റെയ്ല്‍വേയുടെ നേട്ടങ്ങള്‍; വേണ്ടത് അഭിമാനം

റെയ്ല്‍വേയുടെ നേട്ടങ്ങള്‍; വേണ്ടത് അഭിമാനം

ആവശ്യത്തിനും അനാവശ്യത്തിനും റെയ്ല്‍വേയെ പഴി പറയുന്ന ശീലമുണ്ട് നമുക്ക്. എന്നാല്‍ വലിയ നേട്ടങ്ങള്‍ക്ക് പരിശ്രമിക്കുമ്പോള്‍ അതിനെ പരിഹസിക്കുന്ന രീതി ശരിയല്ല. അഭിമാനാര്‍ഹമായ നിരവധി നാഴികക്കല്ലുകള്‍ പിന്നിടുന്നുണ്ട് റെയ്ല്‍വേ

ഏറെ പരിമതികളും പ്രശ്‌നങ്ങളുമുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റെയ്ല്‍വേ. ട്രെയ്ന്‍ യാത്രയുടെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നരേന്ദ്ര മോദി മന്ത്രിസഭയിലെ കാര്യക്ഷമത തെളിയിച്ച അംഗമെന്ന നിലയില്‍ പീയുഷ് ഗോയല്‍ റെയ്‌ല്‍േവെയുടെ അമരത്ത് എത്തിയത്. തുടര്‍ന്ന് വ്യത്യസ്തമായ രീതികളിലൂടെ ഈ പൊതുമേഖല സംരംഭത്തെ മുന്നോട്ടുകൊണ്ടുപാകാനുള്ള ശ്രമങ്ങള്‍ പീയുഷ് ഗോയല്‍ നടത്തുന്നുണ്ട്. പുതിയ നാഴികക്കല്ലുകള്‍ പിന്നിടാന്‍ ഇന്ത്യന്‍ റെയ്ല്‍വേക്ക് സാധിക്കുന്നുമുണ്ട്.

വന്ദേഭാരത് എക്‌സ്പ്രസും ഇലക്ട്രിക് ലോക്കോമോട്ടിവുമെല്ലാം അതിനുദാഹരണങ്ങളാണ്. ഇന്നലെയാണ് ഒരു ഡീസല്‍ ലോക്കോമോട്ടിവിനെ ഇലക്ട്രിക് എന്‍ജിനാക്കി മാറ്റി ഇന്ത്യ പുതിയ ചരിത്രം കുറിച്ചത്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പരിശ്രമം വിജയത്തിലെത്തിയത്. ഇതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്തു. ഊര്‍ജ്ജക്ഷമതയ്ക്കുള്ള മികച്ച മാതൃകയായിട്ടാണ് അത് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞയാഴ്ച്ച വന്ദേഭാരത് എക്‌സ്പ്രസ് പ്രവര്‍ത്തനക്ഷമമായതും ഇന്ത്യന്‍ റെയ്ല്‍വേയുടെ കിരീടത്തിലെ പൊന്‍തൂവലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് പല പ്രധാന നാഴികക്കല്ലുകളും റെയ്ല്‍വേ പിന്നിടുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയ്‌നെന്ന ഖ്യാതി നേടിയ വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങിയതുമുതല്‍ ഉയരുന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് ട്രയല്‍ റണ്ണിനിടെ ട്രെയ്ന്‍ ബ്രേക് ഡൗണ്‍ ആയതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. കൊളോണിയല്‍ ചിന്താഗതി ഇപ്പോഴും വെച്ചുപുലര്‍ത്തുന്നതുകൊണ്ടാകാം ബിബിസി ഈ വാര്‍ത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഒരു ഇമോജി കൂടി അകമ്പടി ചേര്‍ത്താണ്.

വന്ദേഭാരത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് ഫെബ്രുവരി 17ന് മാത്രമാണ്. അതിനു മുമ്പ് പാളത്തിലെ പശുക്കളെ ഇടിച്ചതോടെ താല്‍ക്കാലികമായി ട്രെയ്ന്‍ പണിമുടക്കിയതാണ്. അല്ലാതെ എന്നെന്നേക്കുമായി പ്രവര്‍ത്തനം നിന്നതല്ല. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടുങ്ങുന്നതിന് മുമ്പുള്ള ഈ സംഭവത്തെ പരിഹാസ്യരൂപേണ വാര്‍ത്തയാക്കേണ്ട കാര്യമോ അടിമുടി വിമര്‍ശിക്കേണ്ട ആവശ്യമോ ഇല്ല. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ എന്‍ജിനില്ലാ ട്രെയ്‌നാണ് വന്ദേഭാരത് എക്‌സ്പ്രസ്. ഇനി എത്ര പരിമിതികള്‍ ഉണ്ടെങ്കിലും ആ നേട്ടത്തെ കുറച്ചുകാണിക്കുന്നത് ശരിയായ രീതിയല്ല. 200 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ സാധിക്കുന്ന ട്രെയ്ന്‍ പൂര്‍ണസജ്ജമായാല്‍ റെയ്ല്‍വേയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലായി മാറുമെന്നത് തീര്‍ച്ചയാണ്. ബിബിസിയെ പോലുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ സമീപിച്ച രീതി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. അതിലുപരി പ്രതിപക്ഷ നേതാവ് തന്നെ ഇത്തരമൊരു വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചതും തീരെ ഉചിതമായില്ല.

Categories: Editorial, Slider