ട്രെന്‍ഡായി ടാറ്റൂയിംഗ്; യുവാക്കള്‍ പൊടിക്കുന്നത് പതിനായിരങ്ങള്‍

ട്രെന്‍ഡായി ടാറ്റൂയിംഗ്; യുവാക്കള്‍ പൊടിക്കുന്നത് പതിനായിരങ്ങള്‍

പച്ചകുത്തലിന്റെ പരിഷ്‌കൃതരൂപം, രൂപത്തിലും ഭാവത്തിലും എന്തിനേറെ നിറത്തില്‍ പോലും കടന്നു വരുന്ന പാശ്ചാത്യ സ്വഭാവം ടാറ്റൂയിംഗ് വ്യത്യസ്തമാകുന്നത് ഇങ്ങനെയെല്ലാമാണ്. പണ്ട് കാലത്ത് പ്രിയപ്പെട്ടവരെ പറ്റിയുള്ള ഓര്‍മയാണ് ടാറ്റൂയിംഗ് എങ്കില്‍ ഇന്ന് ഫാഷന്റെയും ട്രെന്‍ഡിന്റെയും സംഗമമാണ് ടാറ്റൂയിംഗ്. ശരീരത്തില്‍ പലനിരത്തിലും പല രൂപത്തിലും ടാറ്റൂ പതിപ്പിക്കുന്നതിനായി ഇന്ന് യുവാക്കള്‍ ചെലവിടുന്നത് പതിനായിരങ്ങളാണ്. അതുകൊണ്ട് തന്നെയാണ് ബാംഗ്ലൂര്‍, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങള്‍ വിട്ട് ടാറ്റൂ ബിസിനസ് കൊച്ചു കേരളത്തിലും വേരുറപ്പിക്കുന്നത്.കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ ടാറ്റൂ സ്‌റുഡിയകളുടെയും ടാറ്റൂയിംഗ് പ്രൊഫഷണലുകളുടെയും ഈറ്റില്ലമാകുമ്പോള്‍ ഈ രംഗത്ത് പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ബിസിനസാണ് നടക്കുന്നത്

പച്ചകുത്തല്‍, പലരും ഈ വാക്ക് ഓര്‍ത്തെടുക്കുക കൈത്തണ്ടയില്‍ കരിമ്പച്ച നിറത്തില്‍ വരക്കപ്പെട്ട ത്രിശൂലത്തിന്റെയും എഴുതപ്പെട്ട പേരുകളുടെയും ചിത്രത്തോടെ ആയിരിക്കും. തമിഴ്‌നാടുമായി ബന്ധപ്പെട്ടാണ് മലയാളികള്‍ക്ക് എന്നും പച്ചകുത്തലിന്റെ ഓര്‍മകളുള്ളത്. പണ്ടുകാലത്ത് തമിഴ്‌വംശജര്‍ കുലത്തൊഴിലായി ചെയ്തിരുന്ന ഒന്നാണ് പച്ചകുത്തല്‍. ആ പച്ചകുത്തലിന്റെ ഇളം തലമുറക്കാരനായി വേണം ഇന്നത്തെ ടാറ്റൂയിംഗിനെ കാണാന്‍. എന്നാല്‍ പച്ചകുത്തലും ടാറ്റൂയിംഗും ഒന്നല്ല എന്ന് പ്രത്യേകം പറയട്ടെ. പച്ചകുത്തലില്‍ ഒരു സൂചി മാത്രം ഉപയോഗിക്കുമ്പോള്‍, വ്യത്യസ്ത വലുപ്പത്തിലുള്ള പല സൂചികള്‍ കൊണ്ടാണ് ടാറ്റൂയിംഗ് ചെയ്യുന്നത്. ഇതില്‍ ചിത്രങ്ങള്‍ വരക്കാനും ഷെയ്ഡ് കൊടുക്കാനുമൊക്കെയുള്ള സൂചികള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് ടാറ്റൂയിംഗ് കേരളത്തില്‍ ഇത്രകണ്ട് പ്രചാരം നേടിയത്. പാശ്ചാത്യ ഫാഷന്റെ ചുവടുപിടിച്ചാണ് ടാറ്റൂയിംഗ് കേരളത്തിലെത്തിയത്. എന്നാല്‍ ഇന്ന് ടാറ്റൂയിംഗ് കേവലം ഫാഷന്റെ ഒരു മേഖല മാത്രമല്ല, മികച്ച വരുമാനം നേടാന്‍ കഴിയുന്ന ഒരു ബിസിനസ് കൂടിയാണ്. അതിനാലാണ് പല ബ്യൂട്ടി പാര്‍ലറുകളുടെയും ഭാഗമായി ടാറ്റൂ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്നത് മികച്ച പ്രൊഫഷനായി മാറിക്കഴിഞ്ഞു. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ എങ്ങനെ വരക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു ആര്‍ട്ടിസ്റ്റിന്റെ കഴിവ് വ്യാഖ്യാനിക്കപ്പെടുന്നത്. ക്രിയാത്മകത, ആശയം, വ്യത്യസ്തത, സിംപ്ലിസിറ്റി തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഒന്നിച്ചു ചേര്‍ന്നതാണ് ഒരു മികച്ച ടാറ്റൂ. അതിനാല്‍ ഇതെല്ലാം ഒത്തിണങ്ങിയ ഒരു ആര്‍ട്ടിസ്റ്റിന് മികച്ച ജോലി സാധ്യതയാണുള്ളത്.

വിദേശ രാജ്യങ്ങളിലും മറ്റും കാലങ്ങള്‍ക്കു മുമ്പേ പ്രചാരത്തിലുണ്ടായിരുന്ന ടാറ്റൂ കേരളത്തിലേക്ക് ചേക്കേറിയതോടെ ബാംഗ്ലൂര്‍ ആസ്ഥാനമായ ടാറ്റൂ സ്റ്റുഡിയോകള്‍ സന്ദര്‍ശിച്ചാണ് പലരും ഈ വിദ്യ കരസ്ഥമാക്കിയത്. തുടര്‍ന്ന് ചിത്ര രചനയില്‍ താല്‍പര്യമുള്ള പലരും ഈ മേഖലയിലേക്ക് തിരിഞ്ഞു. ലഭിക്കുന്ന വരുമാനം തന്നെയായിരുന്നു പ്രധാന ലക്ഷ്യം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും ആദ്യം കൊച്ചിയിലേക്കാണ് ടാറ്റൂ ഇന്‍ഡസ്ട്രി വേരുറപ്പിച്ചത്. കേരളത്തിന്റെ ഫാഷന്‍ സിറ്റി എന്ന് പറയാമെന്നതിനാല്‍ തന്നെ ഇവിടെ നിന്നും മികച്ച കച്ചവടമാണ് സ്റ്റുഡിയോ ഉടമകള്‍ക്ക് ഉണ്ടായത്. പിന്നീട് കൊച്ചിയില്‍ സജീവമായ ടാറ്റൂയിംഗ് സ്റ്റുഡിയോകള്‍ മെല്ലെ വാടകകണ് കേരളത്തിലേക്കും വ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും ടാറ്റൂയിംഗ് ചെയ്യുന്നതിനായി ആളുകള്‍ കൊച്ചിയിലേക്ക് എത്തിത്തുടങ്ങിയതോടെയാണ് സ്റ്റുഡിയോകള്‍ വടക്കന്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഇപ്പോള്‍ സാധാരണ നീഡില്‍ ടാറ്റൂ മുതല്‍ ത്രീ ഡീ ടാറ്റൂ വരെ കേരളത്തില്‍ ചെയ്യപ്പെടുന്നു. നൂറുശതമാനം യഥാര്‍ഥമെന്ന് തോന്നിക്കുന്ന വിധത്തില്‍ മുറിവും തീപ്പൊള്ളലും സൃഷ്ടിച്ചെടുക്കാന്‍ കഴിവുള്ളവയാണ് ത്രി ഡി ടാറ്റൂകള്‍. പണ്ടുകാലത്ത് ആചാരത്തിന്റെയും മതത്തിന്റെയും ഒക്കെ ഭാഗമായി ടാറ്റൂ ചെയ്തിരുന്ന ആളുകള്‍ കേരളത്തില്‍ ധാരാളമായിരുന്നു. ഇന്ന് ടാറ്റൂ ചെയ്യാനെത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളുമാണ്. ഇന്ന് ടാറ്റൂ ചെയ്യുന്നവരില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല.പല രാജ്യങ്ങളിലും ഒരു ലൈഫ്‌സ്‌റ്റൈല്‍ ബിസിനസ് എന്ന ടാറ്റൂ ഇന്‍ഡസ്ട്രി വേരുറപ്പിച്ചു കഴിഞ്ഞു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്.

വ്യത്യസ്തമായ ഡിസൈനുകള്‍ തേടി

ഇന്നത്തെ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് വ്യത്യസ്തമായ ഡിസൈനുകളാണ്. കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ്‌വരെ സ്വന്തം പേരും പങ്കാളിയുടെ പേരും ,പേരിന്റെ ആദ്യത്തെ അക്ഷരങ്ങളുമെല്ലാം ടാറ്റൂ ചെയ്യാനായി എത്തുന്നവര്‍ ധാരാളമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. തങ്ങളുടെ വ്യക്തിത്വം, സ്വാതന്ത്ര്യബോധം, ചിന്താഗതികള്‍, എന്നിവയെല്ലാം വെളിപ്പെടുത്തുന്ന രീതിയിലുള്ള ടാറ്റൂയിംഗ് ആണ് പലര്‍ക്കും താല്‍പര്യം. മാത്രമല്ല ഉപയോഗിക്കുന്ന നിറങ്ങളുടെ കാര്യത്തിലും ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ടാറ്റൂവിന്റെ തുടക്ക സമയത്ത് ബ്ലാക്ക് ടാറ്റൂകള്‍ക്കായിരുന്നു ഏറെ ആവശ്യക്കാര്‍. എന്നാലിപ്പോള്‍ വിദേശരാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ നിറങ്ങളിലുള്ള ടാറ്റൂ ചെയ്യാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ ധാരാളമാണ്. കളര്‍ ടാറ്റൂകള്‍, പോര്‍ട്രെയ്റ്റ് തുടങ്ങി നിരവധി വിഭാഗത്തില്‍ ടാറ്റൂ ചെയ്യപ്പെടുന്നു. തീം അടിസ്ഥാനമാക്കിയുള്ള ടാറ്റൂകളാണ് പോട്രെയ്റ്റ് ടാറ്റൂകള്‍. ഉപഭോക്താക്കള്‍ തന്നെ തീമുമായി വരികയോ, അവര്‍ തീം നല്‍കിയശേഷം ടാറ്റൂ ആര്‍ട്ടിസ്റ്റ് അത് വികസിപ്പിക്കുകയോ ചെയ്യുന്നു.

ടാറ്റൂ ചെയ്യാന്‍ എടുക്കുന്ന ചിത്രം, അതിന്റെ ആശയം, ടാറ്റൂ ചെയ്യാനെടുക്കുന്ന സമയം , വലുപ്പം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ചാര്‍ജ് നിശ്ചയിക്കുന്നത്. ഒരു സ്‌ക്വോയര്‍ ഇഞ്ചിന് 700 രൂപ മുതല്‍ 800 രൂപ വരെയാണ് ഇപ്പോള്‍ പല ടാറ്റൂ സ്റ്റുഡിയോകളും ഈടാക്കുന്നത്. കൈത്തണ്ട, പുറംഭാഗം, കാലുകള്‍, കഴുത്തിനു പിന്‍ഭാഗം എന്തിനേറെ പറയുന്നു ഇപ്പോള്‍ കണ്ണിനു മുകളില്‍ വരെ ആളുകള്‍ ടാറ്റൂ ചെയ്യുന്നുണ്ട്. പ്രിയപ്പെട്ടവരുടെ മുഖം കൈകളില്‍ ടാറ്റൂ ചെയ്യുന്നത് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാണ്. ദിവസം ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന സ്റ്റാര്‍ റേറ്റഡ് ടാറ്റൂ സ്റ്റുഡിയോകള്‍ വരെ ഇവിടെയുണ്ട്.

