ഡീസല്‍-ഇലക്ട്രിക് പരിവര്‍ത്തിത എന്‍ജിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്തു

ഡീസല്‍-ഇലക്ട്രിക് പരിവര്‍ത്തിത എന്‍ജിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്തു

റെയ്ല്‍വേയുടെ കീഴിലുള്ള വാരണാസിയിലെ ഡീസല്‍ ലോകോമോട്ടീവ് വര്‍ക്ക്‌സാണ് എന്‍ജിന്‍ വികസിപ്പിച്ചത്

വാരണാസി: രണ്ട് ഡീസല്‍ എന്‍ജിനുകള്‍ സംയോജിപ്പിച്ച് പരിവര്‍ത്തനം ചെയ്‌തെടുത്ത ആദ്യത്തെ ഇലക്ട്രിക് തീവണ്ടി എന്‍ജിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റെയ്ല്‍വേയുടെ കീഴിലുള്ള വാരണാസിയിലെ ഡീസല്‍ ലോകോമോട്ടീവ് വര്‍ക്ക്‌സാണ് (ഡിഎല്‍ഡബ്ല്യൂ) എന്‍ജിന്‍ വികസിപ്പിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് പരമ്പരാഗത ഡീസല്‍ എന്‍ജിനുകള്‍, വൈദ്യുത എന്‍ജിനുകളായി പരിവര്‍ത്തനം ചെയ്യുന്നത്. ബോര്‍ഡ് ഗേജ് നെറ്റ്‌വര്‍ക്ക് പൂര്‍ണമായി വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായാണ് 12,000 എച്ച്പി ശേഷിയുള്ള എന്‍ജിന്‍ വികസിപ്പിച്ചിരിക്കുന്നത്. 252 ടണ്‍ ഭാരമുള്ള എന്‍ജിന്‍ മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത നല്‍കുമെന്ന് ഡിഎല്‍ഡബ്ല്യൂ പബ്ലിക് റിലേഷന്‍ വിഭാഗം മേധാവി നിതിന്‍ മല്‍ഹോത്ര പറഞ്ഞു.

മൂന്നു ഘട്ടങ്ങളുള്ള ഇന്‍ഡക്ഷന്‍ മോട്ടോര്‍, നാല് പവര്‍ കണ്‍വര്‍ട്ടറുകള്‍, റീജനറേറ്റീവുകള്‍, ന്യൂമാറ്റിക് ബ്രേക്കിംഗ് സംവിധാനം എന്നിവയാണ് എന്‍ജിനുള്ളത്. 4,000 കുതിരക്തി വീതം ശേഷിയുള്ള രണ്ട് ഡബ്ല്യൂഡിജി-4 ഡീസല്‍ എന്‍ജിനുകള്‍ കൂട്ടിച്ചേര്‍ത്താണ് 12,000 എച്ച്പി ഡബ്ല്യൂ വിഎജി-11 ഇലക്ട്രിക് എന്‍ജിന്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതെന്ന് നിതിന്‍ മല്‍ഹോത്ര വ്യക്തമാക്കി.

ഇന്ത്യന്‍ റെയ്ല്‍വേയുടെ സമ്പൂര്‍ണ വൈദ്യുതീകരണ മിഷനും കാര്‍ബണ്‍ വിമുക്ത അജണ്ടയും മുന്‍ നിര്‍ത്തി 2017 ഡിസംബര്‍ 22 നാണ് ഡിഎല്‍ഡബ്ല്യു പ്രോജക്റ്റ് ആരംഭിക്കുന്നത്. റെയ്ല്‍വേ മന്ത്രാലയത്തിനു കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷനിലെയും ചിത്തരഞ്ജന്‍ ലോകോമോട്ടീവ് വര്‍ക്കിലെയും എന്‍ജിനീയര്‍മാര്‍ പദ്ധതിയുമായി സഹകരിച്ചിരുന്നു.

Comments

comments

Categories: FK News