28,000 കോടി രൂപ ഇടക്കാല ലാഭവിഹിതം നല്‍കും

28,000 കോടി രൂപ ഇടക്കാല ലാഭവിഹിതം നല്‍കും

നടപ്പുസാമ്പത്തിക വര്‍ഷം കേന്ദ്ര ബാങ്ക് കേന്ദ്ര സര്‍ക്കാരിനു നല്‍കുന്ന മൊത്തം ഡിവിഡന്റ് 68,000 കോടി രൂപയായി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 28,000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചു. പുതുക്കിയ ബജറ്റ് ചെലവിടലുകള്‍ക്ക് തുക കണ്ടെത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതാണ് ആര്‍ബിഐ യുടെ നടപടി. കര്‍ഷകര്‍ക്ക് 6000 രൂപയുടെ ധനസഹായം കൈമാറുന്ന പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ സര്‍ക്കാര്‍ തുടക്കമിടുകയാണ്. കൂടുതല്‍ ലാഭവിഹിതം ലഭിക്കുന്നതോടെ സാമ്പത്തിക പരാധീനതകളില്ലാതെ തെരഞ്ഞെടുപ്പിന് മുമ്പ് ഈ പദ്ധതിയിലെ ആദ്യ ഗഡു വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും.

ജൂലൈ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവാണ് റിസര്‍വ് ബാങ്ക് സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്നത്. ഓഗസ്റ്റിലാണ് സര്‍ക്കാരിനുള്ള ലാഭവിഹിതം സാധാരണയായി കൈമാറുക. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 40,000 കോടി രൂപ ലാഭവിഹിതമായി സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കുന്നത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷം കേന്ദ്ര ബാങ്ക് കേന്ദ്ര സര്‍ക്കാരിനു നല്‍കുന്ന മൊത്തം ഡിവിഡന്റ് 68,000 കോടി രൂപയായി. ഒരു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് ആര്‍ബിഐ യില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2015-16ല്‍ 65,896 കോടി രൂപയും 2017-18ല്‍ 40,659 കോടി രൂപയുമാണ് ആര്‍ബിഐ കൈമാറിയിരുന്നത്.

ഡിസംബര്‍ 31ന് അവസാനിച്ച അര്‍ധ വര്‍ഷത്തിന്റെ ഭാഗികമായി ഓഡിറ്റ് വിലയിരുത്തലുകളുടെയും നിലവിലുള്ള സാമ്പത്തിക മൂലധന ചട്ടക്കൂടിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഇടക്കാല മൂലധനം അനുവദിക്കുകയാണെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇടക്കാല ബജറ്റിന്റെ വിശദാംശങ്ങളെ കുറിച്ച് ആര്‍ബിഐ ഡയറക്റ്റര്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ലാഭവിഹിതത്തിന്റെ കാര്യത്തില്‍ കേന്ദ്രബാങ്ക് സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം ജയ്റ്റ്‌ലി പറഞ്ഞിരുന്നത്.

ഇടക്കാല ലാഭവിഹിതവും കരുതല്‍ ധനത്തില്‍ ഒരുഭാഗവും ആവശ്യപ്പെട്ടതായിരുന്നു സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുണ്ടായ വിയോജിപ്പുകളില്‍ പ്രധാനം. ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഉര്‍ജിത് പട്ടേലിന്റെ രാജി വെക്കുന്നതിലേക്കും ശക്തികാന്ത ദാസ് പുതിയ ഗവര്‍ണര്‍ ആകുന്നതിലേക്കും ഇത് വഴിവെച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതം നല്‍കുന്നതെന്ന് ആര്‍ബ ഐയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

Comments

comments

Categories: FK News