ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി കെട്ടിടങ്ങള്‍ കൊച്ചിയിലൊരുങ്ങുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി കെട്ടിടങ്ങള്‍ കൊച്ചിയിലൊരുങ്ങുന്നു

32 നിലകളുള്ള, 152 മീറ്റര്‍ ഉയരമുള്ള ഇരട്ടക്കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍

ന്യൂഡെല്‍ഹി: ദക്ഷിണേന്ത്യയിലെ ഐടി മേഖലയിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങള്‍ കൊച്ചി സ്മാര്‍ട്ട്‌സിറ്റിയില്‍ തയാറാവുന്നു. സാന്‍ഡ്‌സ് ഇന്‍ഫിനിറ്റ് അന്നു പേരിട്ട ഇരട്ട് കെട്ടിടങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. പൂര്‍ണമായും ഹരിത, സുസ്ഥിര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പണിയുന്ന സാന്‍ഡ്‌സ് ഇന്‍ഫിനിറ്റ്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ നിര്‍മ്മാണ പദ്ധതിയാണ്. 2015 ഡിസംബറില്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2020 ഡിസംബറില്‍ പൂര്‍ത്തിയാകും. 2021 ല്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

152 മീറ്ററാണ് ഈ ഇരട്ട മന്ദിരങ്ങളുടെ ഉയരം. ഭൂമിക്കടിയിലെ മൂന്ന് നിലകള്‍ക്കൊപ്പം ആകെ 32 ഫ്‌ളോറുകളുള്ള ഇവയില്‍ ഏകദേശം 25,000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചിട്ടുള്ള ഈ ഐടി ടവറുകളുടെ 29 നിലകള്‍ ഓഫീസ് ആവശ്യത്തിനായും മൂന്ന് നിലകള്‍ കാര്‍ പാര്‍ക്കിംഗിനായും ഉപയോഗിക്കും. സ്മാര്‍ട്ട്‌സിറ്റിയില്‍ 12.74 ഏക്കറിലായാണ് പദ്ധതി വ്യാപിച്ച് കിടക്കുന്നത്. അതേസമയം പദ്ധതിയുടെ മൊത്തം നിര്‍മാണ ഏരിയ 3.6 ദശലക്ഷം ചതുരശ്ര അടിയാണ്. ഓട്ടോമേറ്റഡ് പാര്‍ക്കിംഗ്, 60 എലിവേറ്ററുകള്‍, ആകാശ പൂന്തോട്ടം എന്നിവ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും വിസ്മയക്കാഴ്ചകളും മന്ദിരങ്ങളിലുണ്ടാകും. ഒരേസമയം 4,500 കാറുകള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമൊരുക്കും.

പ്രകൃതിമനോഹരമായിരിക്കും മന്ദിരങ്ങളുടെ സ്വാഗതസ്ഥലം. ഈ മേഖല പൂര്‍ണമായും വാഹനരഹിതവും കമ്പ്യൂട്ടറുകളുടെയും സാങ്കേതികവിദ്യകളുടെയും പരിണാമം മനസ്സിലാക്കുന്ന ഒരു ഡിജിറ്റല്‍ മ്യൂസിയം, രണ്ട് ഏക്കറോളം വിസ്തൃതിയുള്ള പ്രകൃതിദൃശ്യങ്ങള്‍, ശില്‍പകലാ മ്യൂസിയം എന്നിവ ഉള്‍പ്പെടുത്തിയവയുമായിരിക്കും.

പൂര്‍ണമായും ഊര്‍ജ്ജ സംരക്ഷണം പാലിക്കുന്ന കെട്ടിടത്തില്‍ ഫുഡ് കോര്‍ട്ട്, ക്രഷ്, ജിം, ചില്ലറ വില്‍പ്പനശാലകള്‍, കേന്ദ്രീകൃത ശീതീകരണ സംവിധാനം, മലിനജല സംസ്‌ക്കരണം, മഴവെള്ള സംഭരണം എന്നിവയുമുണ്ടായിരിക്കും. കേരളത്തിലെ ഐടി മേഖലയിലെ സുപ്രധാനമായ പരിവര്‍ത്തനത്തിന് തുടക്കമിടുന്ന പദ്ധതിയായി ഈ സ്മാര്‍ട്ട്‌സിറ്റി കമ്പനി മാറുമെന്നാണ് വിലയിരുത്തല്‍.

Categories: FK News