തീരുവ വര്‍ധന പാക് സിമെന്റ്, ഫല ഇറക്കുമതിയെ ബാധിച്ചു

തീരുവ വര്‍ധന പാക് സിമെന്റ്, ഫല ഇറക്കുമതിയെ ബാധിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം കസ്റ്റംസ് തീരുവയാണ് ഇന്ത്യ ചുമത്തിയിരിക്കുന്നത്

ന്യൂഡെല്‍ഹി: ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച ഇന്ത്യന്‍ നടപടി പഴവര്‍ഗങ്ങള്‍, സിമെന്റ് ഉള്‍പ്പെടെ പത്ത് പ്രധാന പാക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ ബാധിച്ചതായി വിദഗ്ധര്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം കസ്റ്റംസ് തീരുവയാണ് ഇന്ത്യ ചുമത്തിയത്. ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിന് സമാനമായ സാഹചര്യമാണ് ഇത് സംജാതമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ നടപടി പാക്കിസ്ഥാനിലെ കയറ്റുമതി കമ്പനികളെ കാര്യമായി ബാധിച്ചതായും വാണിജ്യരംഗത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്കാവുമെന്നും ജെഎന്‍യു പ്രൊഫസര്‍ ബിശ്വജിത് ധര്‍ പറഞ്ഞു. ഇന്ത്യന്‍ തീരുമാനം പാക്കിസ്ഥാനില്‍ നിര്‍ണായകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്റ്റര്‍ ജനറല്‍ അജയ് സഹായ് അഭിപ്രായപ്പെട്ടു.

പഴവര്‍ഗങ്ങള്‍, സിമെന്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ധാതുക്കള്‍, ലെതര്‍, രാസവസ്തുക്കള്‍, അസംസ്‌കൃത പരുത്തിയും പരുത്തി തുണിയും, ഗ്ലാസ്, സ്ഫടിക സാധനങ്ങള്‍ എന്നിവയാണ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പത്ത് പ്രധാന ഉല്‍പ്പന്നങ്ങള്‍. ഇന്ത്യയിലേക്കുള്ള പാക് കയറ്റുമതിയില്‍ ഏകദേശം 95 ശതമാനമാണ് ഇവയുടെ വിഹിതം. ഇതില്‍ തന്നെ പഴവര്‍ഗങ്ങളും സിമെന്റുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മൊത്തം കസ്റ്റസ് തീരുവയുടെ 30-35 ശതമാനവും 7.5 ശതമാനവുമാണ് യഥാക്രമം പഴങ്ങളുടെയും സിമന്റിന്റെയും പങ്കാൡം.

അതേസമയം, പാക്കിസ്ഥാനില്‍ നിന്ന് നേരത്തെ തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ ആഭ്യന്തര ഇറക്കുമതിക്കാര്‍ക്ക് തീരുമാനം തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ പാക് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുകയും ചെയ്തു. 2017-18 കാലയളവില്‍ 2.27 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൊത്ത വ്യാപാരം 2017-18 വര്‍ഷം 2.41 ബില്യണ്‍ യുഎസ് ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Categories: Business & Economy, Slider