രൂപയുടെ മൂല്യം വീണ്ടും താഴേക്ക്

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്

ഇന്നലെ രൂപയുടെ മൂല്യം ഡോളറിനെതിരേ 71.51ലേക്ക് താഴ്ന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ പാദത്തില്‍ ഏഷ്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറന്‍സി ആയിരുന്നു രൂപ. എന്നാല്‍ എണ്ണവില വീണ്ടും ഉയര്‍ന്നു തുടങ്ങിയതും രാജ്യാതിര്‍ത്തിയായ കശ്മീരിലെ സംഘര്‍ഷാവസ്ഥയും ആസന്നമായ പൊതു തെരഞ്ഞെടുപ്പും രൂപയുടെ നില വീണ്ടും താഴേക്കെത്തിച്ചു. ഈ പാദത്തില്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയാണ് രൂപ. ഡിസംബര്‍ അവസാനം മുതല്‍ ഇതു2.വരെയുള്ള കാലയളവില്‍ 2.4 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.

യുഎസിനും ചൈനയ്ക്കുമിടയിലെ വ്യാപാര യുദ്ധത്തിന് അയവ് വന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ കരാറിലേക്ക് നീങ്ങുന്നതും മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്ക് ഗുണകരമായിട്ടുണ്ട്. ഇന്നലെ രൂപയുടെ മൂല്യം ഡോളറിനെതിരേ 71.51ലേക്ക് താഴ്ന്നു. ജനുവരി ആദ്യത്തില്‍ 69.23 എന്ന താരതമ്യേന ശക്തമായ നിലയിലായിരുന്നു രൂപ. ” നെഗറ്റിവ് ഘടകങ്ങള്‍ മാറ്റമില്ലാതെ നിലകൊള്ളുകയാണെങ്കില്‍, ഉദാഹരണത്തിന് കാശ്മീരിലെ സാഹചര്യം കൂടുതല്‍ വഷളായാല്‍ രൂപ 73ലേക്ക് കൂപ്പുകുത്തും’ മുംബൈയിലെ ഡിബിഎസ് ബാങ്കിന്റെ ട്രേഡിംഗ് വിഭാഗം മേധാവി ആശിഷ് വൈദ്യ പറഞ്ഞു.

കശ്മീരിലെ പുല്‍വാരയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സമീപ ദിവസങ്ങളില്‍ രൂപയുടെ മൂല്യമിടിവ് വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ക്രൂഡ് ഓയില്‍ വിലയില്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നതിനൊപ്പം വെനിസ്വല, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കെതിരേ യുഎസ് പുലര്‍ത്തുന്ന ഉപരോധം കൂടി കണക്കിലെടുക്കുമ്പോല്‍ വരുംദിവസങ്ങളിലും ആഗോള തലത്തില്‍ എണ്ണ വിതരണം കുറയും.

Comments

comments

Categories: FK News
Tags: Rupee