ഏഷ്യയിലെ ഏറ്റവും മികച്ച ക്ഷീരോല്‍പ്പാദകരാകാന്‍ മുരള്യ

ഏഷ്യയിലെ ഏറ്റവും മികച്ച ക്ഷീരോല്‍പ്പാദകരാകാന്‍ മുരള്യ

ക്ഷീരോല്‍പ്പാദനരംഗത്ത് വരും വര്‍ഷങ്ങളില്‍ അഖിലേന്ത്യാ തലത്തില്‍ 6000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട സര്‍വേകള്‍ വ്യക്തമാക്കുന്നത്. പ്രസ്തുത മേഖലയിലേക്ക് കേരളത്തിന്റെ സംഭവനയെന്നോണം വിപണിയില്‍ സജീവമാകുകയാണ് തിരുവനന്തപുരം ആസ്ഥാനമായ മുരള്യ ഡയറി പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. വിദേശമലയാളി സംരംഭകനും എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാനുമായ കെ മുരളീധരനാണ് മലയാളികള്‍ക്ക് ശുദ്ധമായ പാല് എന്ന ആശയവുമായി മുരള്യ ഡയറിക്ക് തുടക്കമിട്ടിരിക്കുന്നത്. 85 കോടി രൂപയുടെ നിക്ഷേപത്തില്‍ , 250 ഏക്കര്‍ ഫാം ഹൗസും 7.5 ഏക്കര്‍ വിസ്തൃതമായ പ്ലാന്റും ചേരുന്ന മുരള്യ ഏഷ്യയിലെ ഏറ്റവും മികച്ച ക്ഷീരോല്‍പ്പാദന സംരംഭം എന്ന നിലയിലേക്ക് വളരുവാനാണ് ലക്ഷ്യമിടുന്നത്

കെ മുരളീധരന്‍

ശുദ്ധമായ, മായം ചേര്‍ക്കാത്ത പശുവിന്‍ പാല്‍, അത് മലയാളികളുടെ സ്വപ്നമായി മാറിത്തുടങ്ങിയിട്ട് കാലം ഏറെയായി. വിരലില്‍ എണ്ണാവുന്നതിലപ്പുറം ചെറുതും വലുതുമായ ക്ഷീരോല്‍പ്പാദകരും വിതരണക്കാരും ഉണ്ടായിട്ടും ലഭിക്കുന്ന പാലിന്റെ ഗുണനിലവാരത്തില്‍ ഇന്നും നിരാശയാണ് ഫലം. നാഗരികാവതകരണത്തിന്റെ ഭാഗമായി ജനസംഖ്യ വര്‍ധിച്ചതും കര്‍ഷകര്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിച്ച് കൂടുതല്‍ മികച്ച വരുമാനത്തിനായി മറ്റു തൊഴിലുകള്‍ തേടിപ്പോയതും മികച്ച കന്നുകാലികളുടെ അഭാവവുമെല്ലാം സംസ്ഥാനത്തിന്റെ ക്ഷീരോത്പാദന മേഖലയെ സാരമായി ബാധിച്ചു. ആവശ്യക്കാരുടെ വര്‍ധിച്ചു വരുന്ന എണ്ണത്തിനനുസൃതമായി ഉല്‍പ്പന്ന വിതരണം നടക്കാതെ വന്നപ്പോള്‍ ഉല്‍പ്പാദകര്‍ അമിത ലാഭത്തിനായി മായം കലര്‍ത്തിത്തുടങ്ങി. പാലില്‍ കൊഴുപ്പ് കൂട്ടാന്‍ വേണ്ടി സോപ്പ്‌പൊടി, പാല്‍പ്പൊടി, വനസ്പതി തുടങ്ങിയവയും അളവ് കൂട്ടാന്‍ വേണ്ടി വെള്ളവും കേടാകാതിരിക്കാന്‍ യൂറിയയും ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കെത്തുന്ന പാലിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ വ്യാപകമായി കണ്ടുവരുന്നത്.

മായം ചേര്‍ത്ത പാല്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ നിന്നുമാണ് വിദേശമലയാളി സംരംഭകനും എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാനുമായ കെ മുരളീധരന്‍ ക്ഷീരോത്പാദന രംഗത്ത് നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്. കേരളത്തിലെ വിപണിയും അതിന്റെ സാധ്യതകളും നന്നായി മനസിലാക്കിയ ശേഷമാണ് തിരുവനന്തപുരം ആസ്ഥാനമായി മുരള്യ ഡയറി എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. മനുഷ്യരുള്ള കാലത്തോളം സമീകൃതാഹാരമായ പാലിന് വിപണി നഷ്ടമാവില്ല എന്ന ഉറച്ച വിശ്വാസമുള്ളതിനാലാണ് ദീര്‍ഘകാല നിക്ഷേപം എന്ന നിലക്ക് മുരള്യ ഡയറി ഹൌസിനു അദ്ദേഹം തുടക്കമിട്ടത്.

സ്വന്തമായി ഫാം ഹൗസ്

ഡയറി ബിസിനസിലേക്ക് എടുത്തു ചാടാതെ എന്നന്നേക്കും നിലനില്‍ക്കുന്ന രീതിയിലുള്ള ഒരു നിക്ഷേപം നടത്താനാണ് മുരള്യ ഡയറി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കെ മുരളീധരന്‍ ആഗ്രഹിച്ചത്. ഇതിന്റെ ഭാഗമായി ഉന്നത ഗുണനിലവാരമുള്ള പശുക്കളെ വളര്‍ത്തി പാല്‍ എടുക്കുന്നതിനായി ഒരു ഫാം ഹൌസ് ആരംഭിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്ഥലത്തിന്റെ ലഭ്യത, വെള്ളം ലഭിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് തിരുവനന്തപുരം പോലെ ഒരു പ്രദേശം അദ്ദേഹം തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ജന്മ നാടാണ് തിരുവനന്തപുരം എന്ന പ്രത്യേകതയും ഉണ്ട്.

തിരുവനന്തപുരം ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ രാജപാളയത്താണ് പശുക്കളെ വളര്‍ത്തുന്നതിനായുള്ള ഫാം ഹൌസ് തയ്യാറാക്കിയത്. 250 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയത്. ഇതില്‍ 150 ഏക്കര്‍ സ്ഥലത്ത് കന്നുകാലികള്‍ക്ക് ആവശ്യമായ പുല്ലും മറ്റു വസ്തുക്കളും കൃഷി ചെയ്യുന്നു. നൂറേക്കര്‍ സ്ഥലത്ത് 4000 പശുക്കളെ ഉള്‍ക്കൊള്ളാന്‍ തക്ക വലുപ്പമുള്ള കന്നുകാലി ഫാം തയ്യാറാക്കിയിരിക്കുന്നു. ഒന്നരവര്‍ഷം മുന്‍പാണ് ഫാം പ്രവര്‍ത്തനമാരംഭിച്ചത്. നൂറു ശതമാനം ജൈവികമായ അന്തരീക്ഷത്തില്‍ നിര്‍മിക്കുന്ന പാലാണ് മുരള്യ എന്ന ഉറപ്പ് സ്ഥാപനം അക്ഷരം പ്രതി പാലിക്കുന്നു. നിലവില്‍ 400 പശുക്കളാണ് ഫാമില്‍ ഉള്ളത്. ഇവക്കാവശ്യമായ തീറ്റപ്പുല്ലും മറ്റു വസ്തുക്കളും ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു. പുറമെ നിന്നും വാങ്ങുന്ന കലര്‍പ്പുള്ള കാലിത്തീറ്റയും മറ്റു ഭക്ഷണങ്ങളും കന്നുകാലികള്‍ക്ക് നല്‍കുന്നില്ല.

500 ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. എന്തന്നാല്‍ പാലിന്റെ ഗുണമേന്മ, വിതരണ ശൃംഖലയുടെ കൃത്യത , പോഷകം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വന്നു. 2018 ല്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം പാല്‍ വിതരണം ചെയ്തിരുന്ന മുരള്യ ഒന്നര വര്‍ഷം കൊണ്ട് 500 ലിറ്ററില്‍ നിന്നും 35000 ലിറ്ററിലേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇതിനായി തിരുവനന്തപുരം തിരുവനന്തപുരം, രാജപാളയം ഭാഗങ്ങളിലെ മറ്റു ക്ഷീരകര്‍ഷകരില്‍ നിന്നും ഗുണമേന്മാ പരിശോധന നടത്തിയ ശേഷം ന്യായമായ വിലക്ക് പാല്‍ വാങ്ങി. ഇത്തരത്തില്‍ മുരള്യക്ക് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്കായി കന്നുകാലി പരിചരണം, ഭക്ഷണം തുടങ്ങിയ കാര്യത്തെപ്പറ്റി വിശദമായ കഌസുകളും നല്‍കി. കൃത്യമായ ഇടവേളകളില്‍ കര്‍ഷകരെയും പശുക്കളെയും സന്ദര്‍ശിച്ച് പാലിന്റെ ഗുണവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി വെറ്റിനറി ഡോക്റ്റര്‍, ഫീല്‍ഡ് അസിസ്റ്റന്റ് എന്നിവരെ മുരള്യ നിയമിച്ചിരുന്നു.

