പരസ്യത്തിന് ചെലവാക്കിയാല്‍ മതിയോ? ഫലം അറിയണ്ടേ?

പരസ്യത്തിന് ചെലവാക്കിയാല്‍ മതിയോ? ഫലം അറിയണ്ടേ?

പരസ്യങ്ങള്‍, ഉല്‍പ്പന്നത്തിന്റെയും ബ്രാന്‍ഡിന്റെയും വളര്‍ച്ചക്കും വ്യാപനത്തിനും അത്യധികം പ്രാധാന്യമുള്ള അനിവാര്യതയാണ്. എന്നാല്‍ വെറുതെ വാരിക്കോരി പരസ്യങ്ങള്‍ നല്‍കുകയും അതിന്റെ ഗുണഫലങ്ങളെക്കുറിച്ച് അപഗ്രഥിക്കാതിരിക്കുകയും ചെയ്താല്‍ കാര്യമായ പ്രയോജനം ലഭിക്കില്ലെന്നു മാത്രമല്ല നഷ്ടവും സംഭവിച്ചേക്കാം. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ ഡിജിറ്റല്‍ മാര്‍ഗങ്ങളുപയോഗിച്ചുള്ള വിലയിരുത്തലും ഇന്ന് ഏറെ സരളമായ പ്രക്രിയയായി മാറിയിട്ടുണ്ട്

ചില പത്ര പരസ്യങ്ങളിലും, നോട്ടീസുകളിലും മറ്റുമൊക്കെ പ്രൊമോ കോഡ് കൊടുത്തിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? ആ കോഡ് മെസ്സേജ് ചെയ്യുന്നവര്‍ക്ക് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ സമ്മാനം എന്നൊക്കെയാവും വാഗ്ദാനം. ഇങ്ങനെയൊരു ഭാഗം നോട്ടീസില്‍ ചേര്‍ക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മറ്റൊന്നുമല്ല, ഇത്രയും പണം ചെലവാക്കി നോട്ടീസ് അടിച്ചിട്ട് അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പ്രൊമോ കോഡ് ചേര്‍ക്കുന്നത്. അതായത് പതിനായിരം നോട്ടീസ് അടിച്ചു വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര പേരിലേക്ക് ഈ പരസ്യം എത്തി എന്നറിയാന്‍ വേണ്ടി.

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗില്‍ വേറിട്ട് നില്‍ക്കുന്ന ഏറ്റവും പ്രധാന ഘടകം, അതില്‍ ചെലവാക്കുന്ന ഓരോ പൈസക്കും കണക്കുണ്ട് എന്നതാണ്. സരളമായി പറയുകയാണെങ്കില്‍, നിങ്ങളുടെ പരസ്യം എത്ര പേര്‍ കണ്ടു, ഏത് സ്ഥലത്തുള്ളവര്‍ ആണ് കണ്ടത്, ഏത് വയസ്സില്‍ ഉള്ളവര്‍ ആണ്, സ്ത്രീകള്‍ ആണോ പുരുഷന്മാര്‍ ആണോ എന്നുള്ള എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. നമ്മള്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കുന്ന സമയത്തു തന്നെ ആരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത് എന്ന് തീരുമാനിക്കാന്‍ പറ്റും എന്നുള്ളതാണ് പ്രത്യേകത.
ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് പറയാം.

• പരസ്യം കൊണ്ട് ഉദ്ദേശിക്കുന്നത് ബ്രാന്‍ഡ് ബില്‍ഡിങ് ആണോ ഉപഭോക്തൃ അടിത്തറ വികസനം ആണോ?

പരസ്യം നല്‍കുന്നതിന്റെ ഉദ്ദേശ്യം ബ്രാന്‍ഡ് ബില്‍ഡിംഗ് ആണെങ്കില്‍ ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കളില്‍ മാത്രമായി ശ്രദ്ധിക്കാതെ നിങ്ങള്‍ ഉദ്ദേശിക്കുന്ന മേഖല മുഴുവനും പരസ്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുക. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇ-മെയില്‍ മാര്‍ക്കറ്റിംഗ്, ഫേസ്ബുക് ലീഡ് ആഡ് എന്നിവ കാര്യക്ഷമമായി ഉപയോഗിക്കുക.

•നിങ്ങളുടെ ഓരോ പരസ്യത്തിലൂടെയും ലഭിക്കുന്ന ഓരോ ഉപഭോക്താവിനും വേണ്ടി എത്ര രൂപ ചെലവാക്കുന്നു?

