ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 5 % വര്‍ധന

ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 5 % വര്‍ധന

2019-20ഓടെ കോള്‍ ഇന്ത്യയുടെഉല്‍പ്പാദനം ഒരു ബില്യണ്‍ ടണ്ണിലേക്കെത്തിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള കല്‍ക്കരി ഇറക്കുമതി നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെയുള്ള കാലയളവില്‍ 5.1 ശതമാനം ഉയര്‍ന്ന് 189.9 മില്യണ്‍ ടണ്ണിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 180.61 മില്യണ്‍ ടണ്ണിന്റെ ഇറക്കുമതിയായിരുന്നു നടന്നിരുന്നത്. എം ജംക്ഷന്‍ സര്‍വീസസ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ടാറ്റാ സ്റ്റീലിന്റെയും സെയ്‌ലിന്റെയും സംയുക്ത സംരംഭമായ എം ജംക്ഷന്‍ ഒരു ബി ടു ബി ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ്. സ്റ്റീലുമായും കല്‍ക്കരിയുമായും ബന്ധപ്പെട്ട ഗവേഷണ റിപ്പോര്‍ട്ടുകളും എം ജംക്ഷന്‍ പുറത്തിറക്കാറുണ്ട്.

ജനുവരിയിലെ മാത്രം കണക്കെടുത്താല്‍ കല്‍ക്കരി ഇറക്കുമതിയില്‍ ഇടിവാണ് ഉണ്ടായത്. 17.25 മില്യണ്‍ ടണ്ണിന്റെ ഇറക്കുമതിയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അത് 19.59 മില്യണ്‍ ടണ്ണായിരുന്നു. താരതമ്യേന മിതമായ ആവശ്യകതയാണ് ചുട്ടെടുത്തതും അല്ലാത്തതുമായ കല്‍ക്കരിയുടെ കാര്യത്തില്‍ ജനുവരിയില്‍ ഉണ്ടായത്. ആഗോള തലത്തില്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായ കുറവും വിലയില്‍ പ്രകടമായ അസ്ഥിരതയും താല്‍ക്കാലികമായി ഇറക്കുമതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യയിലെ വാങ്ങലുകാരെ പ്രേരിപ്പിച്ചുവെന്ന് എം ജംക്ഷന്‍ എംഡിയും സിഇഒയുമായി വിനയ വര്‍മ പറഞ്ഞു.
ചുട്ടെടുക്കാത്ത കല്‍ക്കരിയുടെ സംഭരണം താപ വൈദ്യുതി നിലയങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. 12.35 മില്യണ്‍ ടണ്ണിന്റെ ചുട്ടെടുക്കാത്ത കല്‍ക്കരിയാണ് ജനുവരിയില്‍ ഇറക്കുമതി ചെയ്തത്. 3.53 മില്യണ്‍ ടണിന്റെ ഇറക്കുമതിയാണ് ചുട്ടെടുത്ത കല്‍ക്കരിയുടെ കാര്യത്തില്‍ ഉണ്ടായത്.

ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് പൊതുമേഖലയിലുള്ള കോള്‍ ഇന്ത്യയോട് കേന്ദ്ര കല്‍ക്കരി മന്ത്രി പിയുഷ് ഗോയല്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കല്‍ക്കരിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടണമെന്നാണ് നിര്‍ദേശം. 2019-20ഓടെ കല്‍ക്കരി ഉല്‍പ്പാദനം ഒരു ബില്യണ്‍ ടണ്ണിലേക്കെത്തിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ സമയപരിധി നീട്ടിയേക്കുമെന്നാണ് സൂചന. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് 652 മില്യണ്‍ ടണ്ണിന്റെ ഉല്‍പ്പാദന ലക്ഷ്യമാണ് കേള്‍ ഇന്ത്യക്കുള്ളത്.

Comments

comments

Categories: Business & Economy
Tags: coal import