ഇതിനു പുറമെ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്കായി മുരള്യ ഫാമില്‍ ഉല്‍പാദിപ്പിച്ച തീറ്റപ്പുല്ലും മറ്റു തീറ്റയും എത്തിച്ചു നല്‍കിയിരുന്നു. പാലിന്റെ കൊഴുപ്പിലും ഘടനയിലും വ്യത്യാസം വരാതിരിക്കുന്നതിനായായിരുന്നു ഇത്തരം നടപടികള്‍. പൂര്‍ണമായും ഓട്ടോമേറ്റഡ് മെഷീനുകള്‍ ഉപയോഗിച്ചാണ് ഫാം പ്രവര്‍ത്തിക്കുന്നത് എന്നതാണ് മറ്റൊരു എടുത്തു പറയേണ്ട സവിശേഷത. കാരണം പാല്‍ കറവയിലോ പാക്കിംഗിലോ ഒന്നും തന്നെ മനുഷ്യന്റെ കരസ്പര്‍ശം ഏല്‍ക്കുന്നില്ല. പൂര്‍ണമായും മെഷീനുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡയറി ഹൌസ് എന്നതാണ് മുരള്യയുടെ പ്രത്യേകത. 85 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് മുരളീധരന്‍ നടത്തിയിരിക്കുന്നത്. പൂര്‍ണമായും വിദേശ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകള്‍ എല്ലാം തന്നെ ഇറക്കുമതി ചെയ്തവയാണ്. അതിനാല്‍ തന്നെയാണ് പാല്‍ ഉല്‍പ്പാദനത്തില്‍ ഒരു ആഗോള നിലവാരം മുരള്യ ഉറപ്പു നല്‍കുന്നത്. ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങളും ജര്‍മന്‍ സാങ്കേതിക വിദ്യയുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി 100 % യന്ത്രവത്കൃതമായ പ്ലാന്റ് എന്നതാണ് മുരള്യ ഡയറി പ്രൊഡക്റ്റ്‌സ് കൊണ്ട് മുരളീധരന്‍ അര്‍ത്ഥമാക്കുന്നത്.

അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന പ്ലാന്റ്

രാജപാളയത്തെ ഫാം ഹൌസില്‍ ശേഖരിക്കപ്പെടുന്ന പാല്‍ പിന്നീട്, കാട്ടാക്കടയിലുള്ള പ്ലാന്റിലേക്ക് എത്തിക്കും. 7.5 ഏക്കര്‍ വിസ്തൃതിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ പ്ലാന്റ് മികവില്‍ മറ്റു മുന്‍നിര ബ്രാന്‍ഡുകളെ വെല്ലാന്‍ പ്രാപ്തമായതാണ്.ഇവിടെയെത്തുന്ന പാല്‍ പാസ്ചറൈസ് ചെയ്ത്, ശീതീകരിച്ച്, പാക്കറ്റുകളിലാക്കി വിതരണത്തിനായി ഒരുക്കുന്നു. ഈ സമയത്തൊന്നും തന്നെ മനുഷ്യന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. പാലില്‍ ഒരിക്കലും മനുഷ്യസ്പര്‍ശം ഏല്‍ക്കുന്നില്ല എന്നതിനാല്‍ തന്നെ സുരക്ഷയും ഉറപ്പ്. ആദ്യം പാല്‍ മാത്രമായിരുന്നു വിപണിയിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാല്‍ , തൈര്, സെറ്റ് കര്‍ഡ്, നെയ്യ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നു. പാല്‍ അറ ലിറ്റര്‍ പാക്കറ്റ്, ഒരു ലിറ്റര്‍ ബോട്ടില്‍ എന്നിങ്ങനെയാണ് വിപണിയില്‍ എത്തുന്നത്.

