നോട്ട് അസാധുവാക്കല്‍ വിവരങ്ങള്‍ നല്‍കുന്നില്ല, ആര്‍ബിഐക്ക് നോട്ടീസ്

നോട്ട് അസാധുവാക്കല്‍ വിവരങ്ങള്‍ നല്‍കുന്നില്ല, ആര്‍ബിഐക്ക് നോട്ടീസ്

15 മാസത്തോളമായി അപേക്ഷ സമര്‍പ്പിച്ചിട്ടെന്നും ഇന്‍ഫൊര്‍മേഷന്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്ത കാലയാളവിലെ ബോര്‍ഡ് യോഗങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരാവകാശ അപേക്ഷയില്‍ നടപടിയെടുക്കാത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടിസ്. അപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ അലസമായ സമീപനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ കമ്മിഷനാണ് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ ഓഫിസര്‍ക്ക് നോട്ടിസ് അയച്ചിട്ടുള്ളത്.
2016 നവംബര്‍ 8ന് പ്രധാനമന്ത്രി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനായുള്ള തീരുമാനത്തിലേക്ക് നയിച്ച ബോര്‍ഡ് യോഗങ്ങളിലെ മുഴുവന്‍ രേഖകളും അവതരണങ്ങളും പരിശോധിച്ച വിവരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സാമൂഹ്യ പ്രവര്‍ത്തകനായ വെങ്കടേഷ് നായക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ രേഖകള്‍ നല്‍കുന്നത് നിഷേധിക്കുന്നതിന് നിയമപ്രകാരമുള്ള പ്രത്യേക സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിവരവും കൈമാറാന്‍ ആര്‍ബി ഐ തയാറായിട്ടില്ല. ഇതേ തുടര്‍ന്ന് നായക് ഇന്‍ഫൊര്‍മേഷന്‍ കമ്മിഷനെ സമീപിക്കുകയായിരുന്നു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും ഉന്നത തല സമിതിയാണ് കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ കമ്മിഷന്‍.
വിവരാവകാശ നിയമപ്രകാരം ഇളവ് അനുവദിച്ചിട്ടുള്ള രേഖകളല്ല താന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് വെങ്കടേഷ് നായക് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെയോ അഖണ്ഡതയെയോ ബാധിക്കുന്നത്, രാജ്യത്തിന്റെ സുരക്ഷ-സാമ്പത്തിക താല്‍പ്പര്യങ്ങളെ ഹനിക്കുന്നത്, ശാസ്ത്രീയ രഹസ്യം, മറ്റ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നത് എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിവരങ്ങള്‍ തടഞ്ഞുവെക്കാനാകുക എന്ന് അദ്ദേഹം പറയുന്നു.

പ്രഥമദൃഷ്ട്യാ തെറ്റായാണ് ഈ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് വാദത്തിനിടെ ആര്‍ബിഐ പ്രതിനിധി കമ്മിഷനു മുമ്പാകെ പറഞ്ഞിരുന്നു. പിഴ ചുമത്താതിരിക്കാന്‍ കാരണങ്ങള്‍ അടുത്ത വാദത്തില്‍ അറിയിക്കണമെന്നാണ് കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്. 15 മാസത്തോളമായി അപേക്ഷ സമര്‍പ്പിച്ചിട്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy