ലോറയുടെ പ്രയാണം

ലോറയുടെ പ്രയാണം

അപൂര്‍വ്വരോഗം കൊണ്ടു ക്ലേശിക്കുന്ന യുവതി അഭൂതപൂര്‍വ്വമായ ചികില്‍സയില്‍ അഭയം തേടുന്നു

സമൂഹമാധ്യമങ്ങളില്‍ കാണപ്പെടുന്ന 31കാരിയായ ലോറ മക്‌ലിയോഡ് എന്ന അമേരിക്കക്കാരി വളരെ ശക്തയും സാഹസികയുമാണ്. ഭൂരിഭാഗം ചിത്രങ്ങളിലും അവള്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ നടുവിലാണ്, ഉലകം ചുറ്റും സഞ്ചാരിയാണ്. എന്നാല്‍, ഇത്തരം ഇടവേളകളിലല്ലാതെ ആശുപത്രിക്കിടക്കയില്‍ വൈദ്യുതവയറുകള്‍, കുഴലുകള്‍, നിരീക്ഷണ മെഷീനുകള്‍ എന്നിവയാല്‍ ബന്ധിക്കപ്പട്ട ലോകത്തിലേക്ക് അവള്‍ ഒതുങ്ങുന്നു. വിട്ടുമാറാത്ത ലൈം എന്ന അപൂര്‍വ്വരോഗത്തിന്റെ ഇര.

ലൈം രോഗിയായ ലോറ, മുക്തി നേടാന്‍ മുട്ടാത്ത വാതിലുകളില്ല. ജ്വരസന്നി, ഓര്‍മക്കുറവ്, കട്ടുകഴപ്പ്, കണ്‍പോളകളിലെ നീര്‍വീക്കം തുടങ്ങി ഒരുപാട് അസ്വസ്ഥകളാണ് രോഗലക്ഷണങ്ങള്‍. 2016 മുതല്‍ രക്തശുദ്ധീകരണത്തിനായി തേനീച്ചക്കുത്ത് മുതല്‍ ഓസോണ്‍ ഇന്‍ജക്ഷന്‍ വരെയുള്ള ചികില്‍സകള്‍ അവലംബിക്കുകയാണിവര്‍. എണ്ണിയാലൊടുങ്ങാത്തതെന്നു പറയാവുന്നത്ര രക്ത ശുദ്ധീകരണോദ്ദീപനികള്‍ (ആന്റിബയോട്ടിക്) ശരീരത്തില്‍ കയറ്റിയിട്ടും രോഗത്തിന് ഒരു ആശ്വാസവും കിട്ടിയില്ല.

വളരെ വിചിത്രമായ ഒരു കാര്യം, ഇങ്ങനെയൊരു രോഗം വൈദ്യശാസ്ത്രലോകം സ്ഥിരീകരിക്കാന്‍ മുതിരുന്നില്ലെന്നതാണ്. അമേരിക്കന്‍ രോഗ നിയന്ത്രണ- പ്രതിരോധ കേന്ദ്രം അഥവാ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷ(സിഡിസി)നിലെ വിദഗ്ധര്‍ പലരും അതിനെ കെട്ടുകഥയാണോ എന്ന സംശയദൃഷ്ടിയോടെയാണത്രേ നോക്കിക്കാണുന്നത്. ഇതില്‍ മനം മടുത്ത ലോറ, അറ്റകൈ എന്നനിലയില്‍ ജര്‍മ്മനിയിലേക്ക് അത്യന്തം അപടകരമായ പുതിയൊരു ചികില്‍സാ രീതി തേടി പോകുകയാണ്.

ശരീരതാപം 107ഡിഗ്രി വരെ ഉയര്‍ത്തിക്കൊണ്ട് ചെയ്യുന്ന ചികില്‍സാരീതിയാണിത്. ഗുരുതരമായ പനിയെന്നു പറയുന്നത് 103- 104 ഡിഗ്രിയോളം താപനില ഉയരുന്നതാണെന്നോര്‍ക്കുക. 107 ഡിഗ്രി താപനിലയെത്തുമ്പോള്‍ അത്തരം പനിയെ ഹൈപ്പര്‍പ്രിക്‌സിയ എന്നാണ് പറയാറ്. ഒരു വ്യക്തിയുടെ ശരീരതാപനില ഈയൊരു നിലയിലേക്ക് ഉയര്‍ത്തുമ്പോള്‍ അവര്‍ വിറയലും ചുഴലിദീനവും വന്ന് ബോധശൂന്യരായി പോകാം. ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്ന അവരെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിയും വരും. അതിലുപരി ഈ സാഹചര്യത്തില്‍ തലച്ചോറിനു കേടുപാടുകള്‍ സംഭവിക്കാം. 40,000 ഡോളര്‍ ചെലവു വരുന്ന ചികില്‍സയിലൂടെ ഇത്തരമൊരു അപകടകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് ലോറയ്ക്കു പോകേണ്ടി വരുന്നത്.

അണുബാധ ഇല്ലാതാക്കാനുള്ള ആന്റിബയോട്ടിക്ക് ചികില്‍സമാത്രമാണ് ലൈം രോഗത്തിനുള്ള തെളിയിക്കപ്പെട്ട ഏകചികില്‍സ. പക്ഷേ, രോഗത്തിന്റെ പ്രഥമികഘട്ടങ്ങളില്‍ മാത്രമേ ഇത് കൊണ്ട് ഫലമുള്ളൂ.
ലോറയുടെ നിലവിലെ അവസ്ഥയില്‍ ഇത് പ്രായോഗികമല്ല. ന്യൂറോളജി, കൈറോപ്രാക്റ്റര്‍മാര്‍, ഓര്‍ത്തോപീഡിസ്റ്റുകള്‍ തുടങ്ങിയ വിദഗ്ധചികില്‍സകരെ കണ്ടെങ്കിലും ആരും ശരിയായ നിര്‍ദ്ദേശങ്ങളൊന്നും തന്നില്ല, ആര്‍ക്കും വ്യക്തമായ രോഗകാരണം കണ്ടെത്താനായില്ലെന്നു ലോറ പറയുന്നു.

ഒരിക്കല്‍ ലോറയോട് ഒരു ഓര്‍ത്തോപീഡിക് സര്‍ജന്‍, ശസ്ത്രക്രിയയ്ക്കു നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിനു വേണ്ടി നടത്തിയ ആന്തരികപരിശോധനകളില്‍ ഒരു പ്രശ്‌നവും കാണാതിരുന്നാല്‍ ലോറയുടെ രോഗാവസ്ഥ ശാരീരികമെന്നതിനേക്കാള്‍ മാനസികമാണെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. രോഗലക്ഷണങ്ങള്‍ മാനസികസമ്മര്‍ദവുമായി ബന്ധപ്പെട്ടതാകാം എന്ന അനുമാനത്തിന്റെ പുറത്ത് ഒരു മനശാസ്ത്രവിദഗ്ധനെ കാണാന്‍ അവള്‍ തീരുമാനിച്ചു. രണ്ടു വര്‍ഷത്തോളം അവള്‍ ചികില്‍സ തുടര്‍ന്നു. എന്നാല്‍ ലോറയുടെ രോഗം മാനസികമല്ല, ശാരീരികം തന്നെയാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

പ്രകടമായ ലക്ഷണങ്ങള്‍ പ്രാഥമികഘട്ടത്തില്‍ കാണിക്കാത്ത രോഗമാണ് ലൈം. നന്നേ ചെറുപ്രായത്തില്‍ തന്നെ അതിനു കാരണമായ ബാക്റ്റീരിയ ലോറയുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞതായാണ് നിഗമനം. രോഗം കണ്ടെത്താനും ചികില്‍സിക്കാനുമുള്ള മാര്‍ഗങ്ങളെ കുഴപ്പിക്കുന്നത് ഇതാണ്. ഒരു ലൈം രോഗിയുടെ ലക്ഷണങ്ങള്‍ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തമാണ്. ബാക്റ്റീരിയ രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കുകയും ഹൃദയം, മസ്തിഷ്‌കം എന്നിവയിലെ കോശങ്ങളില്‍ വന്ന് ഒളിക്കുകയും ചെയ്യും.