ഇതിനെയാണ് കോസ്‌ററ് ഓഫ് അക്വസിഷന്‍ എന്ന് പറയുന്നത്. ചെലവാക്കിയ തുകയെ ലഭിച്ച ഉപഭോക്താക്കളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയാണിത്.

•നിങ്ങള്‍ അവലംബിക്കുന്ന പരസ്യ രീതികളുടെ ഇടവിട്ടുള്ള അവലോകനം ചെയ്യാറുണ്ടോ?

മാസാവസാനമോ അല്ലെങ്കില്‍ ഒരു പരസ്യം ചെയ്തു കഴിഞ്ഞതിന് ശേഷമോ അതിന്റെ അവലോകനം നടത്തുന്നത്, മിക്കവാറും എല്ലാ പരസ്യ ഏജന്‍സികളും അല്ലെങ്കില്‍ കമ്പനികളിലെ മാര്‍ക്കറ്റിംഗ് ഡിവിഷനുകളും ചെയ്യുന്ന കാര്യമാണ്. അതായത്, വിവിധ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതുകൊണ്ട് എന്ത് പ്രയോജനം ഉണ്ടായി, ഏത് രീതിയിലുള്ള പരസ്യമാണ് ഏറ്റവും ഗുണകരമായത് എന്നുള്ള ഒരു അവലോകനം അനിവാര്യമാണ്. ഗൂഗിള്‍ അനലിറ്റിക്‌സ്, ഫേസ്ബുക് ആഡ് മാനേജര്‍, ഹൂട്ട്‌സ്യൂട്ട്, ahrefs എന്നിവ നിങ്ങളുടെ പരസ്യങ്ങളും നിങ്ങളുടെ ബ്രാന്‍ഡും എത്ര മാത്രം ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന് കണ്ടെത്താനുള്ള ഏറ്റവും നല്ല ഉപകരണങ്ങള്‍ ആണ്.

നിങ്ങള്‍ക്ക് ഒരു വെബ്‌സൈറ്റ് ഉണ്ടെങ്കില്‍ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം, തികച്ചും സൗജന്യമായ ഗൂഗിള്‍ അനലിറ്റിക്‌സ് എക്കൗണ്ട് ആരംഭിച്ച് വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുക എന്നതാണ്. നിങ്ങളുടെ വെബ്‌സൈറ്റ് ആരെല്ലാം സന്ദര്‍ശിക്കുന്നുണ്ട്, പരസ്യം ചെയ്യുമ്പോള്‍ അവ വെബ്‌സൈറ്റ് സന്ദര്‍ശനമായി മാറുന്നുണ്ടോ, എവിടെ നിന്നാണ് കൂടുതല്‍ സന്ദര്‍ശകര്‍ എന്നുള്ള കാര്യങ്ങള്‍ എല്ലാം ഒരു നൊടിയിടകൊണ്ട് മനസ്സിലാക്കാന്‍ സഹായിക്കും. മാത്രമല്ല ശരിയായ സൂചകപദം (keyword) ആവശ്യാനുസരണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും അനലിറ്റിക്‌സ് ഉപകരിക്കും.

ഇവയെല്ലാം കൂടാതെ പരസ്യങ്ങളുടെ കാര്യത്തില്‍ വളരെ സൂഷ്മതയോടെ നോക്കി കാണേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

Unique Monthly visitors (ഓരോ മാസത്തേയും വെബ്‌സൈറ്റ് സന്ദര്‍ശകര്‍)
Cost Per Lead (ഭാവി വാഗ്ദാനമായ ഉപഭോക്താവിന് വേണ്ടി വന്ന ചെലവ്)
Cost Per Aquisition (ഉപഭോക്താവായി മാറ്റിയെടുക്കാന്‍ ചെലവാക്കിയ തുക)

ഇവയൊന്നും നിങ്ങള്‍ ബുദ്ധിമുട്ടി നിര്‍ണയിക്കേണ്ട കാര്യമില്ല. ഗൂഗിള്‍ അല്ലെങ്കില്‍ ഫേസ്ബുക് പ്രചാരണത്തിന് ഉപയോഗിക്കുന്ന എക്കൗണ്ടില്‍ വിശദമായി ലഭ്യമാണ്. നിങ്ങളുടെ വ്യാപാരത്തില്‍ ഇത് പരീക്ഷിച്ചു നോക്കി അതിന്റെ ഫലങ്ങള്‍ അറിയിക്കുമല്ലോ അല്ലേ?

(കല്യാണ്‍ജി പേര്‍സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special, Slider
Tags: Advertising