16 മാസത്തിനിടെ സൃഷ്ടിക്കപ്പെട്ടത് 72.32 ലക്ഷം തൊഴിലുകള്‍

16 മാസത്തിനിടെ സൃഷ്ടിക്കപ്പെട്ടത് 72.32 ലക്ഷം തൊഴിലുകള്‍

ഡിസംബറില്‍ മാത്രം 7.16 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായും ഇപിഎഫ്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ പതിനാറ് മാസത്തിനിടെ രാജ്യത്ത് 72.32 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). 2017 സെപ്റ്റംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷ സ്‌കീമില്‍ പുതിയതായി ചേര്‍ന്ന വരിക്കാരുടെ എണ്ണമാണിത്.

ഡിസംബറില്‍ മാത്രം 7.16 ലക്ഷം തൊഴിലവസരങ്ങളാണ് രാജ്യത്തെ ഔദ്യോഗിക മേഖലയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 16 മാസത്തിനിടെ തൊഴിലവസരങ്ങളിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. 2017 ഡിസംബറില്‍ 2.37 ലക്ഷം തൊഴിലവസരങ്ങളാണ് ഔപചാരിക മേഖലയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നതെന്നും ഇപിഎഫ്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 18-21 വയസ് പ്രായമുള്ളവരുടെ വിഭാഗത്തില്‍ മൊത്തം 2.17 ലക്ഷം തൊഴിലുകളാണ് പുതിയതായി സൃഷ്ടിക്കപ്പെട്ടത്. 22-25 വയസ് പ്രായമുള്ളവരുടെ വിഭാഗത്തില്‍ 2.03 ലക്ഷം തൊഴിലവസരങ്ങളും ഇക്കാലയളവില്‍ സൃഷ്ടിക്കപ്പെട്ടു.

അതേസമയം, നവംബറിലെ തൊഴില്‍ കണക്കുകളില്‍ ഇപിഎഫ്ഒ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. 5.80 ലക്ഷം തൊഴിലവസരങ്ങള്‍ നവംബറില്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതായാണ് ഇപിഎഫ്ഒയുടെ പുതിയ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 7.16 ലക്ഷം ആളുകള്‍ക്ക് പുതിയതായി ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്താണിത്. 2017 സെപ്റ്റംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള 15 മാസത്തിനിടയിലെ കണക്കുകളിലും ഇപിഎഫ്ഒ മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ 73.50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ പ്രതീക്ഷിച്ച സ്ഥാനത്ത് 65.15 ലക്ഷം തൊഴിലുകളാണ് സൃഷ്ടിക്കാനായതെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 മാര്‍ച്ചിലാണ് ഏറ്റവും കുറവ് തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 55,831 പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് 5,498 പേരാണ് ഇക്കാലയളവില്‍ ഇപിഎഫ്ഒ സാമൂഹിക സുരക്ഷ സ്‌കീമില്‍ അംഗങ്ങളായത്. വിശകലന കാലയളവിനുള്ളില്‍ പുതിയതായി ക്ഷേമ പദ്ധതിയില്‍ ചേരുകയോ പദ്ധതി ഉപേക്ഷിക്കുകയോ വീണ്ടും ചേരുകയോ ചെയ്ത തൊഴിലാളികളുടെ വിവരങ്ങളെല്ലാം അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

വര്‍ഷം മുഴുവനും തുക അടക്കാന്‍ സാധ്യതയില്ലാത്ത താല്‍ക്കാലിക ജോലിക്കാരെയും പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ആറ് കോടിയിലേറെ സജീവ അംഗങ്ങളാണ് ഇപിഎഫ്ഒ പെന്‍ഷന്‍ പദ്ധതിയിലുള്ളത്. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഫണ്ട് വിഹിതം അടച്ചവരെയാണ് സജീവ അംഗങ്ങളായി പരിഗണിക്കുന്നത്. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകളെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നതിനിടെയാണ് ഔദ്യോഗിക മേഖലയിലെ കണക്കുകള്‍ പുറത്തു വരുന്നത്.

Categories: FK News

Related Articles