സാംസംഗ് വിയത്‌നാമില്‍ നിന്ന് എയര്‍കണ്ടീഷ്ണറുകള്‍ ഇറക്കുമതി ചെയ്യുന്നു

സാംസംഗ് വിയത്‌നാമില്‍ നിന്ന് എയര്‍കണ്ടീഷ്ണറുകള്‍ ഇറക്കുമതി ചെയ്യുന്നു

ടിവിയിലും എസിയിലും ആഭ്യന്തര മാനുഫാക്ചറിംഗ് വെട്ടിച്ചുരുക്കുന്നു

കൊല്‍ക്കൊത്ത: സമീപകാലത്ത് കസ്റ്റംസ് നികുതിയില്‍ വരുത്തിയ വര്‍ധനയില്‍ നിന്ന് രക്ഷ നേടുന്നതിന്റെ ഭാഗമായി വിയത്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ കണ്ടീഷ്ണറുകള്‍ ഇറക്കുമതി ചെയ്യാന്‍ സാംസംഗ് ആരംഭിച്ചു. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ള വിയത്‌നാമില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ഇറക്കുമതി നടത്താനാകും. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസംഗ് 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യയിലെ എസി വിപണിയിലുള്ള വിഹിതത്തില്‍ ഇടിവ് നേരിടുന്നുണ്ട്.
പ്രീമിയം വിന്‍ഡ് ഫ്രീ ശ്രേണിയിലുള്ള എസികളാണ് സാംസംഗ് ഇപ്പോള്‍ വിയറ്റ്‌നാമില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. മറ്റ് മോഡലുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനൊപ്പം ചെന്നൈ പ്ലാന്റിലുള്ള എസി ഉല്‍പ്പാദന സംവിധാനം മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി വിനിയോഗിക്കും. എസി കംപ്രസറുകളുടെ തീരുവ വര്‍ധിപ്പിച്ച സാഹചര്യത്തില്‍, കംപ്രസറുകള്‍ ഇറക്കുമതി ചെയ്ത് ആഭ്യന്തരമായി എസി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ പൂര്‍ണമായ എസി സ്വതന്ത്ര വ്യാപാര കരാറിന്റെ ആനൂകൂല്യം ഉപയോഗിച്ച് ഇറക്കുമതി ചെയ്യുന്നതാണ് ലാഭകരം. 7.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് എസി കംപ്രസറുകളുടെ കസ്റ്റംസ് നികുതി ഉയര്‍ത്തിയിട്ടുള്ളത്.
എന്നാല്‍ എല്ലാ ബ്രാന്‍ഡുകള്‍ക്കും ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത് നേട്ടമുണ്ടാക്കാനാകില്ല. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ള ആസിയാന്‍ രാഷ്ട്രങ്ങളില്‍ പലര്‍ക്കും മാനുഫാക്ചറിംഗ് സംവിധാനങ്ങളില്ലാത്തതാണ് കാരണം. ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവയിലുണ്ടായ വര്‍ധന മറികടക്കാന്‍ നേരത്തേ വിയത്‌നാമില്‍ നിന്ന് ടെലിവിഷന്‍ സെറ്റുകളുടെ ഇറക്കുമതിക്കും സാംസംഗ് തുടക്കമിട്ടിട്ടുണ്ട്.

മൊബീല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പ്പാദനവും വെട്ടിച്ചുരുക്കാന്‍ സാംസംഗ് പദ്ധതിയിട്ടിരുന്നു. ഡിസ്‌പ്ലേയും ടച്ച് പാനലും പോലുള്ള ഘടകഭാഗങ്ങളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്നായിരുന്നു ഇത്. സര്‍ക്കാര്‍ ഇപ്പോള്‍ ഈ തീരുമാനം നടപ്പാക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

രാജ്യത്തെ എസി വിപണിയില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 13.7 ശതമാനം വിഹിതം സാംസംഗിന് ഉണ്ടായിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ 9 മാസങ്ങളിലെ കണക്ക് പ്രകാരം സാംസംഗിന്റെ വിഹിതം 5 ശതമാനം മാത്രമാണ്.

Comments

comments

Categories: FK News