ഇന്ത്യയിലെ ജനപ്രിയ ഫുഡ് ബ്രാന്‍ഡുകള്‍ ഇനി ദുബായിലും

ഇന്ത്യയിലെ ജനപ്രിയ ഫുഡ് ബ്രാന്‍ഡുകള്‍ ഇനി ദുബായിലും

5 പ്രമുഖ എഫ്‌സിഎല്‍ ബ്രാന്‍ഡുകള്‍ യുഎഇ വിപണിയിലെത്തിക്കുന്നതിനായി ചൊയിത്രംസും എഫ്‌സിഎലും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ദുബായ് ഇന്ത്യയിലെ ജനപ്രിയ സ്‌നാക്‌സുകളും ഫുഡ് ബ്രാന്‍ഡുകളും യുഎഇ വിപണിയിലെത്തിക്കുന്നതിനായി പശ്ചിമേഷ്യയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ചൊയിത്രംസും ഇന്ത്യയിലെ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡും കൈകോര്‍ക്കുന്നു. ടേസ്റ്റി ട്രീറ്റ് സ്‌നാക്‌സുകള്‍ ഉള്‍പ്പടെ എഫ്‌സിഎലിന്റെ അഞ്ച് ജനപ്രിയ ബ്രാന്‍ഡുകളാണ് ഇനിമുതല്‍ ചൊയിത്രംസ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുക.

പങ്കാളിത്ത കരാര്‍ സംബന്ധിച്ച് ദുബായിലെ ഗള്‍ഫ്ഫുഡില്‍ വെച്ച് ഇരുകമ്പനികളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എഫ്‌സിഎല്ലിന്റെ അഞ്ച് ജനപ്രിയ ബ്രാന്‍ഡുകളുടെ വിതരണവും റീട്ടെയ്ല്‍ വില്‍പ്പനയുമാണ് ആദ്യഘട്ടത്തില്‍ ചൊയിത്രംസ് നടത്തുക. ടേസ്റ്റി ട്രീറ്റ് സ്‌നാക്‌സ് ബ്രാന്‍ഡ് കൂടാതെ സോസ് ആന്‍ഡ് ടിപ് ബ്രാന്‍ഡ് സംഗീ’സ്് കിച്ചണ്‍, ഗോതമ്പ് പൊടി ബ്രാന്‍ഡായ ദേശി ആട്ട കമ്പനി, ഓര്‍ഗാനിക് ആന്‍ഡ് നാച്ചുറല്‍ ഫുഡ് ബ്രാന്‍ഡായ മദര്‍ എര്‍ത്, ദേശീ ആട്ട കമ്പനിയുടെ അരിപ്പൊടി, ധാന്യങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവയാണ് യുഎഇ വിപണികളിലേക്ക് എത്താനൊരുങ്ങുന്നത്.

ഇന്ത്യയില്‍ വളരെ ജനകീയമായ ബ്രാന്‍ഡുകളാണ് ഇവയെന്ന് എഫ്‌സിഎല്‍ മനേജിംഗ് ഡയറക്ടര്‍ അഷ്ണി ബിയാനി പറഞ്ഞു. യുഎഇയിലെ വലിയൊരു വിഭാഗം ഇന്ത്യക്കാരില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് എഫ്‌സിഎല്ലുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതെന്ന് ടി ചൊയിത്രംസ് ആന്‍ഡ് സണ്‍സ് സിഇഒ രാജീവ് വാര്യര്‍ പറഞ്ഞു. നിലവില്‍ 50 മില്യണ്‍ ദിര്‍ഹത്തിന്റെ പങ്കാളിത്ത പദ്ധതിക്കാണ് ഇരുകമ്പനികളും ധാരണാപത്രത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

എഫ്‌സിഎല്‍ ഉല്‍പ്പന്നങ്ങള്‍ ചൊയിത്രംസ് ശൃംഖലയിലെ അനേകം ഇന്ത്യന്‍ കുടുംബങ്ങളുടെ ഹൃദയം തൊടുമെന്നാണ് വിശ്വാസമെന്നും രാജീവ് വാര്യര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ഭാവിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളിലൂടെ ചൊയിത്രംസുമായുള്ള പങ്കാളിത്തം വിപുലപ്പെടുത്തുമെന്ന് ബിയാനി അറിയിച്ചു.എഫ്‌സിഎല്‍ ഇന്ത്യയില്‍ 30ഓളം ബ്രാന്‍ഡുകളാണ് കൈകാര്യം ചെയ്യുന്നത്. ക്രമേണ ഇവയെല്ലാം യുഎഇ വിപണിയില്‍ ലഭ്യമാക്കുമെന്നും ബിയാനി കൂട്ടിച്ചേര്‍ത്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആദ്യഘട്ടത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ യുഎഇയില്‍ ലഭ്യമാക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എഫ്‌സിഎല്‍ ഇന്ത്യയില്‍ 24 മില്യണ്‍ ചതുരശ്ര അടി വലുപ്പത്തിലുള്ള റീട്ടെയ്ല്‍ സ്‌പേസുമായി 350 നഗരങ്ങളില്‍ സ്റ്റോറുകള്‍ നടത്തിവരുന്നു. ഏകദേശം 500 മില്യണ്‍ ഉപഭോക്താക്കള്‍ പ്രതിവര്‍ഷം എഫ്‌സിഎല്‍ സ്റ്റോറുകളില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

Comments

comments

Categories: Arabia