”മുന്‍പൊക്കെ ടാറ്റൂ ചെയ്യണം എന്ന് പറയുമ്പോള്‍ ഒരു വ്യക്തിക്ക് രണ്ടു മനസ്സായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, താന്‍ വ്യത്യസ്തനാണ് , സ്വാതന്ത്ര്യ ചിന്താഗതിക്കാരനാണ് എന്നൊക്കെയുള്ള പ്രഖ്യാപനമാണ് പലര്‍ക്കും ടാറ്റൂ. പണം ചെലവാകുന്നതില്‍ ആരും തന്നെ ആകുലപ്പെടുന്നതായി കാണാറില്ല. വ്യത്യസ്തനാകുക എന്നത് തന്നെയാണ് ലക്ഷ്യം. എണ്‌നല്‍ എടുത്ത് ചാടി ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് രണ്ടു വട്ടം ആലോചിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം , പെര്‍മനന്റ് ടാറ്റൂ ആണ് ചെയ്യുന്നത് എങ്കില്‍ ഒരിക്കല്‍ വേണ്ടെന്ന് തോന്നിയാല്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതിനായി പിന്നീട് ലേസര്‍ ചെയ്യാന്‍ വലിയ തുക തന്നെ ചെലവാകും. അതുപോലെ തന്നെ ടാറ്റൂ ചെയ്യാന്‍ ഉറപ്പിച്ചവര്‍ അത് അംഗീകൃത സ്റ്റുഡിയോകളില്‍ മാത്രം ചെയ്യുക. ഉപയോഗിക്കുന്ന നീഡില്‍ പുതിയതാണോ എന്ന് ഉറപ്പിക്കുക. അതുപോലെ തന്നെ ഉപയോഗിക്കുന്ന മഷിയുടെ നിലവാരവും ചോദിച്ചറിയുക. ഇപ്പോള്‍ ഏകദേശം 42 കളറുകളാണ് ടാറ്റൂ ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് . ടാറ്റൂ ചെയ്യുമ്പോള്‍ വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ സഹിക്കാനാവാത്ത വേദനയൊന്നുമില്ല. ഇത് കുറയ്ക്കുന്നതിനായി മെച്ചപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സഹായിക്കും. ഇപ്പോള്‍ പല ടാറ്റൂ സ്റ്റുഡിയോകളിലും ഉപയോഗിക്കുന്നത് ഇമ്പോര്‍ട്ടഡ് മെഷീനുകളാണ്” കോഴിക്കോട് സ്വദേശിയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് അജിത് പറയുന്നു.

വൈകല്യങ്ങള്‍ മറയ്ക്കാനും ടാറ്റൂ

നേരത്തെയുണ്ടായ അപകടം കാരണമോ ശസ്ത്രക്രിയകാരണമോ ഉണ്ടായ പാടുകള്‍ മായ്ക്കാനുള്ള കുറുക്കുവഴിയായും പച്ചകുത്തലിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. പുരികമില്ലാത്തവര്‍ പുരികം സൃഷ്ടിക്കാനും ഇന്ന് ടാറ്റൂ ഉപയോഗിക്കുന്നു. ഒരിക്കല്‍ ടാറ്റൂ ചെയ്ത പാട് വൃത്തികേടായിട്ടുണ്ടെങ്കില്‍ അത് മനോഹരമാക്കുന്നതിലും കൂടുതല്‍ ടാറ്റൂ ചെയ്യുന്നതിനുമായി ആളുകള്‍ ഇന്ന് ടാറ്റൂ സ്റ്റുഡിയോകള്‍ തേടിയെത്തുന്നുണ്ട്. മാനസ്വഭാവം പ്രകടമാക്കുന്ന ത്രിഡി ടാറ്റൂ തേടിയെത്തുന്നവര്‍ ധാരാളമാണ്. ഇവക്ക് ചാര്‍ജ് കൂടുതലായിരിക്കും എന്ന് പ്രത്യേകം പറയണ്ടല്ലോ.

സിനിമാതാരങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ടാറ്റൂ ചെയ്യാനെത്തുന്നവരും ധാരാളമാണ്. ക്രിക്കറ്റില്‍ ശ്രീശാന്തും വിരാട് കോഹ്‌ലിയുമെല്ലാം ടാറ്റൂ ചെയ്തിരിക്കുന്നത് കണ്ട് ആ രീതിയില്‍ ടാറ്റൂ ചെയ്യാന്‍ എത്തുന്നവരും ഒട്ടും കുറവല്ല. കാന്‍സര്‍ മൂലം മുടികൊഴിഞ്ഞവര്‍ വിഗ്ഗിനെ ആശ്രയിക്കാതെ തലയോട്ടിയില്‍ ടാറ്റൂ ചെയ്യുന്നത് ട്രെന്‍ഡ് ആയിരുന്നു.

ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്യുന്നതാണ് ടാറ്റൂ പതിപ്പിക്കലിന്റെ രീതി. ത്വക്കിന്റെ രണ്ടാംപാളിയിലേക്കാണ് ഈ മഷി നിക്ഷേപിക്കപ്പെടുന്നത്. വിവാഹം, ബര്‍ത്ത് ഡേ പോലുള്ള അവസരങ്ങളിലേക്കായി താല്‍ക്കാലിക ടാറ്റൂ ചെയ്യുന്നവരും ധാരാളമാണ്. 15 മിനുട്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയമെടുത്താണ് പല ടാറ്റൂവും ചെയ്യുന്നത്. അംഗീകാരമില്ലാത്ത ടാറ്റൂ സ്റ്റുഡിയോകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എങ്കിലും ഇന്ന് അതിന്റെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിരിക്കുകയാണ്.ടാറ്റൂചെയ്യുന്ന സ്റ്റുഡിയോകള്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലവില്‍ കേരളത്തിലുള്ള 90 ശതമാനം ടാറ്റൂ സ്റ്റുഡിയോകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. ടാറ്റൂ ചെയ്ത ശേഷം ആര്‍ട്ടിസ്റ്റ് പറയുന്ന രീതിയില്‍ തന്നെ ചര്‍മ സംരക്ഷണം നടത്തണം. ടാറ്റൂ ചെയ്തതിനു ശേഷം നല്‍കുന്ന ഓയിന്മെന്റ് നിശ്ചിത ദിവസം വരെ പുരട്ടണം. ടാറ്റൂ ചെയ്യുന്നതിന് മുന്‍പായി തൊലി സെന്‌സിറ്റിവ് ആണോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.

ടാറ്റൂ ആര്‍ക്കും ചെയ്യാമോ?

18 വയസ്സിനുമുകളില്‍ പ്രായമുള്ള ആര്‍ക്കും ടാറ്റൂചെയ്യാവുന്നതാണ്. എന്നാല്‍, പ്രമേഹരോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മദ്യപിച്ചവര്‍ എന്നിവര്‍ ടാറ്റൂചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഇത് സ്റ്റുഡിയോകളില്‍ എത്തുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നെ വ്യക്തമാക്കുന്ന കാര്യമാണ്. പ്രമേഹരോഗികള്‍ക്ക് മുറിവുണങ്ങാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഒരു പ്രശ്‌നം. അണുബാധയുണ്ടാവാനിടയുള്ളതിനാല്‍ ആണ് മുലയൂട്ടുന്ന അമ്മമാരോട് വിട്ടു നില്‍ക്കാന്‍ പറയുന്നത്. ഹൃദയസംബന്ധിയായ രോഗമുള്ളവര്‍ രക്തം വേഗം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ ഇക്കൂട്ടര്ക്കും ടാറ്റൂ ചെയ്യുന്നത് അപകടമാണ്.

Categories: FK Special, Slider