കെഎഫ്‌സിക്ക് മംഗോളിയയില്‍ വിലക്ക്

കെഎഫ്‌സിക്ക് മംഗോളിയയില്‍ വിലക്ക്

ആഗോള ഭക്ഷ്യോല്‍പ്പന്ന ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന് (കെഎഫ്‌സി) മംഗോളിയ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഉലാന്‍ബത്താറിലെ സെയ്‌സാന്‍ കെഎഫ്‌സി റെസ്റ്റോറന്റില്‍ നിന്നു ഭക്ഷണം കഴിച്ച 42 പേരെ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണു നടപടി. ഇവിടെ നിന്നു ഭക്ഷണം കഴിച്ച മറ്റ് ഇരുന്നൂറിലധികം പേരും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. നഗരത്തിലെ മെട്രോപൊളിറ്റന്‍ പ്രൊഫഷണല്‍ ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ആണ് ഇക്കാര്യം അറിയിച്ചത്. 247 പേരാണ് വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മലിനജലം ഉപയോഗിച്ചതാണു കാരണമെന്ന് പ്രഥമവിവരം.

സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ മംഗോളിയന്‍ സര്‍ക്കാര്‍ റെസ്റ്റോറന്റ് അടപ്പിച്ചിരുന്നു. 18 മുതല്‍ 21 വരെ കെഎഫ്‌സി റെസ്റ്റോറന്റുകളില്‍ പരിശോധന നടത്തുമെന്ന് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. അതു വരെ റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. 2013ല്‍ മംഗോളിയയില്‍ പ്രവര്‍ത്തനമാരംഭിച്ച കെഎഫ്‌സിക്ക് ഇവിടെ 11 ശാഖകളാണ് ഉള്ളത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കെഎഫ്‌സി അറിയിച്ചിട്ടുണ്ട്. സെയ്‌സാനിലെ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ച കമ്പനി നേരിടുന്ന പ്രതിസന്ധിയില്‍ തങ്ങളുടെ ടീം അംഗങ്ങളുമായി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയും നടത്തി.

സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള സര്‍ക്കാര്‍ അന്വേഷണത്തിന് കമ്പനി എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ പൂര്‍ണമായി അംഗീകരിക്കും. സംഭവത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കണമെന്നും കമ്പനി ഇ- മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. കെഎഫ്‌സി മംഗോളിയയില്‍ പ്രവര്‍ത്തിക്കുന്നത് തവാന്‍ ബോഗ്ഡ് ഗ്രൂപ്പുമായി ചേര്‍ന്നാണ്. ഗുണനിലവാര പരിശോധനയില്‍ വന്ന പിഴവാണ് പ്രശ്‌നത്തിനു കാരണമെന്ന് മറ്റൊരു പ്രസ്താവനയില്‍ തവാന്‍ ബോഗ്ഡ് പറഞ്ഞു. പ്രശ്‌നത്തില്‍ രാജ്യത്തോടു മാപ്പു ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: FK News
Tags: KFC, KFC Mangolia