രാജ്യത്ത് ഇന്ധന വില കുതിക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധന വില കുതിക്കുമെന്ന് റിപ്പോര്‍ട്ട്

ഡെല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 71 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 66.17 രൂപയും

ന്യൂഡെല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഇന്ധന വില വീണ്ടും വലിയ തോതില്‍ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിലധികമായി രാജ്യത്ത് ഇന്ധന വിലയില്‍ സ്ഥിരത നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഒരാഴ്ച്ചയ്ക്കിടെ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധന രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധനയ്ക്ക് കാരണമായേക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് അഞ്ച് ഡോളറാണ് വില വര്‍ധിച്ചത്. യുഎസ്-ചൈന വ്യാപാര തര്‍ക്കത്തിന് വേഗത്തില്‍ പരിഹാരമാകുന്നതും ഒപെക് രാഷ്ട്രങ്ങളും സഖ്യ രാജ്യങ്ങളും എണ്ണ വിതരണം വെട്ടിക്കുറച്ചതും ഇറാനും വെനസ്വലയ്ക്കുമെതിരെ യുഎസ് ഉപരോധമേര്‍പ്പെടുത്തിയതുമാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരാന്‍ കാരണമായത്.

ദേശീയ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 71 രൂപയാണ്. തിങ്കാളാഴ്ച 70.91 രൂപയായിരുന്നു നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില ലിറ്ററിന് 66.11 രൂപയില്‍ നിന്നും 66.17 രൂപയായി ഉയര്‍ന്നു. രാജ്യത്തെ മെട്രോപോളിറ്റന്‍ നഗരങ്ങളിലുടനീളം പെട്രോള്‍, ഡീസല്‍ വിലയില്‍ യഥാക്രമം 9-11 പൈസയുടെയും 6-7 പൈസയുടെയും വര്‍ധനയാണ് ഇന്നലെയുണ്ടായത്.

ചെന്നൈയില്‍ ഇന്നലെ 73.72 രൂപയായിരുന്നു പെട്രോള്‍ വില. ഡീസലിന് 69.91 രൂപയും. ഫെബ്രുവരി പത്ത് മുതലുള്ള കാലയളവില്‍ രാജ്യത്ത് പെട്രോള്‍ വിലയില്‍ 63 പൈസയുടെയും ഡീസല്‍ വിലയില്‍ 55 പൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ നിര്‍ദിഷ്ട ഓയിലിന്റെ ശരാശരി വിലയുടെയും വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ പ്രതിദിനം ആഭ്യന്തര എണ്ണ വില പരിഷ്‌കരിക്കുന്നത്.

അസംസ്‌കൃത എണ്ണ വില ബാരലിന് 66.7 ഡോളറായി തിങ്കാളാഴ്ച ഉയര്‍ന്നിരുന്നു. നവംബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. എന്നാല്‍, ഇന്നലെ ക്രൂഡ് വില ബാരലി 66.08 ഡോളറായി ചുരുങ്ങി. 0.6 ശതമാനത്തിന്റെ ഇടിവാണ് വിലയിലുണ്ടായത്. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച ഇന്ധന ആവശ്യകതയില്‍ തടസം സൃഷ്ടിക്കുന്നതു സംബന്ധിച്ച ആശങ്കയാണ് ക്രൂഡ് വിലയില്‍ നേരിയ ഇടിവിന് കാരണമായത്. യുഎസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷകളാണ് തിങ്കളാഴ്ച എണ്ണ വിലയില്‍ പ്രതിഫലിച്ചത്.

Comments

comments

Categories: FK News
Tags: fuel price