‘തൊഴിലില്ലാത്ത വളര്‍ച്ചയെന്ന ആരോപണം വസ്തുനിഷ്ഠമായി ശരിയല്ല’

‘തൊഴിലില്ലാത്ത വളര്‍ച്ചയെന്ന ആരോപണം വസ്തുനിഷ്ഠമായി ശരിയല്ല’
  • മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനം വാസ്തവവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖര്‍
  • അസംഘടിതമേഖലയ്ക്കാണ് തൊഴില്‍ വിപണിയിലെ മേധാവിത്വം, കൃത്യമായ കണക്കുകള്‍ ഇല്ല

ന്യൂഡെല്‍ഹി: തൊഴിലില്ലാത്ത വളര്‍ച്ചയാണ് രാജ്യത്തിന്റേതെന്ന മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസി(എന്‍എസ്എസ്ഒ)ന്റെ പക്കലുള്ള ഡാറ്റ ചോര്‍ന്നതിനെ അടിസ്ഥനപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാകും മന്‍മോഹന്‍ സിംഗ് തൊഴിലില്ലാത്ത വളര്‍ച്ചയുടെ രൂക്ഷതയെ കുറിച്ച് പ്രസ്താവിച്ചത്. എന്നാല്‍ മനസിലാക്കേണ്ട കാര്യം എന്‍എസ്എസ്ഒ ഡാറ്റ ഒരു സര്‍വേയാണെന്നാണ്. നോട്ട് അസാധുവാക്കലിനും ജിഎസ്ടിക്കും ശേഷം ഒരു നിശ്ചിത സമയത്ത് നടത്തിയ സര്‍വേ-രാജീവ് പറഞ്ഞു.

ചരിത്രപരമായി തന്നെ സര്‍ക്കാരിന്റെ പക്കല്‍ തൊഴില്‍സംബന്ധിച്ച സമഗ്രമായ ഡാറ്റ ഇല്ല. അനൗപചാരിക, അസംഘടിത മേഖലകള്‍ക്കാണ് തൊഴില്‍ വിപണിയില്‍ മേധാവിത്വം എന്നതിനാലാണത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും കാരണം സമ്പദ് വ്യവസ്ഥയിലുണ്ടായ പരിവര്‍ത്തനത്തിന്റെ ഭാഗമായി അസംഘടിതമേഖലയില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്ന് സര്‍ക്കാരും സമ്മതിച്ചിട്ടുള്ളതാണ്-ബിജെപി എംപി വ്യക്തമാക്കി.

അതേസമയം സൂക്ഷമ, ചെറുകിട, ഇടത്തരം, സംരംഭക മേഖലയുടെയും അസംഘടിത തൊഴില്‍ വിപണിയുടെയും പുനരുജ്ജീവനത്തിനായി 2018ലെ ബജറ്റില്‍ കൈക്കൊണ്ട പദ്ധതികളെ മുഴുവന്‍ പ്രതിഫലിപ്പിക്കാത്തതാണ് എന്‍എസ്എസ്ഒ സര്‍വേയെന്ന കാര്യം നാം അംഗീകരിക്കേണ്ടതുണ്ട്. സിഎസ്ഒ സര്‍വേയെ ആശ്രയിക്കുന്ന മന്‍മോഹന്‍സിംഗിന്റെ നിലപാട് വൈരുദ്ധ്യാത്മകമാണ്. കാരണം ഇത്തരം സര്‍വേകളെ അദ്ദേഹത്തിന്റെ സാമ്പത്തിക ടീമിലുണ്ടായിരുന്ന ഡോ. മൊണ്ടേക് അലുവാലിയയെ പോലുള്ളവര്‍ നേരത്തെ വിമര്‍ശിച്ചിട്ടുള്ളതാണ്-ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ഡെല്‍ഹി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ ബിരുദദാന ചടങ്ങിലായിരുന്നു മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന. ഗുരുതരമായ കാര്‍ഷിക പ്രതിസന്ധി, തൊഴിലവസരങ്ങളിലെ ഇടിവ്, പരിസ്ഥിതിസംബന്ധമായ വിഷയങ്ങള്‍, വിദ്വേഷ ശക്തികളുടെ പ്രവര്‍ത്തനം തുടങ്ങിയവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നായിരുന്നു മന്‍മോഹന്‍സിംഗ് പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ മോദി സര്‍ക്കാരിനെതിരെ പ്രധാനമായും ഉന്നയിക്കുന്ന ആരോപണമാണ് തൊഴിലില്ലാത്ത സാമ്പത്തിക വളര്‍ച്ചയെന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തിനിടെ അടിസ്ഥാനസൗകര്യ മേഖലയിലെ പൊതുചെലവിടല്‍ 10 ലക്ഷം കോടി രൂപയോളമായി മാറിക്കഴിഞ്ഞു. റോഡ്, തുറമുഖം, റെയ്ല്‍വേ എന്നീ മേഖലകളെല്ലാം ഇതില്‍ പെടും. ഇതിന്റെ ഭാഗമായി ഔപചാരിക മേഖലകളില്‍ തൊഴിലവസരങ്ങള്‍ കൂടിയിട്ടുണ്ട്. ഇപിഎഫ്ഒ ഡാറ്റ അത് ശരിവെക്കുകയും ചെയ്യുന്നു-രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാണിച്ചു.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞ 2014ലെ അവസ്ഥയേക്കാള്‍ എന്തുകൊണ്ടും മികച്ച നിലയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്‍മോഹന്‍ സിംഗ് ബാക്കിവെച്ചിട്ടുപോയ തകര്‍ന്ന സമ്പദ് വ്യവസ്ഥ സാവധാനം പുനരുജ്ജീവിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ഉയര്‍ന്ന വളര്‍ച്ചയിലേക്കുള്ള സുസ്ഥിരപാതയിലാണ് നാം. ഇലക്ഷന്‍ സമയമായതിനാല്‍ തന്നെ എന്‍എസ്എസ്ഒ സര്‍വേ ഡാറ്റ പലരും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഉപയോഗപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. അതാണ് മന്‍മോഹന്‍സിംഗിന്റെ കാര്യത്തിലും സംഭവിച്ചത്-രാജീവ് വ്യക്തമാക്കി.

Categories: FK News