കേതികവിദ്യയുടെ പരിധിക്കുമപ്പുറമാണ് ഡിജിറ്റല്‍ ഇന്ത്യയുടെ സാധ്യതകളെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഏകദേശം അര ബില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഡിജിറ്റല്‍ സേവനങ്ങളും പ്ലാറ്റ്‌ഫോമുകളും ആപ്ലിക്കേഷനുകളും ഉള്ളടക്കങ്ങളും സൊലൂനുകളും വികസിപ്പിക്കുന്നതിനുള്ള വലിയ വിപണി ഇത് സൃഷ്ടിക്കുമെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 2025ഓടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യയുടെ മൊത്തം സാമ്പത്തിക മൂല്യത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടാകും. ആഗോള-പ്രാദേശിക ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും എഐയും ബ്ലോക്‌ചെയിനും പോലുള്ള നൂതന സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താനുള്ള ആകര്‍ഷകമായ അവസരങ്ങള്‍ രാജ്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy