ഉത്തരവാദിത്തം പാക്കിസ്ഥാന് മാത്രമല്ല; ചൈനയ്ക്കുമുണ്ട്

ഉത്തരവാദിത്തം പാക്കിസ്ഥാന് മാത്രമല്ല; ചൈനയ്ക്കുമുണ്ട്

പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ തലവന്‍ മൗലാന മസീദ് അസറിനെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയും നിരപരാധികളായ ജനങ്ങളെ വധിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതിന്റെ ഉത്തരവാദി ചൈന കൂടിയാണ്. ഐക്യരാഷ്ട്ര സഭയില്‍ അസറിനെതിരായ നടപടിയെ ആവര്‍ത്തിച്ച് വീറ്റോ ചെയ്യുന്ന ചൈനയുടെ പ്രവര്‍ത്തി, ഇന്ത്യക്കെതിരായ ഭീകരവാദത്തെ താലോലിക്കുന്നതാണ്. രഷ്ട്രീയത്തിനും മറ്റെല്ലാ വിഭാഗീയതകള്‍ക്കും അപ്പുറം നാമെല്ലാം ഒരുമിച്ചു നിന്ന് ഭീകരവാദികളെ പിന്തുണക്കുന് പാക്കിസ്ഥാന്റെയും ചൈനയുടെയും നേരെ വിരല്‍ ചൂണ്ടേണ്ടതുണ്ട്

ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്ന സിആര്‍പിഎഫ് സംഘത്തിലെ 44 ജവാന്മാരാണ് ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഭീകരനായ മസൂദ് അസര്‍ തലവനായുള്ള ജയ്ഷ് ഇ മുഹമ്മദ്, പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണെന്ന് നാം ഓര്‍ക്കണം. മസൂദ് അസര്‍ ജീവിക്കുന്നത് പാക്കിസ്ഥാനിലാണ്. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭ നടത്തി വരികയാണ്. എന്നാല്‍ രക്ഷാസമിതിയില്‍ അംഗമായ ഒരു രാജ്യം യുഎന്നിന്റെ ഈ ശ്രമത്തെ കാലാകാലങ്ങളായി ആവര്‍ത്തിച്ച് തടസപ്പെടുത്തുന്നു; ചൈനയാണത്.

നിങ്ങള്‍ക്കെല്ലാമറിയാവുന്നത് പോലെ, സാമ്പത്തികവും ധാര്‍മികവുമായി പാപ്പരായ പാക്കിസ്ഥാന്റെ മുഖ്യ സാമ്പത്തിക സ്‌പോണ്‍സര്‍ ചൈനയാണ്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആ രാജ്യം, 1971 ല്‍ അടക്കം ഇന്ത്യന്‍ സൈന്യത്തിന്റെ കരങ്ങളില്‍ നിന്ന് പലപ്പോഴായി ഏറ്റുവാങ്ങിയ കനത്ത തിരിച്ചടികള്‍ക്കും തോല്‍വികള്‍ക്കും പ്രതികാരം ചെയ്യുകയെന്ന ഇടുങ്ങിയ ലക്ഷ്യവുമായി നെറികേടുകളില്‍ നിന്ന് നെറികേടുകളിലേക്കാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ, മസൂദ് അസറിനെ സ്വതന്ത്രമായി ചുറ്റിത്തിരിയാനും ഇന്ത്യയിലും ലോകത്തുടനീളവുമുള്ള ജനങ്ങള്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ നടത്താനും അനുവദിക്കുന്നതിന് സഹായിക്കുന്ന ചൈനയുടെ കുറ്റകരമായ നിലപാട് നാം അതീവ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട കാര്യങ്ങളിലൊന്നാണ്. തീര്‍ച്ചയായും ഇന്ത്യക്കാര്‍ രോഷാകുലരാണ്, പ്രതികാരം ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, ഇന്ത്യ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവര്‍ ആഗ്രഹിക്കുന്നു. നമ്മുടെ പൗരന്മാര്‍ക്കെതിരായുള്ള ഇത്തരം ആക്രമണങ്ങളെ നിര്‍ണായകമായ നീക്കങ്ങളിലൂടെ ഇല്ലാതാക്കാന്‍ സാധിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്.

അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടിട്ടും എന്തുകൊണ്ട് പാക്കിസ്ഥാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് നാം ആദ്യം മനസിലാക്കണം. പ്രശ്‌നങ്ങളെ നിരീക്ഷിക്കുന്നതിനും കാര്യങ്ങളെ സമീപിക്കുന്നതിനും തലതിരിഞ്ഞ വഴിയാണ് പാക്കിസ്ഥാനുള്ളത്. അഫ്ഘാനിസ്ഥാനില്‍ നിന്ന് തങ്ങള്‍ സൈന്യത്തെ പിന്‍വലിച്ചേക്കുമെന്ന് അമേരിക്ക അടുത്തിടെ സൂചിപ്പിച്ചത്, അവിടെ ഒരു അധികാര ശൂന്യത ഉണ്ടാകുമെന്ന ചിന്തയാണ് പാക് സൈന്യത്തിന് നല്‍കിയത്. തുറന്നു കിട്ടുന്ന ഈ ഈടം പിടിച്ചടക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിന് സൗകര്യമൊരുക്കാന്‍ അഫ്ഘാന്റെ ഉറ്റ മിത്രമായ ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും ഭീകരാക്രമണങ്ങളിലൂടെ കശ്മീരില്‍ തളച്ചിടാം എന്നാണ് അവര്‍ കരുതിയിരിക്കുന്നത്.

ദശകങ്ങളായുള്ള പരോക്ഷ യുദ്ധത്തിലും സൈനികമായും പരാജയപ്പെട്ട പാകിസ്ഥാന്‍ ഇത്തവണയും തോല്‍ക്കുമെന്നുറപ്പാണ്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മളും ഓര്‍മിക്കേണ്ടതുണ്ട്. ഒരു പൊതുതെരഞ്ഞെടുപ്പ് പോരാട്ടം മുന്നില്‍ നില്‍ക്കെ, നാം രാഷ്ട്രീയമായി ഏറെ ഭിന്നിക്കപ്പെട്ട അവസ്ഥയിലാണ്. മുന്‍പും നാം രാഷ്ട്രീയമാവും, ചിലപ്പോഴൊക്കെ മതപരമായും ഏറെ ഭിന്നിക്കപ്പെട്ട അവസ്ഥയിലായിരുന്നു താനും. എങ്കിലും, ഈ ഒരൊറ്റ വിഷയത്തില്‍ നാം ഒറ്റക്കെട്ടായി നിന്ന് പാകിസ്ഥാനെ മറുപടി പറയിക്കേണ്ടതുണ്ട്. ഭീകരതയ്ക്കും, നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന ആക്രമണങ്ങള്‍ക്കും തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന പാക്കിസ്ഥാനേയും ചൈനയേയും മറുപടി പറയിക്കുന്ന വിഷയത്തില്‍, എല്ലാ വൈജാത്യങ്ങള്‍ക്കും അപ്പുറം നാം ഒരുമിച്ചു നില്‍ക്കണം.

പരസ്പരം തര്‍ക്കിക്കാനും വഴക്കിടാനുമുള്ള സമയമല്ല ഇത്. പാക്കിസ്ഥാനും ഒപ്പം ചൈനയ്ക്കും മേല്‍ കോപവും താപവും വ്യാകുലതയും കേന്ദ്രീകരിക്കുന്നതില്‍ ദൃഢനിശ്ചയവും മനോദാര്‍ഢ്യവും കാണിച്ചുകൊണ്ട് ഇന്ത്യ ഒന്നിച്ചു നില്‍ക്കേണ്ട അവസരമാണിത്. നമ്മുടെ രാഷ്ട്രത്തെയും ജനാധിപത്യത്തെയും സുരക്ഷിതമാക്കുന്നതിന് സേവനം ചെയ്യുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത എല്ലാവരോടും, കഴിഞ്ഞ ദിവസം ജീവന്‍ വെടിഞ്ഞ 44 ജവാന്മാരോടും നമ്മള്‍ ചെയ്യേണ്ട കടമയാണിത്.

സമാധാനം, സുരക്ഷ, ശാന്തി, വികസനം എന്നിവയെല്ലാം ആഗ്രഹിക്കുന്ന ജമ്മുകാശ്മീരിലെ സഹപൗരന്മാരോടും നമ്മുടെ സഹോദരന്മാരോടും ഐക്യത്തോടെ നിലകൊള്ളേണ്ട സമയം കൂടിയാണിത്. ഇന്ത്യക്കാരെന്ന നിലയില്‍ പാക്കിസ്ഥാനോടും അവരെ പിന്തുണയ്ക്കുന്ന ചൈനയോടുമുള്ള രോക്ഷം രപ്രകടിപ്പിക്കുന്നതില്‍ ഏകസ്വഭാവം വേണം. നമുക്ക് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ചവരോടും തുടര്‍ന്നും സേവനം നടത്തുകയും ത്യാഗം സഹിക്കുകയും ചെയ്യുന്നവരോടുമുള്ള കടപ്പാട് ഇങ്ങനെയെങ്കിലും പ്രകടമാക്കണം.

Categories: FK Special, Sports