ലോകകപ്പിന് മുമ്പായി ഖത്തര്‍ കായികമേഖലയില്‍ 20 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതി

ലോകകപ്പിന് മുമ്പായി ഖത്തര്‍ കായികമേഖലയില്‍ 20 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതി

2022ലെ ലോകകപ്പ് ഫുട്‌ബോളിന് മുമ്പായി ഖത്തറിലേക്ക് കൂടുതല്‍ വിദേശ സ്‌പോര്‍ട്‌സ് കമ്പനികളെ ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം

ദോഹ: 2022ലെ ലോകകപ്പിന് മുന്നോടിയായി ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സ്‌പോര്‍ട്‌സ് കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള വന്‍ പദ്ധതികളുമായി ഖത്തര്‍. 20 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഖത്തറിനെ ഗള്‍ഫിലെ ഏറ്റവും വലിയ കായികകേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

2022ലെ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകാന്‍ തയ്യാറെടുക്കുന്ന ഖത്തര്‍ അതിന് മുമ്പായി കൂടുതല്‍ വിദേശ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്. ഇതിനായി പ്രാദേശിക നിയമങ്ങളില്‍ ഇളവുകള്‍ വരുത്താനും ഖത്തര്‍ ആലോചിക്കുന്നുണ്ട്. 2022 ഓടെ 150 സ്‌പോര്‍ട്‌സ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദേശ കമ്പനികള്‍ക്ക് പ്രാദേശിക ഉടമസ്ഥാവകാശ നിയമങ്ങളില്‍ നിന്നും ഇളവ് നല്‍കുമെന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യുഎഫ്‌സി)അറിയിച്ചു. വിദേശകമ്പനികള്‍ക്ക് (പ്രധാനമായും സാമ്പത്തിക മേഖലയിലുള്ളവയ്ക്ക്) ലൈസന്‍സ് നല്‍കുന്ന അധികാര കേന്ദ്രമാണ് ക്യൂഎഫ്‌സി. ഈ വര്‍ഷം തന്നെ 25ഓളം സ്‌പോര്‍ട്‌സ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് ആലോചിക്കുന്നതെന്നും ക്യുഎഫ്‌സി സിഇഒ യൂസഫ് അല്‍ ജൈദ പറഞ്ഞു.

ഖത്തറിനെ ഗള്‍ഫ് മേഖലയിലെ കായികപരിപാടികളുടെ പ്രാദേശിക കേന്ദ്രമാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക നിയമങ്ങള്‍ ഉദാരമാക്കി കൂടുതല്‍ കായിക അനുബന്ധ ബഹുരാഷ്ട്ര കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും, കായിക അനുബന്ധ സേവനങ്ങള്‍ വാണിജ്യവത്കരിക്കുന്നതിനുള്ള അവസരങ്ങള്‍ അവര്‍ക്കൊരുക്കാനുമുള്ള തീരുമാനം ഖത്തര്‍ കൈക്കൊണ്ടത്. കായിക കേന്ദ്രമാകുക എന്ന ഖത്തറിന്റെ ലക്ഷ്യം ഏറെക്കുറെ വിജയം കാണുന്നുമുണ്ട്. ലോകകപ്പ് മത്സര നടത്തിപ്പിനെ സഹായിക്കുന്നതിനായി ഈ മാസം ഫിഫ ഖത്തറുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിരുന്നു. അന്താരാഷ്ട്ര അത്‌ലെറ്റിക്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പന്‍ഷിപ്പിനും ഈ വര്‍ഷം ഖത്തര്‍ വേദിയാകുന്നുണ്ട്.

2022ലെ ലോകകപ്പ് ലക്ഷ്യമാക്കി കായിക സേവന കമ്പനികള്‍, നിയമ സംബന്ധ കമ്പനികള്‍, വിദ്യാഭ്യാസ പരിശീലന അക്കാദമികള്‍, കായിക വസ്ത്ര, ഉപകരണ കമ്പനികള്‍ തുടങ്ങി കായികവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലുമുള്ള കമ്പനികള്‍ക്ക് ഖത്തറില്‍ കൂടുതല്‍ അവസരമൊരുക്കുകയാണെന്ന് ജൈദ പറഞ്ഞു.കായികമേഖലയില്‍ ദുബായിയുമായി മത്സരം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഭാഗത്തിലുള്ള കമ്പനികള്‍ക്ക് ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് സൗജന്യമായി സ്ഥലം, മൂലധനം തുടങ്ങിയ ഇളവുകള്‍ ക്യുഎഫ്‌സി പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ലോകകപ്പ് കാലമെത്തുമ്പോഴേക്കും ഇസ്ലാമിക് ഫിനാന്‍സ്, ഫിന്‍ടെക്, മീഡിയ തുടങ്ങിയ മേഖലകളിലേക്ക് 1,000ത്തോളം കമ്പനികളെ ആകര്‍ഷിക്കുന്നതിനായുള്ള പദ്ധതികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് ജൈദ പറഞ്ഞു. നിലവില്‍ ഈ മേഖലകളിലായി 600 കമ്പനികളാണ് ഖത്തറിലുള്ളത്.

ഗള്‍ഫ് മേഖലയിലെ മറ്റ് രാഷ്ട്രങ്ങള്‍ക്ക് സമാനമായി എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്നും മാറുക എന്ന ലക്ഷ്യത്തോടെ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തര്‍ നടത്തുന്നുണ്ടെങ്കിലും സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവരുടെ നേതൃത്വത്തില്‍ 2017ല്‍ ഉണ്ടായ നയതന്ത്ര-വ്യാപാര ബഹിഷ്‌കരണം ദോഹയ്ക്ക് തിരിച്ചടിയായി. ഖത്തര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണ് സൗദി നേതൃത്വത്തിലുള്ള ഖത്തര്‍ ബഹിഷ്‌കരണ രാഷ്ട്രങ്ങളുടെ ആരോപണം. എന്നാല്‍ ഈ ആരോപണം ഖത്തര്‍ നിഷേധിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia