ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേട്ടമാക്കാന്‍ ഇന്‍വെസ്റ്റര്‍കോര്‍പ് ഇന്ത്യയില്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേട്ടമാക്കാന്‍ ഇന്‍വെസ്റ്റര്‍കോര്‍പ് ഇന്ത്യയില്‍

ഇന്ത്യയില്‍ 450 മില്യണ്‍ ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യും

മനാമ: ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ ദാതാവും ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഡക്ട്‌സ് മാനേജറുമായ ഇന്‍വെസ്റ്റ്‌കോര്‍പ് ഇന്ത്യയില്‍ ആദ്യ ഓഫീസ് തുറന്നു. ഇന്‍വെസ്റ്റ്‌കോര്‍പ് ഇന്ത്യ അസറ്റ്‌സ് മാനേജേഴ്‌സ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഇന്‍വെസ്റ്റ്‌കോര്‍പ് അറിയിച്ചു. 450 മില്യണ്‍ ഡോളര്‍ വിപണിമൂല്യത്തിലുള്ള ആസ്തികളാണ് കമ്പനി ഇന്ത്യയില്‍ കൈകാര്യം ചെയ്യുക.ഇന്ത്യയില്‍ 21 ജീവനക്കാരാണ് ഇന്‍വെസ്റ്റ്‌കോര്‍പിന് ഉണ്ടായിരിക്കുക.

ഇന്‍വെസ്റ്റ്‌കോര്‍പ് ഇന്റെര്‍നാഷ്ണല്‍ അഡൈ്വസറി ബോര്‍ഡംഗം ദീപക് പരേഖ്, കമ്പനി സഹ സിഇഒമാരായ റിഷി കപൂര്‍, ഹസെം ബെന്‍ ഗാസെം എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍വെസ്റ്റ്‌കോര്‍പ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മുഹമ്മദ് അല്‍അര്‍ഥിയാണ് ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ ആദ്യ ഇടപാടായ ഐഡിഎഫ്‌സിയുടെ സ്വകാര്യ ഓഹരി, റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ് മാനേജ്‌മെന്റ് ബിസിനസുകള്‍ ഏറ്റെടുത്ത് കൊണ്ടാണ് ഇന്‍വെസ്റ്റ്‌കോര്‍പ് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ ഓഫീസ് ആരംഭിച്ചത്. രാജ്യാന്തരതലത്തില്‍ ഏട്ടാമത്തെയും ഏഷ്യയില്‍ സിംഗപ്പൂരിന് ശേഷം രണ്ടാമത്തെയും ഓഫീസാണ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുവാക്കളുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രാദേശിക ഉപഭോഗം, തുടര്‍ച്ചയായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടങ്ങിയ പ്രധാനഘടകങ്ങള്‍ കണക്കിലെടുത്താണ് ഏഷ്യയിലെ രണ്ടാമത്തെ ഓഫീസ് തുറക്കുന്നതിന് ഇന്ത്യയെ തെരഞ്ഞെടുത്തതെന്ന് കമ്പനി സഹ സിഇഒ റിഷി കപൂര്‍ പറഞ്ഞു. ഉയര്‍ന്നു വരുന്ന വിപണികളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് കമ്പനിയെന്ന് അല്‍അര്‍ഥിയും വ്യക്തമാക്കി.

ഡിസംബര്‍ 31 വരെയുള്ള ആറ് മാസക്കാലത്തെ ആകെ വരുമാനത്തില്‍ 5 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.വെല്ലുവിളി നിറഞ്ഞ മാക്രോ ഇക്കണോമിക് സാഹചര്യത്തിനിടയിലും ഈ വളര്‍ച്ച കൈവരിക്കാനായത് വലിയ നേട്ടമായാണ് കമ്പനി കാണുന്നത്.

Comments

comments

Categories: Arabia