സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ വില്‍പ്പന വരുമാനം 28 ബില്യണ്‍ ഡോളറാകും

സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ വില്‍പ്പന വരുമാനം 28 ബില്യണ്‍ ഡോളറാകും

2021ന്റെ അവസാനത്തോടെ ആഗോള തലത്തില്‍ 300 മില്യണ്‍ സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളുണ്ടാകുമെന്നും കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് പറയുന്നു

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന വര്‍ധിക്കുന്നതിലെ വരുമാന സാധ്യതകള്‍ ചൂണ്ടിക്കാട്ടി കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന വഴി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 28 ബില്യണ്‍ ഡോളറിലധികം വരുമാന നേട്ടമുണ്ടാകുമെന്നാണ് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് പ്രതീക്ഷിക്കുന്നത്.

2021ന്റെ അവസാനത്തോടെ ആഗോള തലത്തില്‍ 300 മില്യണ്‍ സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളുണ്ടാകുമെന്നാണ് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചിന്റെ നിരീക്ഷണം. ഇതില്‍ ഇടക്കാല വരുമാന സാധ്യതകളില്‍ ഏകദേശം 20 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നത് സോഫ്റ്റ്‌വെയര്‍, സര്‍വീസസ് മാത്രമായിരിക്കുമെന്നും കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് വിഭാഗം ഡയറക്റ്റര്‍ നീല്‍ ഷാ പ്രാസ്താവനയിലൂടെ അറിയിച്ചു.

2018ല്‍ സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ ആവശ്യകതയില്‍ വലിയ പങ്കാണ് ഇന്ത്യ വഹിച്ചിട്ടുള്ളത്. പരമ്പരാഗത ഫീച്ചര്‍ ഫോണുകളുടെ ഘടനയിലും രൂപത്തിലുമുള്ള എന്നാല്‍, ചിപ്‌സെറ്റോടുകൂടിയ, ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളാണ് സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകള്‍. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായി അതിവേഗ ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളിലും ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം ആഗോള സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ ആവശ്യകതയില്‍ 252 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ ആവശ്യകതയില്‍ വലിയ സംഭാവന ചെയ്തിട്ടുള്ളത് ഇന്ത്യയാണ്. യുഎസ്, യുകെ, ദക്ഷിണ-പൂര്‍വ്വേഷ്യ, ആഫ്രിക്ക എന്നിവയാണ് സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പനയെ നയിക്കുന്ന പ്രധാന വിപണികളെന്നും കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പതക് പറഞ്ഞു. 2021ഓടെ ആഗോള ഫീച്ചര്‍ ഫോണ്‍ വില്‍പ്പനയില്‍ പകുതിയിലധികവും സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളായിരിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും തരുണ്‍ ചൂണ്ടിക്കാട്ടി.

സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ വിഭാഗത്തിലെ വളര്‍ച്ചയെ നയിക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് കയോസ്. സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ വിഭാഗത്തിന് ഊര്‍ജം പകരുന്ന സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമാണ് കയോസ്. റിലയന്‍സ് ജിയോയുടെ ജിയോ ഫോണ്‍ ആണ് ലോകത്തില്‍ മുന്‍നിരയിലുള്ള വോള്‍ട്ടി സംവിധാനമുള്ള കയോസ് അധിഷ്ഠിത സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍.

Comments

comments

Categories: FK News