ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ, വീട്ടിലെത്തിക്കാന്‍ ഡെലിവെറോ റെഡി

ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ, വീട്ടിലെത്തിക്കാന്‍ ഡെലിവെറോ റെഡി

ആഗോള തലത്തില്‍ വളരെ പെട്ടന്ന് വ്യാപിച്ച ഡെലിവെറോയുടെ 140ാം വിപണിയാണ് കുവൈറ്റ്

കുവൈറ്റ് ആഗോള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസായ ഡെലിവറോ ഇനി മുതല്‍ കുവൈറ്റിലും. ആയിരത്തോളം റെസ്‌റ്റോറന്റുകളെ കോര്‍ത്തിണക്കി കുവൈറ്റിലെ വളരെ ബൃഹത്തായ ഭക്ഷണ വിതരണ ശൃംഖലാകാനാണ് ഡെലിവറോ ഒരുങ്ങുന്നത്. കുവൈറ്റില്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാമെന്നും ഓര്‍ഡര്‍ ചെയ്ത് 30 മിനിറ്റിനുള്ളില്‍ ഭക്ഷണം വീട്ടുപടിക്കലെത്തുമെന്നും ഡെലിവെറോ അറിയിച്ചു.

ഡെലിവറോയുടെ 140ാം വിപണിയാണ് കുവൈറ്റ്. ഫൈവ് ഗൈയ്‌സ്, സത്താര്‍ ആന്‍ഡ് സെയ്ത്, ഷെയ്ക്ക് ഷാക്ക് എന്നിവ ഉള്‍പ്പടെ കുവൈറ്റിലെ 900 റെസ്റ്റോറന്റുകളുമായി സഹകരിച്ചാണ് ഡെലിവറോ സേവനം ആരംഭിക്കുന്നത്. ആഗോളതലത്തില്‍ 80,000 റെസ്‌റ്റോറന്റുകളും 60,000 റൈഡര്‍മാരും ഉള്‍പ്പെടുന്ന ഡെലിവറോ ശൃംഖലയുടെ പുതിയ വിപണിയില്‍ കുവൈറ്റ് പൗരനായ സെഹാം അല്‍ ഹുസൈനിയെ ആണ് ജനറല്‍ മാനേജരായി നിയമിച്ചിരിക്കുന്നത്.

കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രാദേശിക രുചിഭേദങ്ങളുടെ ആവേശമുണര്‍ത്തുന്ന വിപണിയാണ് കുവൈറ്റെന്നും കമ്പനി സിഇഒ വില്യം ഷു പറഞ്ഞു. കുറഞ്ഞ നിരക്കില്‍ മികച്ച രുചിഭേദങ്ങളും സേവനങ്ങളും കുവൈറ്റില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2013ല്‍ വില്യം ഷു, ഗ്രെഗ് ഒര്‍ലോവ്‌സ്‌കി എന്നിവരാണ് ഡെലിവറോ ഡെലിവറി സര്‍വ്വീസ് ആരംഭിച്ചത്. വളരെ പെട്ടന്ന് ആഗോള വിതരണ രംഗത്ത് പേരെടുത്ത ഡെലിവറോ കുറഞ്ഞ കാലം കൊണ്ട് യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ തായ്‌വാനിലും ഡെലിവെറോ സേവനം ആരംഭിച്ചിരുന്നു. ലണ്ടന്‍ ആണ് കമ്പനിയുടെ ആസ്ഥാനം. ഓസ്‌ട്രേലിയ, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മിനി, ഹോങ്കോങ്, ഇറ്റലി, അയര്‍ലന്റ്, നെതര്‍ലന്റ്, സിംഗപ്പൂര്‍, സ്‌പെയിന്‍, തായ്‌വാന്‍, യുഎഇ, കുവൈറ്റ്, യുകെ എന്നീ രാജ്യങ്ങളിലെ 14 വിപണികളിലായി 500ഓളം നഗരങ്ങളില്‍ ഡെലിവറോ സേവനം നടത്തുന്നുണ്ട്.

Categories: Arabia