ചൈനയ്‌ക്കൊപ്പം പാക്കിസ്ഥാന് കൂടുതല്‍ സാമ്പത്തിക പിന്തുണയുമായി സൗദി, ഇന്ത്യയ്ക്ക് ആശങ്ക

ചൈനയ്‌ക്കൊപ്പം പാക്കിസ്ഥാന് കൂടുതല്‍ സാമ്പത്തിക പിന്തുണയുമായി സൗദി, ഇന്ത്യയ്ക്ക് ആശങ്ക

20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികള്‍ക്കായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ഇസ്ലാമാബാദ്: വന്‍ നിക്ഷേപ പദ്ധതികളുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക്കിസ്ഥാനില്‍. പാക്കിസ്ഥാനില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രങ്ങളില്‍ ഒപ്പിട്ടതായി സൗദി കിരീടാവകാശി കൂടിയായ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നീക്കം നടത്തുന്നതിനിടെ ചൈനയും സൗദിയും പോലുള്ള സാമ്പത്തിക ശക്തികള്‍ പാക്കിസ്ഥാന് പിന്തുണയുമായി എത്തുന്നത് ഇന്ത്യയ്ക്ക് ആശങ്കാജനകമാണ്. ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സല്‍മാന്‍ രാജകുമാരന്‍ പാക്കിസ്ഥാനിലെത്തിയത്.

”സൗദി അറേബ്യയ്ക്കും പാക്കിസ്ഥാനും അതിബൃഹത്തായ ഒരു ഭാവി മെനഞ്ഞെടുക്കയാണ് ഞങ്ങള്‍”. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരുക്കിയ വിരുന്ന് സത്കാരത്തില്‍ പങ്കെടുക്കവെ സൗദി അറേബ്യയുടെ ഭാവി ഭരണാധികാരി പറഞ്ഞു. ഇന്ധന, കാര്‍ഷിക മേഖലകളിലായാണ് സൗദി അറേബ്യ പാക്കിസ്ഥാനില്‍ നിക്ഷേപം നടത്തുന്നത്. തെക്ക് പടിഞ്ഞാറന്‍ പാക് നഗരമായ ഗ്വദ്വാറിലെ 10 ബില്യണ്‍ ഡോളറിന്റെ എണ്ണ ശുദ്ധീകരണശാല പദ്ധതിയും ഇതില്‍ ഉള്‍പ്പെടും.

കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) മൂലം നിലയില്ലാ കയത്തില്‍ മുങ്ങുന്ന പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥയെ തിരിച്ച് പിടിക്കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് സല്‍മാന്‍ രാജകുമാരന്റെ നിക്ഷേപ പദ്ധതികള്‍. നിലവില്‍ പാക്കിസ്ഥാന് 3 ബില്യണ്‍ ഡോളറിന്റെ വായ്പ സൗദി നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ ദക്ഷിണേഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണയ്ക്കുന്നതിനായി യുഎഇ പ്രഖ്യാപിച്ച 3 ബില്യണ്‍ ഡോളറില്‍ ബാക്കിയുള്ള 1 ബില്യണ്‍ ഡോളറും പാക്കിസ്ഥാന് ഏറെ സഹായകമായി.

പരിഷ്‌കരണ പദ്ധതികള്‍ക്കായും കടബാധ്യത തീര്‍ക്കുന്നതിനായും ഐഎംഎഫ് സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിച്ചത് സൗദിയുടെ പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു. അതേസമയം വിദേശ നാണ്യ ശേഖരം ശക്തിപ്പെടുത്താനും വായ്പാ ബാധ്യതയില്‍ നിന്ന് രക്ഷനേടാനുമായി ഐഎംഎഫിന്റെ സാമ്പത്തിക പാക്കേജ് സ്വീകരിച്ചേക്കുമെന്ന് ധനകാര്യമന്ത്രി അസദ് ഉമര്‍ ഈ മാസം പറയുകയും ചെയ്തു.

സൗദിയുടെ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പാക് സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജമേകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ രാജ്യം നേരിടുന്ന ഇരട്ടക്കമ്മി വിഷയത്തില്‍ അന്താരാഷ്ട്ര നാണ്യനിധിക്ക് കീഴിലുള്ള സാമ്പത്തിക, ധന നയങ്ങള്‍ വഴിയുള്ള പരിഹാര പദ്ധതിയാണ് ഫലപ്രദമാകുകയെന്ന് ദുബായിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിലെ സാമ്പത്തിക വിദഗ്ധനായ ബിലാല്‍ ഖാന്‍ പറയുന്നു.

ഭീകരാക്രമണങ്ങളോടുള്ള സമീപനങ്ങളുടെ പേരില്‍ ആഗോളതലത്തില്‍ പൊതുവേ സ്വീകാര്യരല്ലാത്ത പാക്കിസ്ഥാനോട് സൗദിയുടെ പെട്ടന്നുള്ള അനുഭാവ നയത്തിന് അയല്‍രാജ്യത്തോടുള്ള അനുകമ്പയല്ലാതെ മറ്റൊരുകാരണം കൂടിയുണ്ട്. സൗദിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് ശേഷം, കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന ഭാവി നിക്ഷേപക സംരംഭത്തില്‍ (ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്) പങ്കെടുത്ത ചുരുക്കം വിദേശ വ്യക്തിത്വങ്ങളില്‍ പ്രമുഖനായ ഒരാള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണെന്നുള്ളതാണത്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് സൗദി വിമര്‍ശകനായ ജമാല്‍ ഖഷോഗി വധിക്കപ്പെടുന്നത്. ഈ കൊലപാതകത്തില്‍ സൗദി അറേബ്യക്കെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും പരസ്യമായി സൗദിയെ പിന്തുണയ്ക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചത്.

ദീര്‍ഘകാലമായി ദൃഢബന്ധം കാത്തുസൂക്ഷിക്കുന്ന സഖ്യരാഷ്ട്രങ്ങളാണ് പാക്കിസ്ഥാനും സൗദിയുമെങ്കിലും നാല് വര്‍ഷം മുമ്പ് യെമന്‍ വിഷയത്തില്‍ പിന്തുണ നല്‍കണമെന്ന സൗദി ആവശ്യം പാക്കിസ്ഥാന്‍ നിരാകരിച്ചതിനെ തുടര്‍ന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പാക്കിസ്ഥാനിലുടനീളമുള്ള തീവ്ര ഇസ്ലാമിക ആശയങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന രാഷ്ട്രമെന്ന അപഖ്യാതിയും സൗദിക്കുണ്ട്.

Categories: Arabia