പാക്കിംഗിലും സവിശേഷതകള്‍ ഏറെ

ഏറെ പ്രത്യേകതയുള്ളതും മനുഷ്യര്‍ക്കും പ്രകൃതിക്കും ഹാനീകരമല്ലാത്തതുമായ പാക്കിംഗ് രീതിയാണ് മുരള്യ അവലംബിച്ചിരിക്കുന്നത്. ഫുഡ് ഗ്രേഡ് വിര്‍ജിന്‍ പെറ്റ് ഗ്രാന്യൂള്‍സില്‍ നിന്നും ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പാല്‍കുപ്പികള്‍ മുരള്യ ഡയറിയില്‍ തന്നെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത്തരത്തില്‍ സംസ്‌കരിച്ച പാല്‍ പെറ്റ് ബോട്ടിലില്‍ കേരളത്തില്‍ ആദ്യമായി ലഭ്യമാക്കിത്തുടങ്ങിയതും മുരള്യ തന്നെയാണ്. തണുപ്പിച്ച പാല്‍ നേരിട്ടുതന്നെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. സാധാരണയായി പാസ്ചറൈസ് ചെയ്ത പാല് മാത്രമെത്തുന്ന വിപണിയില്‍ മുരള്യ ഹോമോജനൈസ് ചെയ്ത പാലാണ് എത്തിക്കുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് തന്മാത്രകളെ വിഘടിപ്പിച്ച് പാലില്‍ കൊഴുപ്പിനെ തുല്യമായി അലിയിപ്പിക്കുന്ന രീതിയാണ് ഹോമോജനൈസേഷന്‍. യാതൊരുവിധ രാസ പദാര്‍ത്ഥങ്ങളും ചേര്‍ക്കാതെയാണ് ഈ പ്രകൃയ പൂര്‍ത്തിയാക്കുന്നത്.ഇത്തരത്തില്‍ ഹോമോജനൈസ് ചെയ്ത പാല്‍ പാടകെട്ടുകയുമില്ല. മാത്രമല്ല ഈ പാലിന് രുചിയും കൂടുതലായിരിക്കും.

പാല്‍ ആദ്യമായി വില്‍പ്പനക്ക് എത്തിയത് തിരുവനന്തപുരം വിപണിയിലാണ്. കാര്യമായ പ്രമോഷണല്‍ നടപടികള്‍ ഒന്നും കൂടാതെ തന്നെ ഗുണമേന്മ മനസിലാക്കി ആളുകള്‍ മുരള്യ പാല്‍ ഏറ്റെടുത്തു. തുടര്‍ന്ന് തൈര്, നെയ്യ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും മുരള്യ വിപണിയില്‍ എത്തിച്ചു.ആദ്യം തിരുവനന്തപുരം ജില്ലാ മാത്രം കേന്ദ്രീകരിച്ചായിരുന്നു ഉല്‍പ്പാദനവും വിപണനവും. എന്നാല്‍ രണ്ടാം ഘട്ടം എന്ന നിലക്ക് കൊല്ലം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ പാല്‍ വില്‍പനക്കായി എത്തി. വിപണിയില്‍ നിന്നും മികച്ച പിന്തുണ ലഭിക്കാന്‍ തുടങ്ങിയതോടെ 14 ജില്ലകളിലേക്കും വിതരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മുരള്യ.

എന്നാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കര്‍ഷകരെ ആശ്രയിക്കാതെ സ്വന്തം ഫാം ഹൌസില്‍ തന്നെ കൂടുതല്‍ പശുക്കളെ വളര്‍ത്താനാണ് തീരുമാനം. 4000 പശുക്കളെ വളര്‍ത്താന്‍ കഴിയുന്ന ഫാമില്‍ പശുക്കളെ സ്വയം മേഞ്ഞു നടക്കുന്നതിനും തീറ്റ കഴിക്കുന്നതിനും മറ്റുമുള്ള സകാര്യത്തോടെയാണ് പരിപാലിക്കുന്നത്. ഗുജറാത്തില്‍ നിന്നും ഗുണനിലവാരമുള്ള കൂടുതല്‍ പശുക്കളെ കേരളത്തിലേക്ക് എത്തിച്ച് ക്ഷീരോല്‍പ്പാദന രംഗത്തെ മികച്ച മാതൃകളില്‍ ഒന്നാകാന്‍ ഒരുങ്ങുകയാണ് മുരള്യ.മായം ചേര്‍ക്കലിനൊരു അവസാനം എന്നതിനൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷ്യ സംസ്‌കാരം കേരളത്തില്‍ കെട്ടിപ്പടുക്കുക എന്നതും മുരള്യ ഡയറി പ്രൊഡക്റ്റ്‌സിലൂടെ യാഥാര്‍ത്ഥ്യമാക്കാനാകും എന്ന ശുഭ പ്രതീക്ഷയിലാണ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ കെ മുരളീധരന്‍.

Categories: FK Special, Slider