ആഗോളതാപനം എന്ന പദപ്രയോഗം പ്രചരിപ്പിച്ച ശാസ്ത്രജ്ഞന്‍ വിടവാങ്ങി

ആഗോളതാപനം എന്ന പദപ്രയോഗം പ്രചരിപ്പിച്ച ശാസ്ത്രജ്ഞന്‍ വിടവാങ്ങി

ന്യൂയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കുകയും ‘ആഗോളതാപനം’ എന്ന പദപ്രയോഗം പ്രചരിപ്പിക്കുകയും ചെയ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനും 87-കാരനുമായ വാലസ് സ്മിത്ത് ബ്രോയ്ക്കര്‍ അന്തരിച്ചു. തിങ്കളാഴ്ച ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളുകളായി വാലസ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ പ്രഫസറും ഗവേഷകനുമായിരുന്നു വാലസ്.

1975-ല്‍ വാലസ് എഴുതിയ ഒരു പ്രബന്ധത്തിലായിരുന്നു ആദ്യമായി ഗ്ലോബല്‍ വാമിംഗ് അഥവാ ആഗോള താപനം എന്ന പദം പ്രയോഗിച്ചത്. ആ പ്രബന്ധത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരുന്നതായും ഇത് താപനില വര്‍ധിക്കാന്‍ കാരണമാകുമെന്ന് പ്രവചിക്കുകയും ചെയ്തു. ഓഷ്യന്‍ കണ്‍വെയര്‍ ബെല്‍റ്റിനെ ആദ്യമായി അംഗീകരിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് വാലസ്. വായുവിലെ താപനില മുതല്‍ മഴയുടെ ക്രമം വരെയുള്ള എല്ലാത്തിനെയും ബാധിക്കുന്ന ആഗോള ജലപ്രവാഹങ്ങളുടെ ശൃംഖലയെയാണ് ഓഷ്യന്‍ കണ്‍വെയര്‍ ബെല്‍റ്റ് എന്നു വിശേഷിപ്പിക്കുന്നത്.

1931-ല്‍ ചിക്കാഗോയിലാണു വാലസ് ജനിച്ചത്. ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്പാര്‍ക്കില്‍ കുട്ടിക്കാലം ചെലവഴിച്ചു. പഠനങ്ങള്‍ക്കു ശേഷം 1959ല്‍ കൊളംബിയ സര്‍വകലാശാലയില്‍ ഫാക്കല്‍റ്റിയായി ചേര്‍ന്നു. ശാസ്ത്രലോകത്ത് വാലസ് അറിയപ്പെടുന്നത് കാലാവസ്ഥ ശാസ്ത്രത്തിന്റെ മുത്തച്ഛനെന്നാണ്.

Categories: FK News, Slider