ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മികച്ച സുതാര്യത ഉറപ്പാക്കണം: എഐഒവിഎ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മികച്ച സുതാര്യത ഉറപ്പാക്കണം: എഐഒവിഎ

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ ഏക വിപണി നിയമങ്ങള്‍ക്ക് സമാനമായ നയങ്ങള്‍ കൊണ്ടുവരണമെന്നാണ് അസോസിയേഷന്‍ പറയുന്നത്

ന്യൂഡെല്‍ഹി: കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ആമസോണിലെയും ഫഌപ്കാര്‍ട്ടിലെയും ചെറു വില്‍പ്പനക്കാര്‍ ഡിപിഐഐടി (ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്) കത്തയച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതോടെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് തോന്നിയപോലെ ബിസിനസ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും എക്കൗണ്ടുകള്‍ റദ്ദാക്കാനും കഴിയില്ലെന്നാണ് അഖിലേന്ത്യ ഓണ്‍ലൈന്‍ വ്യാപാരി സംഘടന (എഐഒവിഎ) പറയുന്നത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ മികച്ച സുതാര്യത ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്നും വില്‍പ്പനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്യായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിന് യൂറോപ്യന്‍ യൂണിയന്‍ അടുത്തിടെ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഏക വിപണി നിയമങ്ങള്‍ക്ക് സമാനമായിരിക്കണം ഈ ചട്ടങ്ങളെന്നും വില്‍പ്പനക്കാര്‍ പറയുന്നു.

തങ്ങളുടെ ബിസിനസ് എളുപ്പമാക്കുന്നതിന് ഡിപിഐഐടി ഈ നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും അഖിലേന്ത്യ ഓണ്‍ലൈന്‍ വ്യാപാരി സംഘടന ആവശ്യപ്പെട്ടു. 3,500ല്‍ അധികം ഓണ്‍ലൈന്‍ വില്‍പ്പനക്കാരാണ് സംഘടനയുടെ ഭാഗമായിട്ടുള്ളത്. പ്ലാറ്റ്‌ഫോമുകള്‍ക്ക് തങ്ങളുടെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു സ്വതന്ത്ര സംവിധാനമുണ്ടായിരിക്കണം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ബിസിനസ് ചെയ്യുന്നത് തങ്ങള്‍ക്ക് തടസങ്ങള്‍ ഉണ്ടാകരുതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ഇ-കൊമേഴ്‌സ് മേഖലയ്ക്കായി ഒരു കരട് നയം തയാറാക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് അറിയിച്ചിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി നിലവില്‍ വന്ന പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ അനുസരിച്ച് വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കോ അവയുടെ ഗ്രൂപ്പ് കമ്പനികള്‍ക്കോ തങ്ങളുടെ തന്നെ ഉല്‍പ്പന്നങ്ങള്‍ പ്ലാറ്റ്‌ഫോം വഴി വില്‍ക്കാനാകില്ല. ചില വന്‍കിട വില്‍പ്പനക്കാര്‍ക്ക് കമ്പനികള്‍ പ്രത്യേക പരിഗണന നല്‍കുന്നതായി ചെറുകിട വില്‍പ്പനക്കാര്‍ പരാതി നല്‍കിയിരുന്നു. ഇത് അന്യായ മത്സരത്തിന് വഴിവെക്കുമെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Categories: Top Stories