ഹോണ്ട ബ്രിട്ടണിലെ കാര്‍ നിര്‍മ്മാണശാല അടച്ചു പൂട്ടുന്നു

ഹോണ്ട ബ്രിട്ടണിലെ കാര്‍ നിര്‍മ്മാണശാല അടച്ചു പൂട്ടുന്നു

ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ ഫാക്ടറി ഹോണ്ട 2022-ല്‍ പൂട്ടിടാന്‍ പോകുന്ന രണ്ടാമത്തെ നിര്‍മ്മാണശാല ആയിരിക്കും

ലണ്ടന്‍: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ ബ്രിട്ടണിലെ ഏക കാര്‍ നിര്‍മ്മാണശാല 2022ഓടെ അടച്ചു പൂട്ടുമെന്ന് അറിയിച്ചു. 3500 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. ബ്രെക്സിറ്റ് അടുക്കുന്നത്തോടെ യുകെ കാര്‍ വ്യവസായം നേരിടുന്ന പുതിയ ആഘാതമാണിത്.

ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ ഫാക്ടറി ഹോണ്ട 2022-ല്‍ പൂട്ടിടാന്‍ പോകുന്ന രണ്ടാമത്തെ നിര്‍മ്മാണശാല ആയിരിക്കും. 2022-ല്‍ തന്നെ ജപ്പാനിലെ ഒരു നിര്‍മാണശാലയ്ക്കും ഹോണ്ട താഴിടും. വാഹന സാങ്കേതിക വിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉത്പാദനം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. 160,000 വാഹനങ്ങള്‍ സ്വിന്‍ഡന്‍ നിര്‍മ്മാണശാലയില്‍ നിന്നും ഹോണ്ട പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്തമായ സിവിക് ഹാച്ച്ബാക്ക് മോഡലും ഇവിടെയാണ് നിര്‍മ്മിച്ചത്. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യൂറോപ്പില്‍ കനത്ത തിരിച്ചടിയാണ് ഹോണ്ട നേരിടുന്നത്. ഡീസല്‍ വാഹനങ്ങളുടെ ആവശ്യകത കുറഞ്ഞതും, ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതും പ്രശ്നം കൂടുതല്‍ വഷളാക്കുന്നു.

ജപ്പാനിലെ ആഭ്യന്തര വിപണിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ മൂലം സയാമ നിര്‍മ്മാണശാല അടക്കാന്‍ തീരുമാനിക്കുന്നതായി ഹോണ്ട ഒക്ടോബര്‍ 2017-ല്‍ പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി വാഹനങ്ങളും സെല്‍ഫ്-ഡ്രൈവിംഗ് കാറുകളും നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട. കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഒരു മൊബിലിറ്റി കമ്പനിയായി മാറണമെന്നാണ് ഹോണ്ടയുടെ ലക്ഷ്യം. ബ്രിട്ടണിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്. മുമ്പ് നിസ്സാനും ബ്രിട്ടണില്‍ എക്സ് ട്രയില്‍ എസ്യുവി നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചിരുന്നു. ബ്രിട്ടണിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തൊഴിലാളികളെ 10 ശതമാനമായി കുറയ്ക്കുമെന്ന് ജനുവരിയില്‍ അറിയിച്ചിരുന്നു. ചൈനയിലെ വില്‍പ്പനയില്‍ നേരിട്ട് നഷ്ടവും യൂറോപ്പില്‍ ഡീസല്‍ വാഹനങ്ങളുടെ ആവശ്യകത കുറഞ്ഞതുമാണ് ഇതിന് കാരണം.

Categories: Auto