നടപ്പു സാമ്പത്തിക വര്‍ഷം 1.80 ലക്ഷം കോടി രൂപയുടെ എന്‍പിഎ വീണ്ടെടുക്കാനായേക്കും

നടപ്പു സാമ്പത്തിക വര്‍ഷം 1.80 ലക്ഷം കോടി രൂപയുടെ എന്‍പിഎ വീണ്ടെടുക്കാനായേക്കും

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഒരു ലക്ഷം കോടി രൂപയുടെ വായ്പയാണ് ഐബിസിയിലൂടെ വീണ്ടെടുക്കാനായിട്ടുള്ളത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൊത്തമായി 1.80 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം. രണ്ട് സുപ്രധാന കമ്പനികളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും ധനമന്ത്രാലയം അറിയിച്ചു. പാപ്പരത്ത നിയമം മികച്ച ഫലമുണ്ടാക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്.

പാപ്പരത്ത നിയമത്തിനുകീഴില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ഒരു ലക്ഷം കോടി രൂപയുടെ വായ്പയാണ് വീണ്ടെടുക്കാനായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഭൂഷണ്‍ സ്റ്റീല്‍, ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍, ബിനാനി സിമെന്റ് തുടങ്ങിയ കമ്പനികള്‍ക്കെതിരെയുള്ള പാപ്പരത്ത നടപടികള്‍ ഏകദേശം പൂര്‍ത്തിയാക്കിയതായും ഈ സമ്മര്‍ദിത ആസ്തികളുടെ മാനേജ്‌മെന്റ് നിയന്ത്രണം ടാറ്റ സ്റ്റീല്‍ വേദാന്ത ഗ്രൂപ്പ് അള്‍ട്ര ടെക് എന്നിവ ഏറ്റെടുത്തതായും ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു.

എസ്സാര്‍ സ്റ്റീലിന്റെ കാര്യത്തില്‍ ഏകദേശം 52,000 കോടി രൂപയുടെ വായ്പ വീണ്ടെടുക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞേക്കുമെന്നും രാജീവ് കുമാര്‍ അറിയിച്ചു. ഭൂഷണ്‍ പവര്‍&സ്റ്റീല്‍ ലിമിറ്റഡില്‍ നിന്നും 18,000 കോടി രൂപയുടെ വായ്പ വീണ്ടെടുക്കാനായേക്കും. ഇതിനുപുറമെ വീഡിയോകോണ്‍ ഗ്രൂപ്പ്, മോണറ്റ് ഇസ്പാറ്റ്, ആംടെക് ഓട്ടോ, രുചി സോയ എന്നിവ ഉള്‍പ്പെടെയുള്ള സമ്മര്‍ദിത ആസ്തികളുടെ കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര നടപടികളിലും അധികം വൈകാതെ ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അന്തിമ തീരുമാനമെടുക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

2016 ഡിസംബറിലാണ് പുതിയ പാപ്പരത്ത നിയമം പ്രാബല്യത്തില്‍ വന്നത്. അന്നുമുതല്‍ പാപ്പരത്ത നടപടികളിലൂടെ മൂന്ന് ലക്ഷം കോടി രൂപയോളം മൂല്യം വരുന്ന സമ്മര്‍ദിത ആസ്തികള്‍ പരിഹരിക്കാന്‍ ഐബിസി സഹായിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനുവരി-മാര്‍ച്ച് പാദത്തിലെ സാമ്പത്തിക പ്രകടനം നോക്കുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ ഭാവി സംബന്ധിച്ച വീക്ഷണം പോസിറ്റീവ് തലത്തിലാണെന്നും രാജിവ് കുമാര്‍ വ്യക്തമാക്കി.

Comments

comments

Categories: Banking