എക്‌സ്‌യുവി 300 ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ച് 400 കിമീ!

എക്‌സ്‌യുവി 300 ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ച് 400 കിമീ!

200 കിലോമീറ്ററാണ് റേഞ്ച് എങ്കിലും 350-400 കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്ന് പവന്‍ ഗോയങ്ക

ന്യൂഡെല്‍ഹി : മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷത്തോടെ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇലക്ട്രിക് കാറിന്റെ ഡ്രൈവിംഗ് റേഞ്ച് സംബന്ധിച്ച വിവരങ്ങള്‍ ആശ്ചര്യം ജനിപ്പിക്കുന്നതാണ്. 200 കിലോമീറ്ററാണ് റേഞ്ച് എങ്കിലും 350-400 കിലോമീറ്ററായി റേഞ്ച് വര്‍ധിപ്പിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു.

എസ്210 എന്ന കോഡ്‌നാമത്തിലാണ് മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക് അണിയറയില്‍ ഒരുങ്ങുന്നത്. സ്റ്റാന്‍ഡേഡ്, ലോംഗ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും. കാറിന്റെ മൊത്തം രൂപകല്‍പ്പനയില്‍ മാറ്റം വരില്ലെങ്കിലും ഇലക്ട്രിക് പതിപ്പിന് വില കൂടുതലായിരിക്കും. മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക് എത്തുന്നതിനുമുന്നേ ഹ്യുണ്ടായ് കോന, ഔഡി ഇ-ട്രോണ്‍ എന്നീ ഇലക്ട്രിക് മോഡലുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര – എല്‍ജി കെം സഹകരണത്തോടെ നിര്‍മ്മിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി എക്‌സ്‌യുവി 300 ഇലക്ട്രിക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ട് എല്‍ജി കെം സവിശേഷ സെല്‍ വികസിപ്പിക്കും.

മഹീന്ദ്ര എക്‌സ്‌യുവി 300 ഈ മാസം 14 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 7.90 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു8 (ഒ) എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍.

Categories: Auto