എല്‍&ടി കമ്പനിക്ക് 7,000 കോടിയുടെ നിര്‍മാണ കരാര്‍

എല്‍&ടി കമ്പനിക്ക് 7,000 കോടിയുടെ നിര്‍മാണ കരാര്‍

ഒരു പ്രധാന വിമാനത്താവളത്തിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവകാശമാണ് കമ്പനി സ്വന്തമാക്കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ ലാര്‍സണ്‍ & ടൂബ്രോ തങ്ങളുടെ അനുബന്ധ കമ്പനിക്ക് ഒരു പ്രധാന വിമാനത്താവളത്തിന്റെ നിര്‍മാണ കരാര്‍ ലഭിച്ചതായി അറിയിച്ചു. ഏത് വിമാനത്താവളത്തിന്റെ നിര്‍മാണ കരാറാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.

കരാറിന്റെ കൃത്യമായ മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മെഗാ പദ്ധതിക്ക് ഏകദേശം 7,000 കോടി രൂപയിലധികം മൂല്യം വരുമെന്ന് എല്‍&ടി പ്രസ്താവനയില്‍ പറയുന്നു. വിമാനത്താവളത്തിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവകാശമാണ് കമ്പനി സ്വന്തമാക്കിയിട്ടുള്ളത്.

വിമാനത്താവളത്തിന്റെ ഡിസൈന്‍, എന്‍ജിനീയറിംഗ്, പ്രൊക്വര്‍മെന്റ്, പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് നിര്‍മാണം, പുതിയ റണ്‍വേ നിര്‍മാണം, റണ്‍വേ പുനര്‍നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ടാക്‌സി പാതകള്‍, വിമാനത്തില്‍ ചരക്ക് കയറ്റുന്ന തറ, റോഡുകള്‍, യൂട്ടിലിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഡ്രെയ്‌നേജ് എന്നിവയുടെ നിര്‍മാണത്തിനുള്ള അവകാശവും കരാറിന്റെ ഭാഗമാണ്.

സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, നിര്‍മാണം, മാനുഫാക്ച്ചറിംഗ്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ. 18 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വരുമാനം.

Comments

comments

Categories: Business & Economy
Tags: L&T Company