യുകെ പത്രറിപ്പോര്‍ട്ട് തള്ളി സൗദി മന്ത്രി;മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കില്ല

യുകെ പത്രറിപ്പോര്‍ട്ട് തള്ളി സൗദി മന്ത്രി;മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കില്ല

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് ചര്‍ച്ച മാധ്യമം തെറ്റിദ്ധരിച്ചതാകാമെന്ന് മന്ത്രി

റിയാദ്: ചുകന്ന ചെകുത്താന്മാരെ സ്വന്തമാക്കുന്നതിനായി സൗദി രാജകുമാരന്‍ അണിയറയില്‍ ചരടുവലികള്‍ നടത്തുന്നുവെന്ന യുകെ പത്രറിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യ. വാര്‍ത്ത തികച്ചും അസത്യമാണെന്ന് സൗദി അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി തുര്‍ക്കി അല്‍ഷബനാ ട്വിറ്ററിലൂടെ അറിയിച്ചു.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എഫ് സിയുടെ അമേരിക്കന്‍ ഉടമകളായ ഗ്ലേസര്‍ കുടുംബത്തില്‍ നിന്നും നിയന്ത്രണം തങ്ങളുടെ കയ്യിലാക്കാന്‍ സൗദി രാജകുമാരന്‍ ശ്രമിക്കുന്നുണ്ടെന്നാണ് യുകെ പത്രമാധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത സീസണോടെ ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ 4.9 ബില്യണ്‍ ഡോളറിന് ടീമിനെ സ്വന്തമാക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

”ഒക്ടോബറിലാണ് ഇതിനായുള്ള ശ്രമം ആരംഭിച്ചത്, എന്നാല്‍ ജമാല്‍ ഖഷോഗിയുടെ വധത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശ്‌നങ്ങള്‍ ഇടപാടിന് വിഘാതമാകുകയായിരുന്നു ” റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം സൗദിയും യുണൈറ്റഡും തമ്മില്‍ അടുത്തിടെ നടന്ന ആശയവിനിമയം ദ സണ്‍ തെറ്റിദ്ധരിച്ചതാകാമെന്ന് സൗദി മന്ത്രി അഭിപ്രായപ്പെട്ടു. പരസ്യ നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലബ്ബും പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ടും(സൗദിയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ട്) അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ നിക്ഷേപങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ അമേരിക്കയിലെ ഗ്ലേസര്‍ കുടുംബമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സിയെ നിയന്ത്രിക്കുന്നത്. 2005ലാണ് ഇംഗ്ലണ്ടിലെ ഈ ഫുട്‌ബോള്‍ ക്ലബ്ബിനെ ഗ്ലേസര്‍ കുടുംബം വാങ്ങുന്നത്. 2012ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സി ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു.

അബുദബി രാജകുടുംബത്തിലെ ഷേഖ് മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ വെല്ലുവിളിക്കുക എന്ന ആഗ്രഹത്തിന്റെ പുറത്താണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മാഞ്ചസ്റ്റര്‍ യുണെറ്റഡിനായി ചരടുവലികള്‍ നടത്തുന്നതെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വില്‍പ്പനയില്‍ ഗ്ലേസര്‍ കുടുംബത്തിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Arabia