പാക്കേജിംഗ് വ്യവസായ മൂല്യം 72.6 ബില്യണ്‍ ഡോളറിലെത്തും

പാക്കേജിംഗ് വ്യവസായ മൂല്യം 72.6 ബില്യണ്‍ ഡോളറിലെത്തും

2015ല്‍ ഇന്ത്യയുടെ പാക്കേജിംഗ് വ്യവസായത്തിന്റെ വിപണി മൂല്യം 31.7 ബില്യണ്‍ ഡോളറായിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ പാക്കേജിംഗ് വ്യവസായത്തിന്റെ വിപണി മൂല്യം 2019-2020 സാമ്പത്തിക വര്‍ഷം 72.6 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പഠന റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ അസോചവും പ്രൊഫഷണല്‍ സര്‍വീസസ് സംരംഭമായ ഇവൈയും ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയും ജനങ്ങളുടെ ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും വരുമാനം വര്‍ധിക്കുന്നതുമാണ് പാക്കേജിംഗ് വ്യവസായത്തിന്റെ വിപണി മൂല്യം ഉയരാനുള്ള കാരണമായി പഠനം പറയുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച രേഖപ്പെടുത്തുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം പാക്കേജിംഗ് വ്യവസായത്തിന്റെ മൊത്തം മൂല്യം 72.6 ബില്യണ്‍ ഡോളറിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

2015ല്‍ ഇന്ത്യയുടെ പാക്കേജിംഗ് വ്യവസായത്തിന്റെ വിപണി മൂല്യം 31.7 ബില്യണ്‍ ഡോളറായിരുന്നു. ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ചയും സംഘടിത റീട്ടെയ്ല്‍ മേഖലയുടെ വികാസവും വരും വര്‍ഷങ്ങളില്‍ പ്ലാസ്റ്റിക് പാക്കേജിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും ആളോഹരി ഉപഭോഗം വര്‍ധിക്കുന്നതിനും കാരണമാകുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

റീട്ടെയ്ല്‍ രംഗത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രഥമ വിഭാഗങ്ങളിലൊന്നാണ് എഫ്എംസിജി. പാക്കേജിംഗ് ഇന്‍ഡസ്ട്രിയുടെ ഏറ്റവും വലിയ അവസാന ഉപയോക്താവ് കൂടിയാണ് എഫ്എംസിജി. പാക്കേജിംഗ് വ്യവസായത്തിന്റെ മറ്റൊരു പ്രധാന ഉപയോക്താവ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയാണ്. മരുന്ന് വിതരണ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഫാര്‍മസ്യൂട്ടിക്കല്‍ പാക്കേജിംഗ് എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Categories: Business & Economy