ഐഎഎ ആഗോള ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഐഎഎ ആഗോള ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഐഎഎ സമ്മേളനത്തിന് വേദിയാവുന്ന ആദ്യ ഇന്ത്യന്‍ നഗരം കൊച്ചി; ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക

കൊച്ചി: പരസ്യമേഖലയിലെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ (ഐഎഎ) ലോക ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് 44 ാം ഉച്ചകോടിക്ക് വേദിയാവുന്നത്. ആദ്യമായാണ് ലോക ഉച്ചകോടിക്ക് ഒരു ഇന്ത്യന്‍ നഗരം ആതിഥ്യം വഹിക്കുന്നത്. ‘ബ്രാന്‍ഡ് ധര്‍മ’ എന്നതാണ് ഇത്തവണത്തെ പ്രമേയം. 22 ാം തിയതി വരെ നീളുന്ന പരിപാടിയില്‍ ലോകത്തെ പ്രമുഖ വ്യവസായികളും ശ്രദ്ധേയരായ വ്യക്തികളും പങ്കെടുക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ ഇന്നത്തെ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമാകും. യുണിലിവര്‍ ചെയര്‍മാന്‍ പോള്‍ പോള്‍മാന്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി, സോഫ്റ്റ് ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് സിഇഒ രാജീവ് മിശ്ര, ആലി ബാബ ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ ക്രിസ് തുംഗ്, ഫേസ്ബുക്ക് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് കാരോലിന്‍ എവര്‍സന്‍, സ്‌കൈപ് കോ ഫൗണ്ടര്‍ ജോനാസ് കെല്‍ബെര്‍ഗ്, സാംസംഗ് ആഗോള വൈസ് പ്രസിഡന്റ് പ്രണവ് മിസ്ത്രി തുടങ്ങിയവര്‍ വരും ദിവസങ്ങളിലെ സെഷനുകളില്‍ പ്രഭാഷണം നടത്തും.

മുന്ഡ യുഎസ് ടെന്നീസ് താരം ആന്ദ്രേ അഗാസി, ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, കജോള്‍ തുടങ്ങിയവരും സമ്മേളനത്തിന്റെ ഭാഗമാകും. ഹ്യൂമനോയ്ഡ് റോബോട്ടായ ‘സോഫിയ’യുടെ സാന്നിധ്യമാണ് ഉച്ചകോടിയുടെ മറ്റൊരു ആകര്‍ഷണം. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിനെത്തുക. ആഗോള പരസ്യ മേഖലയിലെ നൂതന പ്രവണതകളും സാധ്യതകളും സമ്മേളനം വിശകലനം ചെയ്യും

Categories: FK News

Related Articles