ഏറ്റവും കൂടുതല്‍ മാംസഭക്ഷണം കഴിക്കുന്നവര്‍

ഏറ്റവും കൂടുതല്‍ മാംസഭക്ഷണം കഴിക്കുന്നവര്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ മാംസം ഉപഭോക്താക്കള്‍ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളാണ്. എന്നാല്‍ കുറച്ചു കാലമായി ഇതിന്റെ അളവ് കുറയ്ക്കുവാന്‍ ആളുകള്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്നു. ആരോഗ്യം, പാരിസ്ഥിതിക ആഘാതം കുറയ്ക്കുക, മൃഗക്ഷേമം തുടങ്ങിയ കാരണങ്ങളാണ് ഈ തീരുമാനത്തിനു കാരണം. മാംസഭക്ഷണം കുറച്ചതായി ബ്രിട്ടനിലെ മൂന്നിലൊന്ന് ജനം അവകാശപ്പെടുന്നുണ്ട്. അമേരിക്കയിലെ മൂന്നില്‍ രണ്ടു ഭാഗവും മാംസാഹാരശീലം കുറച്ചിരിക്കുന്നു. അവര്‍ മാംസരഹിതദിനമായി തിങ്കളാഴ്ച ആചരിക്കുന്നു, പകരം സസ്യാഹാരശീലം വളര്‍ത്തുന്നതാണു നിലവിലെ പ്രവണത. സന്നദ്ധസംഘടനകളും സന്നദ്ധപ്രവര്‍ത്തകരും മാംസാഹാരം കുറയ്ക്കണമെന്ന് ബോധവല്‍ക്കരണം നടത്തുന്നു.

2013 ല്‍ ഏറ്റവും കൂടുതല്‍ മാംസഉപഭോഗം നടത്തിയത് യുഎസ്, ഓസ്‌ട്രേലിയ എന്നിവരായിരുന്നു. ഇറച്ചി ലഭ്യതയും ജനങ്ങളുടെ വാങ്ങല്‍ ശേഷിയും പരസ്പരപൂരകങ്ങളാകുന്നു. ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും വലിയ അളവില്‍ മാംസം ഉപയോഗിക്കുന്നു. കന്നുകാലിവളര്‍ത്തല്‍ വ്യവസായം പുഷ്ടിപ്പെടുന്തോറും മാംസഉപഭോഗവും ജനങ്ങളുടെ ഇടയില്‍ ഉയരുന്നു.
ഒരു ഓസ്‌ട്രേലിയക്കാരന്‍ പ്രതിവര്‍ഷം ശരാശരി 205 പൗണ്ട് മാംസം കഴിക്കുന്നു. തൊട്ടു പിന്നിലുള്ള യുഎസ് പൗരന്‍ ശരാശരി 200 പൗണ്ടിലധികം മാംസമാണ് പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. 189.6 പൗണ്ട് മാംസമാണ് ഇസ്രായേലി പ്രതിവര്‍ഷം ഉപയോഗിക്കുന്നത്.

അര്‍ജന്റീനക്കാരും വലിയ മാംസഉപഭോക്താക്കളാണ്. 2013 ലെ കണക്ക് പ്രകാരം ഓരോ അര്‍ജന്റീനക്കാരനും പ്രതിവര്‍ഷം 186.7 പൗണ്ട് മാംസം ഉപയോഗിക്കുന്നു. ഈ രാജ്യത്തെ പരമ്പരാഗതമായ വിഭവങ്ങളില്‍ ഒരു പ്രധാന ഘടകം മാട്ടിറച്ചിയാണ്. ഉറുഗ്വേയില്‍ ഒരാള്‍ 182.8 പൗണ്ട് മാംസം ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മാംസം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനക്കാരാണ് ബ്രസീല്‍. വര്‍ഷംതോറും ഒരാള്‍ ശരാശരി 172 പൗണ്ട് മാംസം വാങ്ങുന്ന ബ്രസീല്‍ മാംസോപഭോഗത്തില്‍ പക്ഷെ ആറാമതാണ്. ലോകത്തിലെ ഏറ്റവും വലിയ മാട്ടിറച്ചി സംസ്‌ക്കരണശാല ജെബിഎസ് സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. 2012 ല്‍ കമ്പനിയുടെ വരുമാനം 38.7 ബില്ല്യണ്‍ ഡോളറായിരുന്നു.

Comments

comments

Categories: Health
Tags: health, Meetfood