വെര്‍ട്ടിക്കല്‍ ഫാം, റോബോട്ട്, വെര്‍ച്വല്‍ ഫെന്‍സിംഗ്: ഭാവിയിലെ കൃഷിരീതി

വെര്‍ട്ടിക്കല്‍ ഫാം, റോബോട്ട്, വെര്‍ച്വല്‍ ഫെന്‍സിംഗ്: ഭാവിയിലെ കൃഷിരീതി

നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ ഭാവിയിലെ കൃഷിരീതി വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുമെന്നു വിശദമാക്കുന്നു. കൃഷിയിടങ്ങളില്‍ ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങള്‍, റിമോട്ട് സെന്‍സറുകള്‍, റോബോട്ടുകള്‍ എന്നിവ സാധാരണ കാഴ്ചകളായിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

.

ഈ വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് കരാര്‍ നടപ്പിലാക്കേണ്ടത്. മിക്കവാറും നോ-ഡീല്‍ ബ്രെക്‌സിറ്റ് എന്ന സ്ഥിതിയിലേക്കായിരിക്കും കാര്യങ്ങളെത്തുക. നോ-ഡീല്‍ എന്നാല്‍ യാതൊരു ഉടമ്പടിയുമില്ലാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യം വന്നാല്‍ യുകെയില്‍ തൊഴിലാളികളുടെ ലഭ്യത കുറയുമെന്നു കരുതുന്നുണ്ട്. കൃഷിയിടങ്ങളിലും, ഉത്പാദന രംഗത്തും തൊഴിലാളികളുടെ കുറവ് ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ കാര്‍ഷിക രംഗത്തും ഉത്പാദന രംഗത്തും ടെക്‌നോളജിയെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. 2040-ല്‍ ബ്രിട്ടന്റെ പച്ചപ്പുള്ള, മനോഹരമായ ഗ്രാമപ്രദേശം റോബോട്ടുകള്‍ കൊണ്ടു നിറഞ്ഞതായിരിക്കുമെന്നാണു പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് ഭക്ഷണവും, കൃഷിയും എങ്ങനെയിരിക്കുമെന്ന് അറിയാന്‍ നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ ‘ദി ഫ്യൂച്ചര്‍ ഓഫ് ഫുഡ് 2040′ എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭാവിയിലെ കൃഷിരീതിയെന്നു പറയുന്നത് റോബോട്ടുകള്‍, വെര്‍ട്ടിക്കല്‍ ഫാം, വെര്‍ച്വല്‍ ഫെന്‍സിംഗ് എന്നിവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തരതലത്തില്‍ കാര്‍ഷിക നയം രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നുണ്ട് ദി ഫ്യൂച്ചര്‍ ഓഫ് ഫുഡ് 2040 റിപ്പോര്‍ട്ട്. നമ്മളുടെ ഭക്ഷണത്തെ കുറിച്ചും, ഭാവിയെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ദി ഫ്യൂച്ചര്‍ ഓഫ് ഫുഡ് 2040 റിപ്പോര്‍ട്ടെന്നു നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്റെ (എന്‍എഫ്‌യു) പോളിസി സര്‍വീസസ് തലവനും, റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്ത ആന്‍ഡ്രിയ ഗ്രഹാം പറയുന്നു. റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ചില പ്രവചനങ്ങള്‍ വളരെ അകലെയാണെന്നു തോന്നിയേക്കാമെങ്കിലും, മറ്റു ചില കാര്യങ്ങള്‍ ശൈശവ ദിശയിലാണ്. ഓരോ ചെടിക്കും എന്ന കണക്കില്‍ അതിന്റെ വിളകള്‍ പരിപാലിക്കാനാകുന്ന അതുമല്ലെങ്കില്‍ വേലി കെട്ടാതെ തന്നെ കന്നുകാലികളുടെ മേച്ചില്‍ നിയന്ത്രിക്കാനാകുന്ന ടെക്‌നോളജികള്‍ ഇപ്പോള്‍ തന്നെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ ടെക്‌നോളജി അഥവാ സാങ്കേതികവിദ്യ 2040-ാടെ കൃഷിയിടത്തില്‍ സാധാരണമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ശക്തമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ‘ ആന്‍ഡ്രിയ ഗ്രഹാം പറയുന്നു. ആഗോള ജനസംഖ്യയിലെ വര്‍ധനയും, കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കേണ്ടതും ബ്രിട്ടനിലെ ഭക്ഷ്യ, ഫാമിംഗ് രംഗത്ത് പുതിയ അവസരങ്ങളായിരിക്കും സൃഷ്ടിക്കുക. ഇത് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും, പാരിസ്ഥിതിക ആഘാതം കുറച്ചു കൊണ്ടുവരാനും ഇടയാക്കുമെന്നു പഠനം വിശദമാക്കുന്നു.

