68 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

68 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

താന്‍ ഇതുവരെ കൈകാര്യം ചെയ്ത ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയെന്ന് എലിയറ്റ് ആന്‍ഡേര്‍സണ്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഏകീകൃത തിരിച്ചറിയല്‍ രേഖയുടെ വിശ്വാസ്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആന്‍ഡേര്‍സണിന്റെ വെളിപ്പെടുത്തല്‍. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു കീഴിലുള്ള ഇന്‍ഡേന്‍ എല്‍പിജി ബ്രാന്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് 68 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നാണ് തെളിവുകള്‍ സഹിതം ആന്‍ഡേഴ്‌സണ്‍ അറിയിച്ചത്. ചോര്‍ത്തപ്പെട്ട വിവരങ്ങളുടെ ചിത്രങ്ങളും മറ്റ് രേഖകളും തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്‍ഡേനിന്റെ ഡീലര്‍മാരുടെയും ഉപയോക്താക്കളുടെയും വിവരങ്ങളാണ് ചോര്‍ന്നത്. എക്കൗണ്ട് ഉടമകള്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് യുസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവ നല്‍കി മാത്രം കാണാനാകുന്ന വിവരങ്ങളാണ് ആന്‍ഡേര്‍സണ്‍ ഹാക്ക് ചെയ്തത്. 11,000 ഡീലര്‍മാരുടെയും അവര്‍ക്ക് കീഴിലുള്ള ഉപയോക്താക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തിക്കഴിഞ്ഞതിനു ശേഷം മാത്രമാണ് ആന്‍ഡേര്‍സണിനെ ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഡേനിന്റെ സുരക്ഷാ സംവിധാനത്തിന് ആയത്. 6,791,200 പേരുടെ വിവരങ്ങള്‍ ലഭ്യമായെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്.
9 കോടിയോളം ഉപയോക്താക്കളാണ് ഇന്‍ഡേനിന് കീഴിലുള്ളത്. ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളുടെയും ഹര്‍ജികളുടെയും അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും അവര്‍ക്ക് നേരിട്ട് ആധാര്‍ ഡാറ്റയിലേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനം തന്നെ വേണ്ടത്ര സുരക്ഷയില്ലാതെ പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്തുവെന്നാണ് വെളിപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷവും ഇന്‍ഡേനില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്നും സുരക്ഷിതമായല്ല വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആധാറിലെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ച് നേരത്തേയും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ള ഹാക്കറാണ് എലിയറ്റ് ആന്‍ഡേര്‍സണ്‍.
. പ്രത്യേകം കോഡിങ് നടത്തിയാണ് ആല്‍ഡേഴ്‌സണ്‍ ഇപ്പോള്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. താന്‍ ഇതുവരെ കൈകാര്യം ചെയ്ത ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയെന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇന്‍ഡേനോ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്വിറ്ററില്‍ നിന്ന് ലഭിച്ച ഒരു സൂചനയില്‍ നിന്നാണ് എലിയറ്റ് ആന്‍ഡേര്‍സണ്‍ ഇന്‍ഡേനിന്റെ വെബ്‌സൈറ്റില്‍ എത്തുന്നത്. ഇന്‍ഡേനിന്റെ മൊബീല്‍ ആപ്ലിക്കേഷനിലെ ചില ഫീച്ചറുകളും സുരക്ഷിതമായല്ല കൈകാര്യം ചെയ്തിരിക്കുന്നത് എന്നാണ് ആന്‍ഡേര്‍സണ്‍ വ്യക്തമാക്കുന്നത്. ഡീലര്‍മാരെ കണ്ടെത്താന്‍ ഇതില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനിലൂടെയാണ് അദ്ദേഹത്തിന് ഹാക്കിംഗിന് സഹായകമായ പല വിവരങ്ങളും ലഭ്യമായത്.

Comments

comments

Categories: FK News
Tags: Adhaar leak