തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കരുതെന്ന് സുപ്രീംകോടതി

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കരുതെന്ന് സുപ്രീംകോടതി

ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി; നടപടി തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച്

ന്യൂഡെല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെയും പരിസ്ഥിതി സംഘടനകളുടെയും ഹര്‍ജി പരിഗണിച്ചാണ് വിധി. ട്രൈബ്യൂണലിന് കേസില്‍ ഇടപെടാനാകില്ലെന്നും വേദാന്ത ഗ്രൂപ്പിന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാമെന്ന ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയത്. ദേശീയ ഹരിത ട്രിബ്യൂണല്‍ രൂപീകരിച്ച മൂന്നംഗ സമിതി വിഷയത്തില്‍ പഠനം നടത്തിയ ശേഷമാണ് ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.

സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഗുരുതരമായ പരിസര മലിനീകരണമാണ് സൃഷ്ടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്ലാന്റ് വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ തൂത്തുക്കുടിയില്‍ ശക്തമായ പ്രതിഷേധമായിരുന്നു നടന്നത്. പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ പ്ലാന്റ് പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് വേദാന്ത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവിനെ മേല്‍ക്കോടതിയും അംഗീകരിച്ചു. സ്‌റ്റെര്‍ലൈറ്റ് ചെമ്പുശുദ്ധീകരണശാല തുറക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നും തല്‍സ്ഥിതി തുടരണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവും കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രൈബ്യൂണലിന്റെ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കമ്പനി പ്രവര്‍ത്തിക്കുന്നതിന് സമ്മതം നല്‍കുന്ന പുതിയ ഉത്തരവുകള്‍ നല്‍കണമെന്നും ആപത്ക്കരമായ വസ്തുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി വേദാന്ത ഗ്രൂപ്പിന് നല്‍കണമെന്നും തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഗ്രീന്‍ ട്രിബ്യൂണല്‍ കര്‍ക്കശമായി നിര്‍ദേശിച്ചെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ ഉത്തരവ് ട്രിബ്യൂണലിന്റെ അധികാര പരിധി മറികടന്ന് കൊണ്ടുള്ളതാണെന്ന് സുപ്രീംകോടതി കണ്ടെത്തി.

Comments

comments

Categories: FK News