എംജി മോട്ടോര്‍സുമായി എസ്എഐസി ഇന്ത്യയിലേക്ക്

എംജി മോട്ടോര്‍സുമായി എസ്എഐസി ഇന്ത്യയിലേക്ക്

ഹലോല്‍ ശാലയില്‍ നിന്നും എംജിയുടെ എസ്യുവികള്‍ ഇന്ത്യന്‍ നിരത്തിലേക്ക് എത്തും

ന്യൂഡല്‍ഹി: ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ എസ്എഐസി(ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്)യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നു.

ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്ത കാലത്താണ്. ഹലോല്‍ ശാലയില്‍ നിന്നും എംജിയുടെ നാല് എസ്യുവികള്‍ ഇന്ത്യന്‍ നിരത്തിലേക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവേശിക്കും. 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് കമ്പനി ആസൂത്രണം ചെയ്തത്, ഇതില്‍ 2000 കോടി രൂപ ഇതുവരെ ചിലവഴിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.

ആദ്യം ഹെക്ടര്‍ എന്ന എസ്യുവി ആയിരിക്കും ഏപ്രില്‍ – ജൂണ്‍ മാസങ്ങളില്‍ കമ്പനി അവതരിപ്പിക്കുക. 15 ലക്ഷം വില പ്രതീക്ഷിക്കാം. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍, മഹീന്ദ്ര എക്സ്യുവി500 എന്നീ മോഡലുകളായിരിക്കും പ്രധാന എതിരാളികള്‍. ഗ്രീക്ക് ദേവന്‍ (യുദ്ധ വീരന്‍) ഹെക്ടറില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് എംജി ഈ പേരു നല്‍കിയിരിക്കുന്നത്. രണ്ടാം വാഹനം ഇലക്ട്രിക് എസ്യുവി (ഇ-ഇസഡ്എസ്)യുമായിരിക്കും. 20 ലക്ഷം വില പ്രതീക്ഷിക്കാവുന്ന ഈ വാഹനം ഒക്ടോബറില്‍ എത്തുമെന്നാണ് കരുതുന്നത്.

ഇതിന് പുറമെ ഹെക്ടറിന്റെ തന്നെ ഏഴ് സീറ്റര്‍ പതിപ്പും ഒരു മിനി എസ്യുവിയും എത്തിയേക്കും. ഇതിന് 10 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. മാരുതിയുടെ ബ്രെസയും, ഹ്യുണ്ടായിയുടെ ക്രേറ്റയുമാണ് പ്രധാന എതിരാളികള്‍. ‘ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥാപനം ആരംഭിച്ച് കഴിഞ്ഞു. പ്രാദേശികവല്‍ക്കരണം, കഴിവും പ്രാഗത്ഭ്യമുള്ളവരെ തിരഞ്ഞെടുക്കുക, നല്ല സേവന ശൃംഖല സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ പിന്നീട് അവര്‍ക്ക് ആവശ്യമുള്ള സേവനങ്ങളും ഉറപ്പു വരുത്തും,’ എംജി മോട്ടോര്‍സ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറഞ്ഞു.

ആദ്യ ഉല്‍പന്നം അവതരിപ്പിക്കുമ്പോള്‍ 100 വില്‍പനയും, 65 നഗരങ്ങളില്‍ സര്‍വീസ് പോയിന്റുകളും ഉണ്ടാകും. മാരുതി സുസുക്കി, ഹ്യുണ്ടായ് പോലുള്ള വമ്പന്മാര്‍ ഉള്ള ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ലെന്ന് ചബ പറയുന്നു. ‘എന്നാല്‍ ചില ബ്രാന്‍ഡുകള്‍ ഇവിടെ പരാജയപ്പെട്ടിട്ടുണ്ട്. അവര്‍ ഒരേ തെറ്റുകളാണ് ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. നല്ല ഉല്‍പന്നങ്ങള്‍ അവരുടെ കൈവശം ഉണ്ടായിരുന്നെങ്കിലും സേവനങ്ങളും, ലോജിസ്റ്റിക്‌സും, സ്പെയര്‍ പാര്‍ട്സും, ഉപഭോക്താക്കളെ സന്തുഷ്ടരാക്കാനും അവര്‍ക്ക് സാധിച്ചില്ല. ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കമ്പനി ശ്രദ്ധിക്കും,’ ചബ വ്യക്തമാക്കി.

എതിരാളികളായ ഹ്യുണ്ടായ്, ജനറല്‍ മോട്ടോര്‍സ്, ഹാര്‍ലി-ഡേവിഡ്സണ്‍, ഹോണ്ട, ബ്രിഡ്ജ്സ്റ്റോണ്‍ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും ചബ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രധാന ചുമതലകള്‍ ഇവരെ ഏല്‍പ്പിക്കും.

Comments

comments

Categories: Auto
Tags: mg motors