സ്വര്‍ണ ഇറക്കുമതി ചെലവ് 5% കുറഞ്ഞു

സ്വര്‍ണ ഇറക്കുമതി ചെലവ് 5% കുറഞ്ഞു

ലോക വിപണികളില്‍ സ്വര്‍ണത്തിന് വില കുറയുന്നതാണ് ഇറക്കുമതി ചെലവ് ചുരുങ്ങാനുള്ള കാരണമായി വിപണി വിദഗ്ധര്‍ പറയുന്നത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ചെലവില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തി. 26.93 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇക്കാലയളവില്‍ രാജ്യം ഇറക്കുമതി ചെയ്തത്. 2017-2018 സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 28.23 ബില്യണ്‍ ഡോളറിന്റെ മഞ്ഞ ലോഹമാണ് രാജ്യം ഇറക്കുമതി ചെയ്തതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വര്‍ണ ഇറക്കുമതി ചെലവിലുണ്ടായ കുറവ് ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മിയില്‍ നേരിയ സ്വാധീനം ചെലുത്തുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിരീക്ഷണം. ലോക വിപണികളില്‍ സ്വര്‍ണത്തിന് വില കുറയുന്നതാണ് ഇറക്കുമതി ചെലവ് ചുരുങ്ങാനുള്ള കാരണമായി വിപണി വിദഗ്ധര്‍ പറയുന്നത്. ഒക്‌റ്റോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മൂന്ന് മാസങ്ങളിലും ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ 38.16 ശതമാനം വര്‍ധനയാണ് ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായത്. 2.31 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം കഴിഞ്ഞ മാസം രാജ്യം ഇറക്കുമതി ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജുവല്‍റി വ്യവസായത്തില്‍ നിന്നുള്ള ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് രാജ്യം സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങളുടെയും ജുവല്‍റികളുടെയും കയറ്റുമതിയിലും നാല് ശതമാനം ഇടിവുണ്ടായിട്ടുണ്ട്. 32.9 ബില്യണ്‍ ഡോളറിന്റെ രത്‌നങ്ങളും ആഭരണങ്ങളുമാണ് രജ്യം കയറ്റി അയച്ചത്. ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ അളവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22.43 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 955.16 ടണ്‍ സ്വര്‍ണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. 2016-2017 സാമ്പത്തിക വര്‍ഷം 780.14 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്.

സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന് നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇന്ത്യ-കൊറിയ സൗജന്യ വ്യാപാര കരാറിനുകീഴില്‍ സ്വര്‍ണ ഇറക്കുമതിക്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കിയതുള്‍പ്പെടെയുള്ള നടപടികളാണ് ഇന്ത്യ ഏറ്റെടുത്തത്. സ്വര്‍ണ ഇറക്കുമതിക്ക് പത്ത് ശതമാനം തീരുവയും രാജ്യം ചുമത്തി. കറന്റ് എക്കൗണ്ട് കമ്മി ഉയരുന്നതു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമായ കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.9 ശതമാനമായി വര്‍ധിച്ചിരുന്നു. മുന്‍ വര്‍ഷം സമാന കാലയളവില്‍ സിഎഡി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.1 ശതമാനമായിരുന്നു. ഉയര്‍ന്ന വ്യാപാര കമ്മിയാണ് സിഎഡി ഉയരാന്‍ കാരണമായത്.

Categories: FK News
Tags: Gold Import

Related Articles