വെര്‍ട്ടിക്കല്‍ സ്റ്റാക്കിംഗ് അവതരിപ്പിച്ചതും, എല്‍ഇഡി ടെക്‌നോളജിയില്‍ സമീപകാലത്തു കൈവരിച്ച മുന്നേറ്റങ്ങളും ഹൈഡ്രോപോണിക്‌സ്, അക്വാപോണിക്‌സ് ഉള്‍പ്പെടെയുള്ള കൃഷി രീതികളിലൂടെ ഉണ്ടാക്കുന്ന വിളകളുടെ അളവ് വികസിപ്പിക്കാന്‍ സഹായിക്കും. ആഗോളതലത്തില്‍, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വെര്‍ട്ടിക്കല്‍ കൃഷിവ്യവസായം ശതകോടി പൗണ്ടിന്റെ മൂല്യമുള്ളതായി മാറുമെന്നാണ് പ്രവചനങ്ങള്‍. ഭാവിയില്‍ ചില പച്ചക്കറികളും, പഴങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ചു വ്യാപകമായി വളരും. എന്നാല്‍ ഇത്തരം ടെക്‌നോളജികളുടെ ഊര്‍ജ്ജ ഉപഭോഗം ഉയര്‍ന്ന തലത്തിലായിരിക്കും. ഈ പ്രശ്‌നത്തെ മറികടക്കേണ്ടതുണ്ട്. സമീപ ഭാവിയില്‍ നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്ന മറ്റൊരു പ്രധാന പ്രവണത 3ഡി-പ്രിന്റഡ് ഫുഡ് ആയിരിക്കും. 3ഡി-പ്രിന്റഡ് ഫുഡ് എന്നത് ഒരു ആശയമാണ്. ഈ ആശയത്തിലൂടെ ഡിമാന്‍ഡ് അനുസരിച്ച് മാത്രം ഭക്ഷണം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാക്കുകയും അതിലൂടെ ഭക്ഷണം പാഴായി പോകുന്നത് ഒഴിവാക്കാനും സാധിക്കും.2030 ആകുമ്പോഴേക്കും യൂറോപ്പിലെ ഏറ്റവും പൊണ്ണത്തടിയന്മാരുടെ രാജ്യമായി യുകെ മാറുമെന്നാണു കണക്കാക്കപ്പെടുന്നത്. അതു കൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നത്. വല്ലപ്പോഴും മാത്രം മാംസാഹാരം കഴിക്കുന്ന, പ്രധാനമായി സസ്യാഹാരം കഴിക്കുന്ന ഫ്‌ളെക്‌സിറ്റേറിയന്‍ (flexitarian) ആഹാരരീതി ബ്രിട്ടനില്‍ ജനപ്രീതിയാര്‍ജ്ജിച്ചു വരികയാണ്. മാംസാഹാരം കഴിക്കുന്ന ഏകദേശം 41 ശതമാനം ആളുകള്‍ ഇപ്പോള്‍ തന്നെ ഫ്‌ളെക്‌സിറ്റേറിയനായി അവരെ തരംതിരിക്കുന്ന കാഴ്ച കാണുവാന്‍ സാധിക്കുന്നുണ്ട്. മാത്രമല്ല, ബ്രിട്ടനില്‍ ഇപ്പോള്‍ സായാഹ്നങ്ങളില്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ മാംസം ഒഴിവാക്കി തുടങ്ങിയിരിക്കുന്നു.

കൃഷിയിടത്തിലാകട്ടെ, ടെക്‌നോളജി ഒരു സുപ്രധാന പങ്കാണു ഇനി വഹിക്കാന്‍ പോകുന്നത്. മണ്ണിന്റെ ഫലഭൂയിഷ്ഠത, ഈര്‍പ്പത്തിന്റെ അളവ് എന്നിവ സംബന്ധിച്ച വിവരങ്ങളുടെ ഒരു ശ്രേണി ശേഖരിക്കാന്‍ പ്രാപ്തമായിരിക്കും നാനോ സെന്‍സറുകള്‍. സെന്‍സിംഗിനും, മാപ്പിംഗിനുമായി ഡ്രോണുകളെ വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കും. പഴം പറിച്ചെടുക്കല്‍ (fruit picking), കറവ (milking), കന്നുകാലികളെ മേയ്ക്കുന്നതടക്കം മനുഷ്യര്‍ക്കു മാത്രം ചെയ്യാന്‍ സാധിച്ചിരുന്ന ജോലികള്‍ ഇനി മുതല്‍ റോബോട്ടുകളായിരിക്കും നിര്‍വഹിക്കുക. ആന്റിബയോട്ടിക്ക് ഇല്ലാത്ത മാംസം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നതിനാല്‍ ബയോടെക്‌നോളജി ഭക്ഷ്യ ഉത്പാദന രംഗത്ത് സര്‍വവ്യാപിയാകുകയും ചെയ്യും. മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനങ്ങളുള്ള ചെടികളെയും മൃഗങ്ങളെയും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ജിനോം എഡിറ്റിംഗ് എന്ന പുതിയ ബ്രീഡിംഗ് ടെക്‌നോളജി സര്‍വസാധാരണമാവുകയും ചെയ്യുമെന്നും പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വെര്‍ട്ടിക്കല്‍ ഫാമിംഗ്

കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം അതിനു തടസം നേരിടുന്ന കാലമാണിത്. ഇത്തരം പ്രശ്‌നത്തിനുള്ള പരിഹാരമാണ്, അതോടൊപ്പം ഭാവിയുടെ കൃഷിരീതിയാണു വെര്‍ട്ടിക്കല്‍ ഫാമിംഗ്. പല തട്ടുകളായി മുകളില്‍ വിളകളെ വളര്‍ത്തുന്നതാണു വെര്‍ട്ടിക്കല്‍ ഫാമിംഗ് എന്ന പുതിയ കൃഷിരീതി. എയ്‌റോപോണിക്‌സ്, ഹൈഡ്രോപോണിക്‌സ്, അക്വാപോണിക്‌സ് എന്നിവ വെര്‍ട്ടിക്കല്‍ ഫാമിംഗ് രീതികളാണ്. ചുരുങ്ങിയ സ്ഥലത്തു നിന്നും പരമാവധി ഉല്‍പ്പാദനമാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

Categories: FK Special, Slider