ആറുതല്‍ ; ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതത്തിലൂടെ ഒരു യാത്ര

ആറുതല്‍ ; ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതത്തിലൂടെ ഒരു യാത്ര

ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 31 വരെ മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറിലാണ് ‘ആറുതലി’ന്റെ പ്രദര്‍ശനം

നാട്ടുവൈദ്യത്തില്‍ പാണ്ഡിത്യം, പേരുകേട്ട വിഷഹാരി, അധ്യാപിക, ലേഖനങ്ങളും കഥകളും കവിതകളും എഴുതുന്നയാള്‍. പറയുന്നത് മറ്റാരെയും പറ്റിയല്ല, സാക്ഷാല്‍ പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ കുറിച്ചാണ്. ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതത്തിലൂടെ ഒരു യാത്ര നടത്തുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ എ ജെ ജോജി. ജോജിയുടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതം ആണ് ‘ആറുതല്‍’ എന്ന പ്രദര്‍ശനത്തിലൂടെ തുറന്ന് കാട്ടുന്നത്. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 31 വരെ മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറിലാണ് ‘ആറുതലി’ന്റെ പ്രദര്‍ശനം നടക്കുന്നത്.

പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ

തിരുവനന്തപുരം ജില്ലയിലെ കല്ലാറിലാണ് ലക്ഷ്മിക്കുട്ടി അമ്മയുടെ സ്ഥലം. അമ്മ കുഞ്ഞുദേവിയും അമ്മാവനുമാണ് ലക്ഷ്മിക്കുട്ടിയെ നാട്ടുവൈദ്യത്തിന്റെ പാരമ്പര്യത്തിലേക്ക് എത്തിക്കുന്നത്. ഏഴാമത്തെ വയസ് മുതല്‍ രോഗികളെ പരിചരിക്കാന്‍ തുടങ്ങി. ഗവേഷക വിദ്യാര്‍ഥികള്‍ക്കു പോലും ഇക്കാര്യത്തില്‍ ഒരു മാര്‍ഗദര്‍ശിയാണ് ലക്ഷ്മിക്കുട്ടി അമ്മ. അഗസ്ത്യകൂടം, കല്ലാര്‍, പൊന്മുടി എന്നിവിടങ്ങളിലുള്ള ഏകദേശം അഞ്ഞൂറോളം ഔഷധ സസ്യങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവ് ലക്ഷ്മിക്കുട്ടി അമ്മയ്ക്കുണ്ട്.

ആധുനിക ശാസ്ത്ര ലോകത്തും അമൃതപ്പാല, കാട്ടുമുല്ല പോലുള്ള അപൂര്‍വമായ ഔഷധ സസ്യങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നും ലക്ഷ്മിക്കുട്ടി അമ്മ പഠിപ്പിക്കും. 1995-ല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നാണ് ആദ്യത്തെ അംഗീകാരമായ ‘നാട്ടുവൈദ്യരത്നം’ ലഭിക്കുന്നത്. 2018-ലാണ് ഭാരത സര്‍ക്കാര്‍ നാലാമത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പദ്മശ്രീ നല്‍കി ആദരിച്ചത്. കാനി ഗോത്രത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന ആദ്യ വനിതയാണ് ലക്ഷ്മിക്കുട്ടി അമ്മ. എത്ര തിരക്കായാലും 74 കാരിയായ ഈ അമ്മ എഴുത്തിനും, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും സമയം മാറ്റി വെക്കും.

ഫോട്ടോഗ്രാഫറും ഇടത് ചിന്തകനുമായ എ ജെ ജോജി കൊല്ലം ജില്ലയിലെ ശാസ്താംകോട്ട സ്വദേശി ആണ്. 1991-ലാണ് ജോജി ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കേരളത്തിലെ സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളായിരുന്നു അദ്ദേഹത്തിന് താത്പര്യം. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്കെ)യുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറും ഡോക്യൂമെന്റേഷനിസ്റ്റും ആയിരുന്നു ജോജി. കൊച്ചി മുസിരിസ് ബിനാലെ 2018-ലെ ഫോട്ടോഗ്രാഫി ഹെഡ് കൂടിയായിരുന്നു അദ്ദേഹം. ‘ആറുതല്‍’ ആണ് അദ്ദേഹത്തിന്റെ ആദ്യ പ്രദര്‍ശനം.

‘ഇത് ജോജിയുടെ ആദ്യത്തെ പ്രദര്‍ശനം ആണ്. പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയാണ് പ്രദര്‍ശനത്തിന്റെ വിഷയം. പരമ്പരാഗതമായ നാട്ടുവൈദ്യ ചികിത്സക്ക് പുതിയ മുഖം നല്‍കിയ വ്യക്തിയാണ് ലക്ഷ്മിക്കുട്ടി അമ്മ. കേരള സമൂഹത്തോടെ അവര്‍ നാട്ടുവൈദ്യ ചികിത്സയെകുറിച്ചുള്ള സ്വന്തം അറിവ് പങ്കുവെച്ചു. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കേരളത്തിന്റെ സംസ്‌കാരത്തെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. സാമൂഹിക ചിന്തകര്‍, രാഷ്ട്രീയ പ്രേരിതമായ സാമൂഹിക പ്രതിഷേധങ്ങള്‍, എല്ലാം മറന്ന് തങ്ങളുടേതായ ലോകത്ത് ഇരിക്കുന്ന കലാകാരന്മാര്‍ എന്നിങ്ങനെ എല്ലാം ജോജിയുടെ വിഷയമാകുന്നു. പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതത്തിലൂടെ പോകുന്ന ‘ആറുതല്‍’ എന്ന പ്രദര്‍ശനത്തിലൂടെ ജോജിയുടെ കലാപരമായ അനുഭവങ്ങള്‍ അടുത്തറിയാന്‍ സാധിക്കും.’- ക്യൂറേറ്റര്‍ റിയാസ് കോമു പറഞ്ഞു.

Comments

comments

Categories: Top Stories