എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റെ ലാഭത്തില്‍ നിരാശ

എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റെ ലാഭത്തില്‍ നിരാശ

കഴിഞ്ഞ വര്‍ഷം 22 ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിച്ചു, നേടിയത് 19.9 ബില്യണ്‍ ഡോളര്‍

ലണ്ടന്‍: ചൈനയിലെയും ബ്രിട്ടനിലെയും മാന്ദ്യം വിപണി മൂല്യത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന് തലവേദനയാകുന്നു. ഉയര്‍ന്ന ചെലവിന്റെയും ഓഹരി വിപണിയിലെ തിരിച്ചടികളുടെയും ഫലമായി കഴിഞ്ഞ വര്‍ഷം ലാഭത്തില്‍ നിരാശാജനകമായ വളര്‍ച്ചയാണ് എച്ച്എസ്ബിസിക്ക് രേഖപ്പെടുത്താനായത്. ചൈനയുടെയും ബ്രിട്ടന്റെയും ദുര്‍ബലമായ സാമ്പത്തിക വീക്ഷണം ഈ വര്‍ഷവും തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് ബാങ്ക് പറയുന്നത്.

2018ല്‍ 19.9 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് (നികുതിക്ക് മുന്‍പുള്ളത്) എച്ച്എസ്ബിസിക്ക് നേടാനായത്. 2017ല്‍ 17.2 ബില്യണ്‍ ഡോളറായിരുന്നു ബാങ്കിന്റെ ലാഭം. 16 ശതമാനം വാര്‍ഷിക വര്‍ധന ലാഭത്തില്‍ ഉണ്ടായെങ്കിലും അനലിസ്റ്റുകള്‍ പ്രതീക്ഷിച്ച ശരാശരി ലാഭത്തേക്കാള്‍ (22 ബില്യണ്‍ ഡോളര്‍) കുറഞ്ഞ ലാഭമാണ് ബാങ്കിന് നേടാനായത്. സാമ്പത്തിക ഫലം പുറത്തുവന്നതോടെ ബാങ്കിന്റെ ഹോങ്കോംഗ് ഓഹരികള്‍ 2.7 ശതമാനം വരെ ഇടിഞ്ഞു.

പ്രതി ഓഹരിക്ക് 0.51 ഡോളര്‍ ലാഭ വിഹിതം നല്‍കുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തലത്തില്‍ തന്നെ വിഹിതം നിലനിര്‍ത്താനാകുമെന്നും ബാങ്ക് ആന്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും ആഗോള വ്യാപാര പ്രശ്‌നങ്ങളും വെല്ലുവിളിയാകുമെന്ന് ബാങ്ക് പറയുന്നു. യുഎസുമായുള്ള വ്യാപാര യുദ്ധത്തിന്റെ ഫലമായി ചൈനയിലുണ്ടായ സാമ്പത്തിക മാന്ദ്യം ഏഷ്യയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള എച്ച്എസ്ബിസിയുടെ തന്ത്രത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

28 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ചൈന കഴിഞ്ഞ വര്‍ഷം നേടിയത്, 6.6 ശതമാനം. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് സെപ്റ്റംബര്‍-നവംബറില്‍ ബ്രിട്ടണ്‍ രേഖപ്പടുത്തിയത്. ആഗോള വ്യാപാര നിയന്ത്രണങ്ങള്‍ ഫാക്റ്ററി ഉല്‍പ്പാദനത്തെ ബാധിച്ചതും ബ്രെക്‌സിറ്റ് സമീപനവുമാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണം. ഇതും ബാങ്കിനെ സംബന്ധിച്ച് തലവേദനയാണ്. 2018ല്‍ അനുകൂലമായ നേട്ടം കുറിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടെന്നും എച്ച്എസ്ബിസി പറയുന്നു.

Comments

comments

Categories: Business & Economy