ഉറുസിന് വീരവാദം നിര്‍ത്താം; ബെന്റയ്ഗ സ്പീഡ് വേഗമേറിയ പ്രൊഡക്ഷന്‍ എസ്‌യുവി

ഉറുസിന് വീരവാദം നിര്‍ത്താം; ബെന്റയ്ഗ സ്പീഡ് വേഗമേറിയ പ്രൊഡക്ഷന്‍ എസ്‌യുവി

മണിക്കൂറില്‍ 306 കിലോമീറ്ററാണ് ബെന്റ്‌ലി ബെന്റയ്ഗ സ്പീഡ് എസ്‌യുവിയുടെ ടോപ് സ്പീഡ്

ലണ്ടന്‍ : ലോകത്തെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ എസ്‌യുവി എന്ന അവകാശവാദത്തോടെ ബെന്റ്‌ലി ബെന്റയ്ഗ സ്പീഡ് അനാവരണം ചെയ്തു. മണിക്കൂറില്‍ 306 കിലോമീറ്ററാണ് ബെന്റയ്ഗ സ്പീഡ് എസ്‌യുവിയുടെ ടോപ് സ്പീഡ്. ലംബോര്‍ഗിനി ഉറുസിനെയാണ് ബെന്റ്‌ലി ബെന്റയ്ഗ സ്പീഡ് മറികടന്നത്. ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. എന്നാല്‍ 0-100 കിമീ/മണിക്കൂര്‍ കഴിവ് പരിശോധിച്ചാല്‍ ഉറുസ് തന്നെയാണ് ഇപ്പോഴും കേമന്‍. ഉറുസിന് 3.6 സെക്കന്‍ഡ് മതി. എന്നാല്‍ ബെന്റ്‌ലി ബെന്റയ്ഗ സ്പീഡിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.9 സെക്കന്‍ഡ് വേണം.

306 കിമീ/മണിക്കൂര്‍ എന്ന പരമാവധി വേഗം കാഴ്ച്ചവെയ്ക്കാന്‍ ബെന്റയ്ഗ സ്പീഡിനെ സഹായിക്കുന്നത് 6.0 ലിറ്റര്‍, ഡബ്ല്യു12 എന്‍ജിനാണ്. ഈ മോട്ടോര്‍ 626 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു. സാധാരണ ബെന്റയ്ഗയേക്കാള്‍ കൂടുതല്‍. ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കരുത്തുറ്റതും പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതുമായ ബെന്റയ്ഗയാണ് ബെന്റയ്ഗ സ്പീഡ് എന്ന് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് അറിയിച്ചു.

ഇരുണ്ട നിറത്തിലുള്ള ഹെഡ്‌ലൈറ്റുകള്‍, ബോഡിയുടെ അതേ നിറത്തിലുള്ള സൈഡ് സ്‌കര്‍ട്ടുകള്‍, ടെയ്ല്‍ഗേറ്റ് സ്‌പോയ്‌ലര്‍ എന്നിവ ബെന്റയ്ഗ സ്പീഡില്‍ നല്‍കിയിരിക്കുന്നു. ഇരുണ്ട നിറത്തിലുള്ള റേഡിയേറ്റര്‍ & ബംപര്‍ ഗ്രില്ലുകള്‍, മൂന്ന് ഫിനിഷുകളില്‍ ലഭ്യമാകുന്ന സവിശേഷമായ 22 ഇഞ്ച് വീല്‍ ഡിസൈന്‍, ‘സ്പീഡ്’ ബാഡ്ജ് എന്നിവയും കാണാം. ഇതാദ്യമായി ഒരു ബെന്റയ്ഗയില്‍ അല്‍കാന്ററ ഉപയോഗിച്ചിരിക്കുന്നു.

മറ്റെല്ലാ ബെന്റയ്ഗകളെയുംപോലെ ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്ക് (ഇഡിഎല്‍) സഹിതം ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് ബെന്റയ്ഗ സ്പീഡ്. ഡ്രൈവ് ഡൈനാമിക്‌സ് മോഡുകള്‍ പരമാവധി എട്ടെണ്ണമാണ്. 48 വോള്‍ട്ട് ഇലക്ട്രിക് ആക്റ്റിവ് റോള്‍ കണ്‍ട്രോള്‍ (ഇഎആര്‍സി) സാങ്കേതികവിദ്യയായ ‘ബെന്റ്‌ലി ഡൈനാമിക് റൈഡ്’ ബെന്റയ്ഗ സ്പീഡിന്റെ സവിശേഷതയാണ്.

ഉപയോക്താക്കള്‍ക്ക് ബെന്റയ്ഗ സ്പീഡ് പേഴ്‌സണലൈസ് ചെയ്യാന്‍ സാധിക്കും. കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍, മസാജ് ഫംഗ്ഷന്‍ സഹിതം 22 വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഫേഷിയ പാനലുകള്‍, ബെന്റ്‌ലി റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് (ആര്‍എസ്ഇ), മൂഡ് ലൈറ്റിംഗ് എന്നിവ ഉപയോഗിച്ച് കാര്‍ വ്യക്തിപരമാക്കാം.

Comments

comments

Categories: Auto