കമ്പനികള്‍ ഇനി 10 വര്‍ഷം സ്റ്റാര്‍ട്ടപ്പ്; മൂലധനം 25 കോടി വരെ

കമ്പനികള്‍ ഇനി 10 വര്‍ഷം സ്റ്റാര്‍ട്ടപ്പ്; മൂലധനം 25 കോടി വരെ

എയ്ഞ്ചല്‍ ടാക്‌സ് ഈടാക്കുന്ന മൂലധന പരിധി 10 കോടിയില്‍ നിന്ന് 25 കോടിയിലേക്ക് ഉയര്‍ത്തി; 100 കോടി വരെ വാര്‍ഷിക വരുമാനമുണ്ടാക്കിയാലും സ്റ്റാര്‍ട്ടപ്പ് പദവി എടുത്തു കളയില്ല

  • 25 കോടി രൂപ വരെയുള്ള മൂലധന നിക്ഷേപം വരുമാനമായി പരിഗണിക്കില്ല; 30% എയ്ഞ്ചല്‍ ടാക്‌സ ഒഴിവാകും
  • കമ്പനി രൂപീകരിച്ച് 10 വര്‍ഷം വരെ സ്റ്റാര്‍ട്ടപ്പ് ആനുകൂല്യങ്ങള്‍ ലഭിക്കും; 100 കോടി വരെ വാര്‍ഷിക വരുമാനം അനുവദനീയം
  • 100 കോടി രൂപ ആസ്തി ശിഷ്ടമോ 250 കോടി രൂപ വരുമാനമോ ഉള്ള ലിസ്റ്റഡ് കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂര്‍ണ നികുതിയിളവ്
  • ബജറ്റിലെ ഉറപ്പുകള്‍ പാലിച്ച് കേന്ദ്ര സര്‍ക്കാര്‍; ആദായ നികുതി നിയമത്തിലെ 56 (2) വകുപ്പ് ഭേദഗതി ചെയ്യും; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ നേട്ടം
ന്യൂഡെല്‍ഹി: നിക്ഷേപങ്ങളെ വരുമാനമായി പരിഗണിച്ച് ആദായ നികുതി ഈടാക്കുന്ന നടപടിയില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കമ്പനികളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്ത/ രൂപീകരിച്ച തിയതിയില്‍ നിന്ന് 10 വര്‍ഷം വരെ ഇനി സ്റ്റാര്‍ട്ടപ്പുകളായി പരിഗണിച്ച് ഇളവുകള്‍ അനുവദിക്കും. നിലവില്‍ ഏഴ് വര്‍ഷമാണ് ഇത്തരത്തിലുള്ള പ്രത്യേക പരിഗണന ലഭിക്കുന്നത്. നിയമപരമായ നികുതി പ്രോത്സാഹനങ്ങളും ഇളവുകളും നേടാനും സ്ഥാപനത്തെ ലാഭത്തിലാക്കാനും മൂന്ന് വര്‍ഷത്തെ അധിക സമയം ഇതോടെ സംരംഭകര്‍ക്ക് ലഭിക്കും. 1961 ലെ ആദായ നികുതി നിയമത്തിലെ 56 (2) വകുപ്പ് പ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവുകള്‍ ലഭിക്കുന്നതാണ് പുതിയ നടപടികള്‍. നിയമ ഭേഗദതി വൈകാതെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഏതെങ്കിലും ധനകാര്യ വര്‍ഷത്തില്‍ 25 കോടിയിലധികം വരുമാനമുണ്ടാക്കിയാല്‍ സ്റ്റാര്‍ട്ടപ്പ് പരിഗണന എടുത്തു കളയുന്ന നിബന്ധനയും ഭേദഗതി ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. 100 കോടി രൂപയായാണ് ഈ പരിധി വര്‍ധിപ്പിച്ചത്.
എയ്ഞ്ചല്‍ ടാക്‌സ് ഈടാക്കുന്ന മൂലധന പരിധിയും 10 കോടിയില്‍ നിന്ന് 25 കോടിയിലേക്ക് ഉയര്‍ത്തിയതാണ് സുപ്രധാനമായ തീരുമാനം. നിലവില്‍ എയ്ഞ്ചല്‍ നിക്ഷേപകരുടെയടക്കം ആകെയുള്ള മൂലധന നിക്ഷേപം 10 കോടി രൂപയില്‍ ഉയരരുതെന്നാണ് നിബന്ധന. 10 കോടിക്ക് മുകളിലുള്ള നിക്ഷേപ തുകയെ വരുമാനമായി പരിഗണിച്ച് 30 ശതമാനം ആദായ നികുതി ഈടാക്കാമെന്നാണ് 2012 ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന നിയമം. ഇത് വളര്‍ച്ചക്ക് തടസമാണെന്നും നിശ്ചിത തുകയ്ക്കപ്പുറം മൂലധനം സമാഹരിക്കാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു മേഖലയുടെ പ്രധാന പരാതി. എയ്ഞ്ചല്‍ നിക്ഷേപമടക്കം 25 കോടി രൂപ മൂലധനം സമാഹരിക്കാമെന്ന തീരുമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍തോതില്‍ ഗുണകരമാകും. ഇതിനെല്ലാം പുറമെ 100 കോടി രൂപ ആസ്തി ശിഷ്ടമോ 250 കോടി രൂപ വരുമാനമോ ഉള്ള ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്ന തുകയ്ക്കും പൂര്‍ണ ആദായ നികുതി ഇളവ് ലഭിക്കും.
അതേസമയം, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി), പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി പ്രഖ്യാപിച്ചതും നിശ്ചിത മേഖലകളില്‍ നിക്ഷേപം നടത്താത്തതുമായ കമ്പനികളെ സ്റ്റാര്‍ട്ടപ്പായി പരിഗണിച്ച് ആദായ നികുതി ഇളവ് നല്‍കില്ല. മതിയായ യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഡിപിഐഐടിക്ക് ്അവകാശവാദം ഉന്നയിച്ചുള്ള സത്യവാംഗ്മൂലം നല്‍കണം. .
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു ഈ മാസത്തിന്റെ തുടക്കത്തില്‍ വിളിച്ച വട്ടമേശ സമ്മേളനത്തിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, എയ്ഞ്ചല്‍ നിക്ഷേപകര്‍, മറ്റ് മേഖലാ പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത് സ്റ്റാര്‍ട്ടപ്പ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ ധരിപ്പിച്ചിരുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ എയ്ഞ്ചല്‍ നിക്ഷേപത്തിന്റെ പേരില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയിരുന്നു. മൂലധന നിക്ഷേപം 10 കോടി കവിഞ്ഞതിനെ തുടര്‍ന്ന് 80 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായ നികുതി നോട്ടീസുകള്‍ ലഭിച്ചത് മേഖലയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാല്‍ ഇതിന്റെ ചുവടു പിടിച്ച് പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്നാണ് ബജറ്റ് അവതരണ വേളയില്‍ പീയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നത്.

Categories: FK News, Slider
Tags: Startup