ലോറയുടെ മസ്തിഷ്‌ക്കത്തിനുണ്ടായ അസ്വാസ്ഥ്യങ്ങളെല്ലാം അതിതീവ്രമായിരുന്നു. അതവള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു, ചിന്തകളെയും ബോധത്തെയും അത് ബാധിക്കാന്‍ തുടങ്ങി. ശരിയായ വാക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല, എല്ലായ്‌പ്പോഴും സ്വയം നഷ്ടപ്പെടുന്ന അവസ്ഥ. എന്നാല്‍ ലോറയുടെ ഇതേ ലക്ഷണങ്ങളാകില്ല മറ്റു ലൈം രോഗികളില്‍ കാണാനാകുക. രോഗം മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്കു വീക്കമുണ്ടാക്കാമെന്ന് സിഡിസി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം രോഗികള്‍ക്ക് ഉറക്കം, മന്ദത, ആശയക്കുഴപ്പം എന്നിവയുണ്ടാകും. ചിലരില്‍ വ്യക്തിത്വപ്രശ്‌നങ്ങളോ ഭ്രമമോ സന്നിയോ കാണാറുണ്ട്. ലോറയ്ക്കാകട്ടെ ഇപ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം ആര്‍ത്തവപ്രശ്‌നങ്ങളും നെഞ്ച്, പിടലി, സന്ധിവേദനകളും ഉണ്ട്. ക്ഷയകാരിയായ ബാക്റ്റീരിയ ശരീരത്തില്‍ മറഞ്ഞിരിക്കുന്നതു പോലെ അസ്ഥിമജ്ജയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ബാക്റ്റീരിയകളാണ് ലൈം രോഗകാരികള്‍. ആന്റിബയോട്ടിക് ചികില്‍സകളുടെ ഒരു സമ്മിശ്ര രീതിയാണ് ഇവയെ നശിപ്പിക്കാനുള്ള ഏകമാര്‍ഗം. തികച്ചും വ്യക്ത്യാധിഷ്ഠിതമരുന്നു പ്രയോഗം വേണ്ട ചികില്‍സയാണിത്.

ഇവിടെ രോഗനിര്‍ണ്ണയം, ചികില്‍സ, അടയാളങ്ങള്‍, ലക്ഷണങ്ങള്‍ എന്നിവ തിരിച്ചറിയുകയെന്നത് പ്രധാനമാണ്. പലരും ലൈം രോഗത്തെ അവഗണിക്കാറുണ്ട്. സങ്കീര്‍ണമെങ്കിലും പതിരോധശേഷി വളര്‍ത്താന്‍ ശരീരത്തിലെ സൂക്ഷ്മജീവി സഞ്ചയത്തിന് എന്തുചെയ്യാന്‍ കഴിയും എന്നറിയുവാന്‍ ഇത് അത്യാവശ്യമാണ്. പരിശോധനയ്ക്കും ചികില്‍സയ്ക്കും ഒട്ടേറെ സാങ്കേതികവിദ്യകളും മെച്ചപ്പെട്ട ഉപകരണങ്ങളും വേണ്ടി വരും. ഇതിന് ഒട്ടേറെ സമയവും പണവും ചെലവിടണം. ലോറ പ്ലാസ്മ ഫെറസസ് എന്ന രക്തശുദ്ധീകരണ പുനചംക്രമണ ചികില്‍സ നടത്തിയ ശേഷമാണ് ജര്‍മനിയിലേക്കു പറക്കുന്നത്.

ജര്‍മനിയിലെ സെന്റ് ജോര്‍ജ് ക്ലിനിക്കിലാണ് ലോറ ചികില്‍സ തേടുന്നത്. ലൈം ബാക്റ്റീരിയയില്‍പ്പെട്ട ബൊറിലിയ ബര്‍ഗ്‌ഡോര്‍ഫെറിയെ നശിപ്പിക്കുമെന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്ന ചികില്‍സാരീതി. എന്നാല്‍ ഇതിന്റെ വിജയസാധ്യത ഇനിയും നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഇതിനു രോഗിയെ പരുവപ്പെടുത്തുമ്പോള്‍ ഉയരുന്ന ശരീര താപനില ഗുരോഗിയുടെ ജീവനു ഭീഷണിയായേക്കാം. ബൊറിലിയ ബര്‍ഗ്‌ഡോര്‍ഫെറിയെ നിര്‍വീര്യമാക്കാനുള്ള ആന്റിബയോട്ടിക്കുകളുടെ ലാബ് പരീക്ഷണങ്ങളും ഇതേവരെ നടത്തിയിട്ടില്ല. ശുഭപ്രതീക്ഷ മാത്രമാണ് ലോറയ്ക്കു മുമ്പിലുള്ളത്.

Comments

comments

Categories: Health