പതഞ്ജലിയുടെ വിതരണ ശൃംഖല ശക്തമാകണമെന്ന് ആചാര്യ ബാല്‍കൃഷ്ണ

പതഞ്ജലിയുടെ വിതരണ ശൃംഖല ശക്തമാകണമെന്ന് ആചാര്യ ബാല്‍കൃഷ്ണ

വില്‍പ്പന ശൃംഖലയും വിതരണ നെറ്റ്‌വര്‍ക്കും കമ്പനിയുടെ അതിവേഗ വളര്‍ച്ചയുമായി പൊരുത്തപ്പെട്ട് പോകാത്തതാണ് വില്‍പ്പന കുറയാനുള്ള കാരണം

ന്യൂഡെല്‍ഹി: പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ഇടിവ് നേരിടുന്നതായി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആചാര്യ ബാല്‍കൃഷ്ണ. സപ്ലൈ ശൃംഖലയും വിതരണ നെറ്റ്‌വര്‍ക്കും കമ്പനിയുടെ അതിവേഗ വളര്‍ച്ചയുമായി പൊരുത്തപ്പെട്ട് പോകാത്തതാണ് വില്‍പ്പന കുറയാനുള്ള കാരണമായി ആചാര്യ ബാല്‍കൃഷ്ണ പറയുന്നത്.

വളരെ വേഗത്തിലുള്ള വളര്‍ച്ചയാണ് പതഞ്ജലി രേഖപ്പെടുത്തുന്നത്. എന്നാല്‍, വ്യാപാര ചാനലുകളുടെ സേവനവും അടിസ്ഥാനസൗകര്യങ്ങളും ഏകീകൃത ചരക്ക് സേവന നികുതിയും (ജിഎസ്ടി) കമ്പനിയുടെ ബിസിനിസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ആചാര്യ ബാല്‍കൃഷ്ണ ചൂണ്ടിക്കാട്ടി. ബിസിനസിനെ അടുത്ത തലത്തിലുള്ള വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് വില്‍പ്പന, വിതരണ ശൃംഖലകളില്‍ കാര്യമായ മാറ്റം വരുത്താന്‍ കമ്പനിക്ക് കുറച്ച് സമയം ആവശ്യമാണെന്നും ആചാര്യ ബാല്‍കൃഷ്ണ പറഞ്ഞു. ബെന്നറ്റ് സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

പതഞ്ജലിയുടെ വിതരണ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള മിക്ക ജോലികളും പൂര്‍ത്തിയായി കഴിഞ്ഞെന്നും വരും വര്‍ഷത്തില്‍ ഇതിന്റെ പ്രതിഫലനം കാണാനാകുമെന്നും ബാല്‍കൃഷ്ണ പറഞ്ഞു. യോഗ ഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനി തങ്ങളുടെ ബിസിനസ് പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ പത്ത് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 9,030 കോടി രൂപയുടെ വരുമാനമാണ് തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം കമ്പനിക്ക് നേടാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 8,135 കോടി രൂപയായി കുറഞ്ഞു. അഞ്ച് വര്‍ഷം വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തിയ ശേഷമുണ്ടായ ഇടിവാണിത്. അറ്റാദായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പകുതിയിലധികം ഇടിവുണ്ടായിട്ടുണ്ടെന്നാണ് കെയര്‍ റേറ്റിംഗ്‌സ് പറയുന്നത്. 529 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം.

Comments

comments

Categories: Business & Economy
Tags: Patanjali