നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2705 തസ്തികകളില്‍ നിയമനം നടത്തും

നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2705 തസ്തികകളില്‍ നിയമനം നടത്തും

രാജ്യത്തെ ഏറ്റവും വലിയ അര്‍ബുദ ചികില്‍സാകേന്ദ്രമായ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍സിഐ) 2705 തസ്തികകളിലേക്ക് നിയമനം തുടങ്ങി. ഞായറാഴ്ചയാണു നിയമന പ്രക്രിയ ആരംഭിച്ചത്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അര്‍ബുദരോഗ വിദഗ്ധര്‍
ആഴ്ചതോറും എന്‍സിഐ സന്ദര്‍ശിക്കാന്‍ തുടങ്ങിയതായി എയിംസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി കാന്‍സര്‍ ഹോസ്പിറ്റല്‍ മേധാവി ഡോ. ജി കെ രാത്ത് അറിയിച്ചു. ഔട്ട് ഡോര്‍ രോഗികളെ കാണാനാണ് 2705 തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ നിയമന പ്രക്രിയ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ ഝാജ്ജാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന എന്‍സിഐയില്‍ കഴിഞ്ഞ ഡിസംബര്‍ 18നു ശേഷം 415 രോഗികള്‍ സന്ദര്‍ശിച്ചു. ഇപ്പോഴിവിടെ 15 മുതിര്‍ന്ന ക്യാന്‍സര്‍ വിദഗ്ധരും 25 ജൂനിയര്‍ ഡോക്ടര്‍മാരുമാണുള്ളത്. ഇവര്‍ക്ക് ക്യാമ്പസിനകത്തു താമസസൗകര്യം ഏര്‍പ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പുതുതായി നിര്‍മ്മിച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കടലാസ് രഹിത രജിസ്‌ട്രേഷനാണ് ഉള്ളത്. ഇന്‍-ബില്‍ഡ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ എല്ലാ ഡേറ്റയും രേഖപ്പെടുത്തുന്നു.എന്‍സിഐ കാമ്പസിലേക്ക് യാത്രാസൗകര്യമേര്‍പ്പെടുത്താന്‍ എയിംസ് അധികൃതരും ആരോഗ്യ മന്ത്രാലയവും മതിയായ ബസ് സര്‍വീസ് നടത്തുന്നതിന് ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആദ്യഘട്ട കാന്‍സര്‍ കണ്ടെത്തുന്നതിനും ചികില്‍സിക്കുന്നതിനുമുള്ള പ്രത്യേക കാന്‍സര്‍ ഗവേഷണത്തിലാണ് എന്‍സിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Categories: FK News