നഷ്ടം പെരുകുമെന്ന ആശങ്കയില്‍ പേടിഎം

നഷ്ടം പെരുകുമെന്ന ആശങ്കയില്‍ പേടിഎം
  • 2019-2020ല്‍ ഏകദേശം 2,100 കോടി രൂപയുടെ നഷ്ടം കുറിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്
  • നടപ്പു സാമ്പത്തിക വര്‍ഷം 870 കോടി രൂപയുടെ നഷ്ടം കുറിക്കുമെന്നാണ് പേടിഎമ്മിന്റെ കണക്കുകൂട്ടല്‍

ന്യൂഡെല്‍ഹി: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം (2019-2020) നഷ്ടം ഇരട്ടിയിലധികം വര്‍ധിച്ചേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് പേടിഎം. 2019-2020ല്‍ ഏകദേശം 2,100 കോടി രൂപയുടെ നഷ്ടം കുറിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 870 കോടി രൂപയാണ് നഷ്ടം പ്രതീക്ഷിക്കുന്നത്. പേടിഎമ്മിനായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ കോര്‍പ്പറേറ്റ് പ്രൊഫഷണല്‍സ് കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് നഷ്ടകണക്കുകള്‍ സംബന്ധിച്ച ആശങ്ക പങ്കുവെച്ചിട്ടുള്ളത്.

2020-2021 സാമ്പത്തിക വര്‍ഷം പേടിഎം തങ്ങളുടെ ആദ്യ ലാഭം രേഖപ്പെടുത്തുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇക്കാലയളവില്‍ കമ്പനി 207.61 കോടി രൂപയുടെ ലാഭം കുറിക്കുമെന്നാണ് അനുമാനം. ക്രമേണ 2026 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഏകദേശം 8,512.69 കോടി രൂപയുടെ ലാഭം കുറിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, വണ്‍97ന്റെ വക്താവ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇ-കൊമേഴ്‌സ് രംഗത്ത് ആമസോണിനെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടിനെയും എതിരിടുന്നതിന് കമ്പനി നടത്തുന്ന ആക്രമണോത്സുക ശ്രമങ്ങളാണ് നഷ്ടം പെരുകാനുള്ള കാരണം. വലിയ പണച്ചെലവ് വരുന്ന ഓണ്‍ലൈന്‍ ബിസിനസ് വളര്‍ച്ച കുറയ്ക്കാനും ഈ വിഭാഗത്തിലുള്ള ഓഹരികള്‍ വിറ്റഴിക്കാനും പേടിഎം പദ്ധതിയിടുന്നതായാണ് വിവരം. ഓഫ്‌ലൈന്‍ ബിസിനസ് സംരംഭങ്ങള്‍ വികസിപ്പിക്കാനാണ് പേടിഎമ്മിന്റെ പദ്ധതിയെന്നും ഇതുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തങ്ങളുടെ ഓണ്‍ലൈന്‍-ടു-ഓഫ്‌ലൈന്‍ സ്ട്രാറ്റജിയെ സഹായിക്കുന്നതിന് കമ്പനി അടുത്തിടെ ബിഗ്ബാസ്‌ക്കറ്റില്‍ നിന്നും രഘു ചക്രവര്‍ത്തിയെ നിയമിച്ചിരുന്നു. ബിസിനസ് വളര്‍ച്ചയ്ക്ക് ഓഹരി വില്‍പ്പന വഴിയുള്ള മൂലധന സമാഹരണത്തെയാണ് പേടിഎം ആശ്രയിക്കുന്നത്. ബില്യണേയര്‍ നിക്ഷേപകനായാണ് വാറണ്‍ ബഫറ്റിന്റെ ബെര്‍ക്‌ഷൈര്‍ ഹാത്‌വേയില്‍ നിന്നാണ് കമ്പനി അവസാനം നിക്ഷേപം സമാഹരിച്ചത്.

ഒരു ദശാബ്ദത്തിനിടെ പേടിഎം പേമെന്റ്‌സ് ബാങ്ക് ഉള്‍പ്പെടെ 25 അനുബന്ധ സ്ഥാപനങ്ങളും അസോസിയേറ്റ് സംരംഭങ്ങളുമാണ് കമ്പനി തുറന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡിജിറ്റല്‍ ബിസിനസിലേതിനേക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിഭാഗത്തില്‍ നിന്നും കമ്പനിക്ക് നഷ്ടമായിട്ടുണ്ട്. 1,787.55 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പേടിഎം മാള്‍ രേഖപ്പെടുത്തിയത്.

Categories: Business & Economy
Tags: PayTM